ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിനു തൊട്ടു പിറകെ, തിരുത്തല്‍ പ്രക്രിയയ്ക്കായി അഞ്ചുദിവസത്തെ നേതൃസമിതി യോഗം ചേര്‍ന്ന് തീരുമാനമെടുത്തുവെന്ന് പാര്‍ടി തന്നെ പ്രഖ്യാപിച്ചതിനു ശേഷവും സിപിഎമ്മും അതിന്റെ ഉന്നത നേതാക്കളും ചെയ്യുന്ന കാര്യങ്ങള്‍ എന്താണ് തങ്ങളെ നേരിടുന്ന മര്‍മ്മപ്രധാനമായ പ്രശ്‌നങ്ങള്‍ എന്ന് അവര്‍ ഉദാരമനസ്സോടെ ഉള്‍ക്കൊണ്ടിട്ടില്ല എന്നതിന് നല്ല തെളിവാണ്.
ഈ ലേഖകന്‍ സിപിഎമ്മിനു പുറത്തുള്ള ധാരാളം സാധാരണ മനുഷ്യരുമായി സംസാരിച്ചപ്പോള്‍ ലഭിച്ച ഏറ്റവും വലിയ ഫീഡ്ബാക്ക് ഇതാണ്- തങ്ങള്‍ പറയുന്നത് പഴയതുപോലെ ജനങ്ങള്‍ ഇപ്പോള്‍ വിശ്വസിക്കുന്നില്ല എന്നതും സത്യമെന്ന മട്ടില്‍ പറയുന്നതെല്ലാം കാപട്യമാണെന്ന് ജനം തിരിച്ചറിയുന്നു എന്നതുമാണ് സിപിഎമ്മിന്റെ വോട്ട് ചോര്‍ച്ചയ്ക്കും നേതാക്കളോടുള്ള കടുത്ത അരിശത്തിനും മടുപ്പിനും കാരണവുമായിരിക്കുന്നത്. സമീപ കാലത്തെ രണ്ടുദാഹരണങ്ങള്‍ പലരും പ്രത്യേകം എടുത്തു പറഞ്ഞു. ഇത് രണ്ടും തിരഞ്ഞെടുപ്പിനു ശേഷം നടന്നതായതിനാല്‍ വോട്ടെടുപ്പിനെ അവ സ്വാധീനിച്ചിരിക്കാനിടയില്ല. എന്നാല്‍ സമാനമോ അതിലേറെ വിവാദപരമോ ആയ കാര്യങ്ങളില്‍ ജനം സര്‍ക്കാരിന് തിരിച്ചടി നല്‍കിയെന്ന് വ്യകതവുമാണ്.
ജനങ്ങള്‍ പറഞ്ഞ ഒരു കാര്യം, എക്‌സൈസ് നയവുമായി ബന്ധപ്പെട്ടതാണ്. എക്‌സൈസ് നയത്തെപ്പറ്റി ചര്‍ച്ചയേ നടന്നിട്ടില്ല, എന്നിട്ടല്ലേ അനിമോന്റെ പണപ്പിരിവ് അഭ്യര്‍ഥനയില്‍ സത്യമുണ്ടാവാന്‍ സാധ്യത എന്ന് മന്ത്രിിമാരും സിപിഎം നേതാക്കളും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. പക്ഷേ സാമാന്യ ജനം ഇത് വിശ്വസിച്ചിട്ടില്ല. കാരണം സര്‍ക്കാര്‍ പറയുന്നതിന് കടകവിരുദ്ധമായ വസ്തുതകള്‍ പല സ്രോതസ്സുകളിലൂടെ പുറത്തു വന്നത് ജനത്തിന് ഇപ്പോള്‍ എളുപ്പത്തില്‍ അറിയാനാവുന്നു. സര്‍ക്കാരിനെ അവര്‍ പൊടിക്കു പോലും വിശ്വസിക്കുന്നില്ല.
രണ്ടാമത്തെ കാര്യം ടി.പി. കേസ് പ്രതികളുടെ ശിക്ഷാ ഇളവ് സംബന്ധിച്ചാണ്. ഇങ്ങനെ ഒരു കാര്യം സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് വോതോരാതെ സിപിഎം നേതാക്കളും മന്ത്രിമാരും പറയുന്നു. പക്ഷേ ജയില്‍വകുപ്പും സര്‍ക്കാരിലെ ബന്ധപ്പെട്ട ഉന്നതരും അറിഞ്ഞു കൊണ്ടുതന്നെയാണ് ഇതെല്ലാം നടമാടിയിരിക്കുന്നത് എന്ന് ജനം ശക്തിയായി വിശ്വസിക്കുന്നു. ഇതിനാധാരമായ ഒരു പാട് വസ്തുതകള്‍ പല സ്രോതസ്സുകളിലൂടെയും ലോകത്തിന് ലഭിക്കുന്നു. മന്ത്രിമാര്‍ പറയു്ന്നത് ജനം വിശ്വസിക്കുന്നില്ല.
തങ്ങള്‍ ഒളിച്ചുകളിക്കുകയാണെന്നും സുതാര്യതയില്ലെന്നും വിനയാകുമ്പോള്‍ മാത്രം വീണിടത്തു കിടന്ന് ഉരുളുകയാണെന്നും പാര്‍ടിയുടെ അനുഭാവികള്‍ പോലും വിശ്വസിക്കുന്ന ലോകത്ത് പാര്‍ടി നേതൃത്വത്തിന്റെ മേല്‍ വലിയ അവിശ്വസവും പരിഹാസവും സമൂഹം ചൊരിയുന്നു. ഇത് മനസ്സിലാക്കാന്‍ ഇടതുപക്ഷം തയ്യാറല്ല എന്നതാണ് കാതലായ കാര്യം. നിരവധി സംഭവങ്ങള്‍ ഇതുപോലുള്ളത് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായത് പൊതുവേ ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച് അതിനു നേതൃത്വം നല്‍കുന്ന സിപിഎമ്മിന്റെ വാക്കുകളുടെ വിശ്വാസ്യതയില്‍ വലിയൊരിടിവ് കേരളത്തിലുണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട്.
നിലാവുണ്ടെന്നു വെച്ച് പുലരും വരെ മോഷ്ടിക്കരുത് എന്ന ഒരു ചൊല്ലുണ്ട്. അധികാരം ഉണ്ടെന്നു വിചാരിച്ച് തങ്ങള്‍ക്കിഷ്ടമുള്ളത് എന്തും ചെയ്യും എന്നൊരു പദ്ധതി വര്‍ഷങ്ങളായി ഇടതു പക്ഷത്തുണ്ട്. ഒരു ദുരന്തമാണ് ഒരു നേതാവിനെ സൃഷ്ടിക്കുന്നത് എന്ന് പറയാറുണ്ട്. നിപയും കൊവിഡും പ്രളയവും എല്ലാം ചേര്‍ന്ന് പിണറായി വിജയന്‍ എന്ന കരുത്തനായ ഭരണാധിപനെ സൃഷ്ടിച്ചു എന്നു പറയുന്നവര്‍ മറന്നു പോകുന്ന ഒരു കാര്യമുണ്ട്- ഒരു പ്രത്യേക കാലത്ത് ചെയ്ത സേവനം പറഞ്ഞ് അതിദീര്‍ഘകാലം സെന്റിമെന്റ്‌സ റീ-ക്രിയേറ്റ് ചെയ്യാന്‍ സാധ്യമല്ല. കാരണം മനുഷ്യന്‍ ഒരു കാലാവസ്ഥയില്‍ നിന്നും മോചിക്കപ്പെട്ടു കഴിഞ്ഞാല്‍ അത് മറക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഇനിയും പ്രളയവും കൊവിഡും പറഞ്ഞ് ഒരു വോട്ടു പോലും നേടിയെടുക്കാന്‍ ഒരാള്‍ക്കും കഴിയില്ല എന്നതാണ് സത്യം. എന്നാല്‍ ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എക്കാലത്തെയും വോട്ടിനുള്ള ഒസ്യത്താണെന്ന് ഇവിടുത്തെ ഒട്ടേറെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും വിശ്വസിച്ചുവരുന്നുണ്ട്.
അതിനാല്‍ ആനുകൂല്യങ്ങള്‍ കിട്ടാത്തതിനാലാണ് ആളുകള്‍ തിരിഞ്ഞു കുത്തിയത് എന്ന് വിലപിക്കുന്നതിനപ്പുറം ചില കാര്യങ്ങളുണ്ടെന്ന് മനസ്സിലാക്കണം. തങ്ങളെ മനുഷ്യര്‍ എത്രത്തോളം സുതാര്യമായി കാണുന്നു, സര്‍ക്കാര്‍ എത്രമാത്രം സത്യസന്ധമാണ്, അത് സമൂഹത്തിന്റെ നീതിയുമായി എത്രമാത്രം ചേര്‍ന്നു നില്‍ക്കുന്നുണ്ട് എന്നിവയെല്ലാം ജനത്തിന്റെ വിലയിരുത്തലില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. ഈ യാഥാര്‍ഥ്യം ഇടതുപക്ഷ നിരീക്ഷകരും ബുദ്ധിജീവികളും മനസ്സിലാക്കിയിട്ടുണ്ടോ എന്നറിയില്ല. പക്ഷേ ഉറപ്പാണ്, ഇപ്പോഴും സിപിഎം നേതാക്കള്‍ ഇത് സര്‍വ്വാത്മനാ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. അവര്‍ ഒന്നും തിരുത്തിയിട്ടില്ല, തിരുത്താനിരിക്കുന്നവയില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഉണ്ടാവുമോ എന്ന് അറിയണമെങ്കില്‍ ഇനിയും കാത്തിരിക്കാം.