സംഗീത സംവിധായകൻ രമേശ് നാരായണൻ അപമാനിച്ചെന്ന സംഭവത്തിൽ വിദ്വേഷ പ്രചാരണം നിർത്താൻ അഭ്യർത്ഥിച്ച് നടൻ ആസിഫ് അലി . ” എന്നെ പിന്തുണയ്ക്കുന്നത് മറ്റൊരാൾക്ക് എതിരെയുള്ള ഹേറ്റ് കാമ്പയിനായി മാറരുത്. രമേശ് നാരായണൻ അനുഭവിച്ച വിഷമം എനിക്ക് മനസിലാകും. വേദിയിലുണ്ടായ സംഭവങ്ങളുടെ പ്രതിഫലനമാകാം അദ്ദേഹത്തിനൽ നിന്നുണ്ടായത്. സംഭവിച്ചതിൽ എനിക്ക് വിഷമമോ പരാതിയോ ഇല്ല. മതപരമായ തരത്തില്‍ വരെ ഇത് ചര്‍ച്ചയാകുന്ന അവസ്ഥയിലെത്തി. അങ്ങനെയൊന്നും ഇല്ല. ആ നിമിഷത്തിലുണ്ടായ തെറ്റിദ്ധാരണയാണിത്. അദ്ദേഹത്തോട് ഇന്ന് രാവിലെയാണ് സംസാരിച്ചത്. എന്നോട് സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അദ്ദേഹം എന്നോട് മാപ്പ് പറയുന്ന അവസ്ഥയില്‍ കൊണ്ടെത്തിച്ചു. സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ തൊണ്ടയിടറി. അദ്ദേഹത്തെപ്പോലുള്ള ഒരാൾ ക്ഷമ പറയേണ്ടതില്ല”– ആസിഫ് അലി പറഞ്ഞു.
കൊച്ചിയിൽൽ സെന്റ് ആൽബർട്‌സ് കോളേജിൽ നടന്ന സിനിമാ പ്രമോഷന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് പിന്തുണ അറിയിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും കലയ്‌ക്കൊപ്പം കലാകാരന്മാരെയും സ്നേഹിക്കുന്നവരാണ് മലയാളികൾ എന്ന് ഇന്നലെ വ്യക്തമായെന്നും ആസിഫ് അലി പറഞ്ഞു.


എം ടി വാസുദേവൻ നായരുടെ ഒമ്പത് ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള ആന്തോളജി സിനിമയായ ‘മനോരഥങ്ങളു’ടെ ട്രെയിലർ ലോഞ്ചിംഗുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വൈകിട്ട് എറണാകുളം ക്രൗൺപ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിനിടെയായിരുന്നു വിവാദ സംഭവങ്ങൾ അരങ്ങേറിയത്.
ചടങ്ങിൽ കലാകാരന്മാർക്ക് ഉപഹാരങ്ങൾ നൽകിയിരുന്നു. രമേശ് നാരായണന് മെമന്റോ നൽകാൻ സംഘാടകർ നിയോഗിച്ചത് ആസിഫ് അലിയെയാണ്. ആസിഫ് പുഞ്ചിരിച്ചുകൊണ്ട് രമേശ് നാരായണന് മെമന്റോ സമ്മാനിക്കാനെത്തി. അദ്ദേഹത്തിന്റെ മുഖത്ത് ഒന്നുനോക്കുകപോലും ചെയ്യാതെ ഉപഹാരം വാങ്ങിയ രമേശ് സദസിൽ മറ്റൊരിടത്ത് ഇരുന്ന സംവിധായകൻ ജയരാജിനെ ആംഗ്യം കാട്ടി വിളിച്ചുവരുത്തി.
തുടർന്ന് അദ്ദേഹത്തിന്റെ കൈയിൽ ഉപഹാരം കൊടുത്തശേഷം തിരികെ സ്വീകരിച്ചു. ജയരാജിനെ കെട്ടിപ്പിടിച്ച് ഹസ്തദാനം നൽകി.