ഇന്ത്യന്‍ പീനല്‍ കോഡ് പേര് മാറ്റി ഭാരതീയ ന്യായ സംഹിത എന്ന് ഇന്നു മുതല്‍ മാറുമ്പോള്‍ അതില്‍ തങ്ങളുടെ എതിരാളികളെ ഒതുക്കാനുള്ള ചതിക്കുഴികളും നിരപരാധികളെയും ഭരണ കൂടത്തെ വിമര്ശിക്കുന്നവരെയും തടവിലിടാനുള്ള വകുപ്പുകളും ഏറെയുണ്ടെന്ന് വിമര്‍ശനം ഉയരുന്നു. സുപ്രീംകോടതി പോലും നിയമവിരുദ്ധമെന്നു പ്രഖ്യാപിച്ച് റദ്ദാക്കിയ 124-എ എന്ന വകുപ്പ് 152-ാം വകുപ്പായി പുതിയ നിയമത്തില്‍ പുനരവതരിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. രാജ്യദ്രോഹക്കുറ്റം ചുമത്തി 2014 മുതല്‍ നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ നിരവധി പ്രതികാര കേസുകള്‍ എടുത്ത് എതിരാളികളുടെ വായടപ്പിച്ചപ്പോള്‍ അതിനെതിരെ സുപ്രീംകോടതി ശക്തമായി പ്രതികരിക്കുകയും 124-എ റദ്ദാക്കുകയുമായിരുന്നു.
പ്രതിപക്ഷത്തിന് പോലും അഭിപ്രായം പറയാനുള്ള അവസരം നിഷേധിച്ചും പൊതുജനാഭിപ്രായം രേഖപ്പെടുത്താൻ സമയംനൽകാതെയും പാർലമെന്റിൽ പാസാക്കിയതാണ് പുതിയ നിയമങ്ങൾ . നിലവിലുണ്ടായിരുന്ന 1860ലെ ഐപിസി എന്ന ഇന്ത്യൻ ശിക്ഷാനിയമത്തെ ഭേദഗതി ചെയ്താണ് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പാസാക്കിയത്. 1973ലെ ക്രിമിനൽ നടപടി നിയമസംഹിത (സിആർപിസി) ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) യും 1872ലെ ഇന്ത്യൻ തെളിവുനിയമം ഭാരതീയ സാക്ഷ്യ അധിനിയവു (ബിഎസ്‌എ) മായി.
എഫ്ഐആർ ഫയൽ ചെയ്യുന്ന കാര്യത്തിൽ മുതൽ വലിയ അനീതിക്ക് ഇടം കിട്ടുന്ന നിലയാണ് എന്ന വിമർശനം ഉയരുന്നു. ഒരാൾ പരാതിയുമായി പൊലീസ് സ്‌റ്റേഷനിൽ എത്തിയാൽ ഉടനടി എഫ്ഐആർ ഇടണമെന്നാണ് കോടതി നിർദേശം. പുതിയ നിയമത്തിലാകട്ടെ പ്രാഥമിക അന്വേഷണത്തിനുശേഷംമാത്രം എഫ്ഐആർ രജിസ്റ്റർ ചെയ്താൽ മതിയെന്ന വ്യവസ്ഥയുണ്ട്. ഡിജിറ്റൽ തെളിവായ ലാപ്‌ടോപ്, ഫോൺ എന്നിവ പിടിച്ചെടുത്ത് പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നതാണ് പുതിയ നിയമം. സ്വകാര്യതയുടെ ലംഘനത്തിലേക്ക് വലിയ രീതിയിൽ ഇത് എത്തിപ്പിടും.
റദ്ദാക്കപ്പെട്ടിരുന്ന രാജ്യദ്രോഹക്കുറ്റ വകുപ്പിനെക്കാളും ഭീകരമായ വകുപ്പുകളുള്ള 152 വകുപ്പ്
ഇങ്ങനെ നിർവചിക്കുന്നു :- ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുന്ന പ്രവൃത്തി–- ഒരാൾ പറയുന്നതോ രേഖപ്പെടുത്തിയതോ ആയ വാക്കുകളാലോ അടയാളങ്ങളാലോ കാഴ്‌ചയ്‌ക്ക് പ്രകടമാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാലോ അല്ലെങ്കിൽ മറ്റുവിധത്തിലോ ഇന്ത്യയിൽ നിയമപരമായി സ്ഥാപിക്കപ്പെട്ട സർക്കാരിനെതിരായി, കൂറില്ലായ്‌മയെ ഉത്തേജിപ്പിക്കുകയോ, അങ്ങനെ ഉത്തേജിപ്പിക്കാൻ ശ്രമിക്കുകയോ ആ സർക്കാരിനോട് വൈരാഗ്യം തോന്നാനോ വിദ്വേഷിക്കപ്പെടാനോ ഇടയാക്കുകയോ ഇടയാക്കാൻ ശ്രമിക്കുകയോ ചെയ്യുന്നെങ്കിൽ, അയാൾക്ക് ജീവപര്യന്തം തടവുശിക്ഷയോ അല്ലെങ്കിൽ ഏഴുവർഷംവരെ കാലാവധി ആകാവുന്നതുമായ തടവുശിക്ഷ ലഭിക്കാവുന്നതും അയാൾ പിഴശിക്ഷയ്‌ക്ക് വിധേയനാകുന്നതുമാണ്.’’
കരിനിയമമായ യുഎപിഎ നിയമത്തിൽ ഉണ്ടായിരുന്ന ചില രക്ഷാ വകുപ്പുകൾപോലും പുതിയ നിയമത്തിൽ ഇല്ലെന്നത് ഇരയാക്കപ്പെട്ടാൽ പിന്നെ രക്ഷപ്പെടാൻ ആവാത്ത കുരുക്കായി മാറുമെന്ന ആശങ്ക ഉയർത്തുന്നു. യുഎപിഎക്കു കീഴിൽ കേസ് ചാർജ് ചെയ്യുന്നതിന് സർക്കാരിന്റെ അനുമതി ആവശ്യമുണ്ട്. പുതിയ നിയമത്തിൽ അത്തരം അനുമതികളൊന്നും അനിവാര്യമല്ല. പൊലീസ് ശേഖരിച്ച തെളിവുകൾ പരിശോധിച്ച് ചാർജുഷീറ്റ് സമർപ്പിക്കേണ്ടതുണ്ടോയെന്ന് തീരുമാനിക്കേണ്ടത് പൊലീസ് അധികാരികൾ തന്നെയാണ്. പൊലീസിന്റെ അധികാര ദുർവിനിയോഗ സാധ്യത വർധിപ്പിക്കുന്ന ഇത്തരം വ്യവസ്ഥകൾ പുതിയ പോലീസ് നിയമത്തിൽ ഉണ്ട്.