Categories
kerala

തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനമുണ്ടെന്നു സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന്റെ വിമർശനം

തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനമുണ്ടെന്നും അയാളാണ് എല്ലാകാര്യങ്ങളും നിയന്ത്രിക്കുന്നതെന്നും സിപിഎം ജില്ലാ കമ്മിറ്റി അംഗം. കരമന ഹരിആണ് ഈ ആരോപണം ജില്ലാ കമ്മിറ്റി യോഗത്തിൽ ഉന്നയിച്ചത് എന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. മുതലാളി ആരാണെന്ന് വെളിപ്പെടുത്താൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് ആവശ്യപ്പെട്ടെങ്കിലും ഹരി തയാറായില്ല.

നിയമസഭ സ്പീക്കർ എ എൻ ഷംസീറിനെയും തിരുവനന്തപുരം നഗരസഭ മേയർ ആദ്യ രാജേന്ദ്രനും കമ്മിറ്റിയില്‍ വിമർശിക്കപ്പെട്ടു. മേയർ അഹങ്കാരിയാണെന്നും ആര്യയും കുടുംബവും കെ എസ് ആർ ടി സി ബസ് തടഞ്ഞത് ഗുണ്ടായിസമാണെന്നും അംഗങ്ങള്‍ പറഞ്ഞു. ബസിലെ ക്യാമറയുടെ മെമ്മറി കാർഡ് ലഭിക്കാതിരുന്നത് നന്നായി. അല്ലായിരുന്നെങ്കില്‍ സച്ചിൻ ദേവിന്റെ പ്രകോപനം ജനങ്ങള്‍ കാണുമായിരുന്നു. ഈ പെരുമാറ്റം പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കി. ഇരുവരും പക്വത കാണിച്ചില്ലെന്നും കമ്മിറ്റിയില്‍ വിമർശനമുയർന്നു.

thepoliticaleditor

ഷംസീറിന്റെ ബിസിനസ് ബന്ധങ്ങളെ മുൻനിർത്തിയായിരുന്നു വിമർശനം. അമിത് ഷായുടെ മകനെയും കാറില്‍ കയറ്റി നടക്കുന്ന ആളുമായിട്ടാണ് ഷംസീറിന് ബന്ധം എന്ന് ആരോപണം ഉയർന്നു. പാർട്ടിയുമായി ഒരു ബന്ധവുമില്ലാത്ത അയാളെ പാർട്ടി പ്രവർത്തകർ സമീപിച്ചപ്പോള്‍ ദേശാഭിമാനി പത്രം പോലും എടുക്കാൻ സന്നദ്ധനായില്ല. ഇത്തരമൊരു ആളുമായി ഷംസീറിന് എന്ത് ബന്ധമാണെന്നും ജില്ലാ കമ്മിറ്റിയില്‍ ചോദ്യമുയർന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .

പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ള തർക്കവും യോഗത്തില്‍ ചർച്ചയായി എന്ന് പറയുന്നു . മന്ത്രി ജില്ലയിലെ പാർട്ടിയുടെ നേതാവിനെയും ജനപ്രതിനിധിയെയും കരിനിഴലില്‍ നിർത്തിയെന്ന് വിമർശനമുയർന്നു. വികസന പ്രവർത്തനങ്ങളില്‍ ഉത്തരവാദിത്തപ്പെട്ടവർ വിമർശനമുന്നയിച്ചാല്‍ അദ്ദേഹത്തെ കോണ്‍ട്രാക്ടറുടെ ബിനാമിയാക്കുന്നത് ശരിയാണോയെന്നായിരുന്നുവത്രേ ഒരു അംഗം ഉയർത്തിയ ചോദ്യം.

നേരത്തെ തിരുവനന്തപുരം സിപിഐ ജില്ലാ കൗണ്‍സില്‍ യോഗത്തിലും ഭരണാധികാരികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയും അത് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് സിപിഐ നേതൃത്വം പത്രക്കുറിപ്പിലൂടെ അത് നിഷേധിച്ചു. സിപിഎമ്മിലും ഇപ്പോള്‍ കടുത്ത വിമര്‍ശനം ഉയരുന്നത് ജില്ലയിലെ ഇടതുപക്ഷത്ത് മൊത്തത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് അതിരൂക്ഷമായ അസംതൃപ്തി നിഴലിക്കുന്നു എന്നതിന്റെ സൂചനയാണ്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick