തിരുവനന്തപുരം ആമയിഴഞ്ചാൻ ദുരന്തത്തിൽ പെട്ട തൊഴിലാളിയെ തിരതയുന്നതിനിടയിൽ പരസ്പരം പഴി ചാരി റെയിൽവേയും തിരുവനന്തപുരം കോർപറേഷനും. നഗരമാലിന്യത്തിന്റെ നിറഞ്ഞ കേന്ദ്രമായി ഒഴുകുകയും ഒഴുക്കു തടഞ്ഞ് മാലിന്യം കുന്നുകൂടുകയും ചെയ്തിരിക്കുന്ന ആമയിഴഞ്ചാന്‍ തോടിന്റെ ടണല്‍ റെയില്‍വേയുടെ സ്ഥലത്തു കൂടെ തിരുവനന്തപുരം സ്റ്റേഷനിലെ പാളങ്ങള്‍ക്കടിയിലൂടെയാണ് നീണ്ടു പോകുന്നത്.
തോട് വൃത്തിയാക്കാത്തതിന്റെ ഉത്തരവാദിത്തം നഗരസഭയ്ക്കാണെന്ന് റെയിൽവേയും സ്റ്റേഷനിലെ ഭാഗം വൃത്തിയാക്കേണ്ടത് റെയിൽവേയാണെന്ന് കോർപറേഷനും തർക്കിക്കുന്നു. കരാർ തൊഴിലാളിയായ ജോയിയ്ക്കായി രക്ഷാപ്രവർത്തനം 33 മണിക്കൂർ പിന്നിട്ട ഘട്ടത്തിലാണ് വിഷയത്തിൽ പരസ്പരം പഴിചാരി റെയിൽവേ അസിസ്റ്റന്റ് ഡിവിഷനൽ മാനേജരും കോർപറേഷൻ മേയറും വാഗ്വാദം നടത്തുന്നത് . രാത്രിയായതോടെ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തി. സഹായത്തിനായി നാവികസേനയെ പ്രതീക്ഷിക്കുന്നു. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്ന വിഷയത്തിൽ നഗരസഭയെ കുറ്റപ്പെടുത്തുകയാണ് റെയിൽവേ എഡിഎം എം.ആർ. വിജി. 2015,2018,2022 വർഷങ്ങളിൽ റെയിൽവേ പാളത്തിന് കീഴെയുള്ള തോടിന്റെ ഭാഗം കോർപറേഷനാണ് വൃത്തിയാക്കിയത്. എന്നാൽ 2023-ൽ ഈ പ്രവൃത്തി ചെയ്തത് റെയിൽവേയാണെന്നും എഡിഎം പറയുന്നു. കോർപറേഷനെ നിരവധി തവണ ഓർമിപ്പിച്ചിട്ടും നടപടിയെടുക്കാതായതോടെയാണ് റെയിൽവേ കഴിഞ്ഞ വർഷം തോട് വൃത്തിയാക്കിയത്. ഈ വർഷം കോർപറേഷനോട് തോട് വൃത്തിയാക്കണമെന്ന് അഭ്യർഥിച്ചിരുന്നെങ്കിലും ഇത് നടപ്പാകാതെ വന്നതോടെയാണ് കരാർ കൊടുത്തതെന്നും എഡിഎം വാദിച്ചു. റെയിൽവേയുടെ ഭാഗത്ത് നിന്നുള്ള ഒരു മാലിന്യവും തോട്ടിലേക്ക് ഒഴുക്കുന്നില്ല. സംസ്ഥാന സർക്കാർ പറയുന്ന പോലെ തങ്ങൾ ഒരിക്കലും കോർപറേഷന് അനുമതി നിഷേധിച്ചിട്ടില്ലെന്നും വൃത്തിയാക്കാൻ എത്തിയ കോർപറേഷൻ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിട്ടില്ലെന്നും എഡിഎം വ്യക്തമാക്കി.
എന്നാൽ റെയിൽവേക്കാണ് മുഴുവൻ ഉത്തരവാദത്വം എന്ന് കുറ്റപ്പെടുത്തുകയാണ് മേയർ ആര്യാ രാജേന്ദ്രൻ. തോട് വൃത്തിയാക്കാൻ ആവശ്യപ്പെട്ട് നഗരസഭ ആർക്കും കത്ത് കൊടുത്തിട്ടില്ലെന്ന് മേയർ മാധ്യമങ്ങളോട് പ്രതികരിച്ചു. റെയിൽവേയുടെ ഭാഗത്തെ തോട് വൃത്തിയാക്കേണ്ടത് റെയിൽവേയുടെ ഉത്തരവാദിത്തമാണ്. നിരവധി തവണ ഇത് സംബന്ധിച്ച് റെയിൽവേയ്ക്ക് കുറിപ്പ് കൊടുത്തിട്ടും നടപടിയെടുത്തില്ല. യോഗങ്ങളിൽ ഡിആർഎമ്മോ എഡിആർഎമ്മോ പങ്കെടുക്കാറില്ല – ഇതാണ് മേയർ വിശദീകരിക്കുന്നത്.