കാലടി ശ്രീശങ്കര കോളേജ് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ അശ്ലീല ഫേസ്‌ബുക്ക് പേജുകളിലിട്ട സംഭവത്തിൽ മുൻ വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. കോളേജിലെ എസ്‌എഫ്‌ഐ നേതാവായിരുന്ന രോഹിത്തിനെതിരെയാണ് കാലടി പൊലീസ് കേസെടുത്തത്. കോളേജിൽ പഠിച്ചിരുന്നപ്പോൾ എസ്‌എഫ്‌ഐ ഭാരവാഹിയായിരുന്നു ഇയാളെന്ന് പരാതിക്കാരി പറഞ്ഞു. കോളേജിന് സമീപത്ത് തന്നെയായിരുന്നു ഇയാളുടെ വീടെന്നും പഠിച്ചിറങ്ങിയിട്ടും ഫോട്ടോഗ്രാഫറായ ഇയാൾ കോളേജിലെ പരിപാടികൾക്ക് വന്നിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.
കോളേജിലെ ബിരുദ വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.കോളേജിലെ ഇരുപതോളം വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ ഇയാൾ വിവിധ അശ്ലീല ഗ്രൂപ്പുകളിൽ പങ്കുവച്ചതായാണ് സംശയം. രോഹിത്തിന്റെ രണ്ട് ഫോണുകളും പൊലീസ് കണ്ടെടുത്തു. പ്രതിക്കെതിരെ കേസെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടുവെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.