ഒരു കാലത്ത് ബിഹാറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടിക്കുണ്ടായിരുന്ന വലിയ രാഷ്ട്രീയമേധാവിത്വം പില്‍ക്കാലത്ത് പൂര്‍ണമായും നഷ്ടമായപ്പോള്‍ ഏതാനും വര്‍ഷമായി ആ സ്ഥാനത്തേക്ക് തികഞ്ഞ പ്രതീക്ഷയോടെ ഒരു സിപിഐ, സിപിഎം ഇതര കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ സമീപകാല വിജയങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു .
ജനാധിപത്യമാര്‍ഗങ്ങളിലൂടെയുള്ള പ്രവര്‍ത്തനപദ്ധതി അംഗീകരിച്ച നക്‌സലൈറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ടിയായ സി.പി.ഐ.(എം.എല്‍.) ആണ് സമീപകാലത്ത് പാര്‍ലമെന്ററി തലത്തില്‍ മുന്നേറ്റം നടത്തിയിരിക്കുന്നത്. സിപിഎമ്മിനും സിപിഐക്കും ഒപ്പം ഇന്ത്യാസഖ്യത്തിന്റെ ഭാഗമായാണ് സിപിഐ-എം.എല്ലും തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ സഖ്യത്തിന് നേതൃത്വം നല്‍കുന്ന ആര്‍.ജെ.ഡി.യുടെ നയങ്ങളെപ്പോലും തികഞ്ഞ കമ്മ്യൂണിസ്റ്റ് ഉള്‍ക്കാഴ്ചയോടെ വിശകലനം ചെയ്യാനും വിമര്‍ശിക്കാനും പാര്‍ടി മടി കാണിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലെ ഇന്ത്യസഖ്യത്തിന്റെ പ്രകടനത്തെ ബാധിച്ചത് ടിക്കറ്റ് വിതരണത്തിൽ ഉൾപ്പെടെ ചില പിഴവുകൾ വരുത്തിയതായി സിപിഐ(എംഎൽ) ജനറൽ സെക്രട്ടറി ദിപാങ്കർ ഭട്ടാചാര്യ തുറന്ന് വിമർശിച്ചിരിക്കയാണ്.
2020-ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച സി.പി.ഐ (എം.എൽ) ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകൾ നേടി വീണ്ടും തിരഞ്ഞെടുപ്പ് പ്രാഗത്ഭ്യം തെളിയിച്ചിരുന്നു . കേന്ദ്രമന്ത്രിയും സിറ്റിംഗ് എംപിയുമായ ആർകെ സിങ്ങിനെ പരാജയപ്പെടുത്തി സിപിഐ (എംഎൽ) സ്ഥാനാർത്ഥി സുദാമ പ്രസാദ് അരാ ലോക്‌സഭാ സീറ്റ് ബിജെപിയിൽ നിന്ന് പിടിച്ചെടുത്തപ്പോൾ, സമീപ എതിരാളിയായ ഭോജ്പുരി നടനും ഗായകനുമായ പവൻ സിംഗിനെ തോൽപ്പിച്ച് കാരക്കാട്ടിലെ പാർട്ടി സ്ഥാനാർത്ഥി രാജാ റാം സിംഗ് വിജയിച്ചു.
2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, പാർട്ടി ശ്രദ്ധേയമായ പ്രകടനം നടത്തി. മത്സരിച്ച 19 സീറ്റുകളിൽ 12 എണ്ണവും നേടി. 1989-ൽ രാമേശ്വർ പ്രസാദ് അരാ യിൽ നിന്ന് വിജയിച്ചപ്പോഴാണ് അവസാനമായി ബിഹാറിൽ നിന്ന് ഒരു സിപിഐ (എംഎൽ) സ്ഥാനാർത്ഥി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അറാ, നളന്ദ, കാരക്കാട്ട് എന്നീ മൂന്ന് സീറ്റുകളിലാണ് സിപിഐ (എംഎൽ) മത്സരിച്ചത്. ഇതിൽ സി.പി.ഐ (എം.എൽ) ബി.ജെ.പിയുമായി നേർക്കുനേർ മത്സരത്തിനാണ് അരാ സാക്ഷ്യം വഹിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യത്തിന് എതിരായ നിലപാടും ഭരണഘടനയ്ക്ക് അനുകൂലമായി തങ്ങൾ എടുത്ത നിലപാടുമാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്ന് സിപിഐ (എംഎൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ പറയുന്നു.