ലോക്‌സഭാ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ആര്‍.എസ്.എസുമായി പ്രധാനമന്ത്രിക്കുള്ള ഭിന്നത പുറത്തുവന്നതിനു പിന്നാലെ പ്രീണനനീക്കങ്ങളുമായി മോദി. ആർഎസ്എസിൻ്റെ പ്രവർത്തനങ്ങളിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നതിനുള്ള നിരോധനം നീക്കം ചെയ്തതായി കഴിഞ്ഞ ആഴ്ച പുറപ്പെടുവിച്ച കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ കോൺഗ്രസ് രംഗത്ത് വന്നു. ബിജെപിയുടെ ഐടി വകുപ്പ് മേധാവി അമിത് മാളവ്യ ഉത്തരവിൻ്റെ സ്‌ക്രീൻഷോട്ട് പങ്കിടുകയും 58 വർഷമായി നിലനിൽക്കുന്ന “ഭരണഘടനാവിരുദ്ധ” നിർദ്ദേശമാണിതെന്ന് പരാമർശിക്കുകയും ചെയ്തു.
ആർഎസ്എസിൻ്റെ പ്രവർത്തനങ്ങളിൽ സർക്കാർ ജീവനക്കാരുടെ പങ്കാളിത്തം സംബന്ധിച്ച് പേഴ്സണൽ, പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻ മന്ത്രാലയം പുറത്തിറക്കിയ ജൂലൈ 9 ലെ ഓഫീസ് മെമ്മോറാണ്ടം കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് സമൂഹ മാധ്യമത്തിൽ പങ്കിട്ടു. ഗാന്ധിജിയുടെ കൊലപാതകത്തെത്തുടർന്ന് 1948 ഫെബ്രുവരിയിൽ സർദാർ പട്ടേൽ ആർഎസ്എസിനെ നിരോധിച്ചിരുന്നുവെന്ന് ഉത്തരവിൻ്റെ ചിത്രം സഹിതമുള്ള പോസ്റ്റിൽ രമേഷ് പറഞ്ഞു. തുടർന്ന് നല്ല നടപടിയുടെ ഉറപ്പിൽ നിരോധനം പിൻവലിച്ചു. ഇതിന് ശേഷവും ആർഎസ്എസ് നാഗ്പൂരിൽ ത്രിവർണ പതാക പറത്തിയിട്ടില്ല. 1966ൽ സർക്കാർ ജീവനക്കാർ ആർഎസ്എസ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് നിരോധനം ഏർപ്പെടുത്തി- രമേശ് പറഞ്ഞു.

“2024 ജൂൺ 4-ന് ശേഷം പ്രധാനമന്ത്രിയും ആർഎസ്എസും തമ്മിലുള്ള ബന്ധം വഷളായി. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്തുപോലും നിലനിന്നിരുന്ന 58 വർഷത്തെ നിരോധനം 2024 ജൂലൈ 9-ന് മോദി നീക്കി.”– അദ്ദേഹം പറഞ്ഞു.
“ബ്യൂറോക്രസിക്ക് ഇപ്പോൾ നിക്കറിലും വരാം.” രമേഷ് ആർഎസ്എസിന്റെ യൂണിഫോം പരാമർശിച്ച് പരിഹസിച്ചു.
ആർഎസ്എസിൻ്റെയും ജമാഅത്തെ ഇസ്ലാമിയുടെയും പ്രവർത്തനങ്ങളുമായി സർക്കാർ ഉദ്യോഗസ്ഥർ കൂട്ടുകൂടുന്നത് നിരോധിച്ചുകൊണ്ടുള്ള 1966 നവംബർ 30ലെ ഉത്തരവിൻ്റെ സ്ക്രീൻഷോട്ടും കോൺഗ്രസ് നേതാവ് പങ്കുവച്ചു.