മലയാളിയായ ഒരു ഡ്രൈവര്‍ക്ക് കേരളത്തില്‍ ഇത്രയധികം രാഷ്ട്രീയ-ഭരണതലത്തില്‍ സ്വാധീനമോ എന്നാണ് കോഴിക്കോട് സ്വദേശി അര്‍ജുന്‍ കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലെ മണ്ണിടിച്ചിലില്‍ ലോറിക്കൊപ്പം അപ്രത്യക്ഷനായപ്പോള്‍ ഉയര്‍ന്ന വലിയ തിരച്ചില്‍ ആവശ്യത്തോട് ആദ്യ ദിനങ്ങളില്‍ കര്‍ണാടക പൊലീസും റവന്യൂ വകുപ്പും സ്വകാര്യമായി പ്രതികരിച്ചത്. മനുഷ്യജീവന് കേരളം നല്‍കുന്ന വിലയും പ്രധാന്യവും ഈ കന്നട ഉദ്യോഗസ്ഥരെ ആശ്ചര്യപ്പെടുത്തിയെങ്കില്‍ അത് കേരളത്തിന്റെ മഹത്വം മാത്രമല്ല, കര്‍ണാടകയില്‍ ഇത്തരം ദുരന്തത്തില്‍പ്പെടുന്നവര്‍ക്ക് കിട്ടാതെ പോകുന്ന മാനുഷിക പരിഗണനകളുടെ മുഖം കൂടി കാണിച്ചു തരുന്നു.
അര്‍ജുനോടൊപ്പം അദ്ദേഹം ഓടിച്ചിരുന്ന ലോറിയും കാണാമറയത്താണെന്ന വാര്‍ത്തയ്ക്കിടയില്‍ വേണ്ടത്ര വെളിച്ചം കിട്ടാത്ത മറ്റു കാര്യങ്ങളും ഉണ്ട്. മലയിടിച്ചലില്‍പ്പെട്ട് നദിയിലേക്കു പോയ രണ്ട് ഇന്ധന ടാങ്കര്‍ ലോറികളില്‍ ഒന്നിനെക്കുറിച്ചും ഇപ്പോഴും വിവരം ഇല്ല. ഒരു ടാങ്കര്‍ ആവട്ടെ അപകടസ്ഥലത്തു നിന്നും ഏഴ് കിലോമീറ്റര്‍ അകലെ ഒഴുകിയെത്തിയ നിലയിലാണ് കണ്ടെത്തിയത്.
മലയിടിഞ്ഞ് പുഴയില്‍ പതിച്ചപ്പോള്‍ ഉണ്ടായ വെള്ളപ്പൊക്കത്തിലും ഉണ്ടായെന്ന് നാട്ടുകാര്‍ പറയുന്ന സ്‌ഫോടനത്തിലും ഭൂമികുലുക്കത്തിലും ഒന്‍പത് നാട്ടുകാരും ഒലിച്ചു പോയിട്ടുണ്ട്. ഇവരില്‍ രണ്ടു സ്ത്രീകളുടെ മൃതദേഹം മാത്രമാണ് ഇതുവരെയായി കണ്ടെത്തിയിട്ടുള്ളത്. ഏഴു പേര്‍ ഇപ്പോഴും മിസ്സിങ് ആണ്. ഒരു സ്ത്രീയുടെ ദേഹം അപകടസ്ഥലത്തു നിന്നും 12 കിലോമീറ്റര്‍ ദൂരെയാണ് ഉണ്ടായിരുന്നത്. വെള്ളപ്പൊക്കത്തില്‍ ആറ് വീടുകളും തകര്‍ന്ന് ഒലിച്ചു പോയിട്ടുണ്ട്.
കേരളം ഏത് സാധാരണക്കാരനായ മനുഷ്യന്റെ ജീവനു പോലും നല്‍കുന്ന പരിഗണന രാജ്യത്തിനു തന്നെ മാതൃകയാകുന്നത് ഷിരൂരില്‍ ദൃശ്യമാകുന്നുണ്ട്. ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളും മാധ്യമങ്ങളും ഒരു ജീവന്റെ കാര്യത്തില്‍ കാട്ടുന്ന ഉല്‍കണ്ഠയും ആകാംക്ഷയും കഴിഞ്ഞ ദിവസങ്ങളില്‍ പ്രകടമായി. എന്നാല്‍ കര്‍ണാടകയിലെ അധികൃതര്‍ക്ക് ഇത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും അപ്പുറമാണ്. അവര്‍ക്കൊക്കെ ഒരു ദുരന്തമുണ്ടായാല്‍ കുറേ പേരെ നഷ്ടപ്പെട്ടാലും അത് ഒരു സാധാരണ സംഭവം പോലെ ഉദാസീനമായി കൈകാര്യം ചെയ്യാനേ തോന്നൂ എന്ന മനോഭാവമാണ് ഷിരൂര്‍ ദുരന്തം നടന്ന ആദ്യ ദിവസങ്ങളിലെ ജീവനായുള്ള തിരിച്ചിലിന് തടസ്സമായതെന്ന് കാണാം.
രക്ഷാപ്രവര്‍ത്തനത്തിന് ഷിരൂരിലെത്തിയ സൈന്യം പോലും മതിയായ ഉപകരണങ്ങള്‍ പോലും എടുക്കാതെയാണ് സ്ഥലത്തെത്തിയതെന്നാണ് വ്യക്തമായത്. ഇതെല്ലാം ഔദ്യോഗിക സംവിധാനം ഷിരൂരിലെ ദുരന്തത്തിന് എന്ത് പരിഗണനയാണ് നല്‍കിയത് എന്നതിന്റെ ചൂണ്ടുപലകയാണ്. സൈന്യത്തിന് ദുരന്തത്തിന്റെ വ്യാപ്തിയും രക്ഷാപ്രവര്‍ത്തനത്തിന്റെ പ്രാധാന്യവും സംബന്ധിച്ച് ഗൗരവമുള്ള ഡിമാന്‍ഡുകള്‍ അധികൃതര്‍ ധരിപ്പിച്ചിരുന്നില്ല എന്നാണോ ഇതെല്ലാം കാണിക്കുന്നത്.-സംശയം ഉയരുന്നു.
കേരളം തങ്ങളെ അപമാനിക്കുന്നു എന്ന തരത്തിലാണ് കന്നടയിലെ പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതെന്നാണ് അര്‍ജുന്റെ ലോറി ഡ്രൈവര്‍ മനാഫ് പറയുന്നത്. കേരളത്തിൽ നിന്ന് ഇനി ആരും ദുരന്ത സ്ഥലത്തേക്ക് വരരുതെന്നും രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് മറ്റുവിവാദങ്ങളിലേക്ക് ആരും പോകരുതെന്നും മനാഫ് പറയുന്നു. മണ്ണിടിയുമ്പോൾ അർജുൻ ചിലപ്പോൾ വണ്ടിക്ക് പുറത്തായിരിക്കും ഉണ്ടാവുകയെന്നും അക്കാര്യത്തിൽ തനിക്ക് നല്ല സംശയമുണ്ടെന്നും മനാഫ് പറയുന്നു.
അർജുനും ലോറിയും കരയിലില്ലെന്ന് ബംഗളൂരുവിലെ സൈനിക ആസ്ഥാനം സ്ഥിരീകരിച്ചു. അർജുനും ലോറിയും ഗംഗാവലി പുഴയിലെ ചെളിക്കും മണ്ണിനുമടിയിൽ ഉണ്ടാകാമെന്നാണ് സൈന്യം നൽകുന്ന സൂചന. ഇന്നലെ ഉച്ചയ്‌ക്ക് 12നാണ് 15 മീറ്റർ ആഴത്തിൽ സിഗ്നൽ ലഭിക്കുന്ന റഡാറെത്തിച്ചത്. തുടർന്ന് എട്ട് മീറ്റർ താഴ്‌ചയിൽ നീളമുള്ള ലോഹവും പാറക്കല്ലുമുണ്ടെന്ന് സിഗ്നൽ കിട്ടി. അർജുന്റെ ലോറിയും മുന്നിലുണ്ടായിരുന്ന കാറുമായിരിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. മൂന്ന് സ്‌പോട്ടുകളിൽ എട്ട് മീറ്ററിലായി മുഴുവൻ മണ്ണും വൈകിട്ട് അഞ്ചോടെ മാറ്റിയിട്ടും ഫലമുണ്ടായില്ല. പിന്നാലെ ഇന്നലത്തെ തെരച്ചിൽ നിറുത്തി. അതേസമയം തീരത്ത് സിഗ്നൽ കണ്ടതിനെ തുടർന്ന് സൈന്യം ഇന്നലെ വൈകിട്ട് നദിയിലും പരിശോധന നടത്തി.