പിഎസ്‌സി അംഗത്വത്തിന് കോഴ വാങ്ങി എന്ന വിവാദത്തിൽ ആരോപണ വിധേയനായ സിപിഎം നേതാവ് പ്രമോദിന് ഇടനിലയായി ബിജെപി പ്രാദേശിക നേതാക്കളും ഉണ്ടായിരുന്നു എന്ന് സൂചന നൽകി സിപിഎം കേന്ദ്രങ്ങൾ . രണ്ട് പ്രാദേശിക ബിജെപി നേതാക്കൾ വഴിയാണ് ക്രമക്കേടിന് ശ്രമം നടത്തിയതെന്നും പ്രമോദ് കോട്ടൂളി ആദ്യം ചെക്കായും പിന്നീട് അത് തിരികെ നൽകി പണം കൈപ്പറ്റിയെന്നും പാർട്ടി അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഇക്കാര്യങ്ങളെല്ലാം പൂർണമായി ബോദ്ധ്യപ്പെട്ടതുകാെണ്ടാണ് പ്രമോദിനെ പുറത്താക്കാനുള്ള നീക്കം പാർട്ടി സ്വീകരിച്ചതെന്നാണ് അറിയുന്നത്.
എന്നാൽ പിഎസ്‌സിയുമായി ബന്ധപ്പെട്ട ഒരു പരാതിയും പാർട്ടിക്ക് മുന്നിൽ ഇല്ലെന്നും പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതും പാർട്ടി അച്ചടക്കത്തിന് നിരക്കാത്തതുമായ കാര്യങ്ങളാണ് പ്രമോദിനെതിരെ കണ്ടെത്തിയതെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ പറയുന്നത്. ആരോപണത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകാനാണ് പ്രമോദിന്റെ തീരുമാനം. അതിനിടെ ജില്ലാകമ്മിറ്റി അംഗം പ്രേംകുമാറിനെതിരെ പ്രമോദ് രംഗത്തെത്തിയിട്ടുണ്ട്. നിങ്ങളാണ് ചതിയിലെ യഥാർത്ഥ നായകനെന്നായിരുന്നു ജില്ലാ കമ്മിറ്റി അംഗത്തിന്റെ പോസ്റ്റിന് താഴെയുള്ള പ്രമോദിന്റെ കമന്റ്.

“കോഴ വാങ്ങിയിട്ടില്ല. നുണപരിശോധനയ്ക്കും തയ്യാർ. തെറ്റുകാരനല്ലെന്ന് അമ്മയെ ബോദ്ധ്യപ്പെടുത്തണം. 22 ലക്ഷം വാങ്ങിയെങ്കിൽ തെളിവ് തരണം. എല്ലാ ഏജൻസികൾക്കും പരാതി നൽകും. സമരം തുടരും”– ഇതാണ് ഇന്നലെ പ്രമോദ് പണം നൽകിയെന്നു പറഞ്ഞ ശ്രീജിത്തിന്റെ വീട്ടിനു മുന്നിൽ നടത്തിയ സമരം നടത്തിയപ്പോൾ പറഞ്ഞത്.