യുജിസി നെറ്റ് ചോദ്യപേപ്പർ ചോർച്ച കേസ് അന്വേഷിക്കുന്ന ഡൽഹിയിൽ നിന്നുള്ള സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) സംഘം ബീഹാറിലെ കാസിയദീനിൽ എത്തിയപ്പോൾ വ്യാജ ഉദ്യോഗസ്ഥരാണെന്ന് കരുതി ഒരു സംഘം ഗ്രാമവാസികൾ ആക്രമിക്കുകയും വാഹനത്തിൻ്റെ ചില്ല് തകർക്കുകയും ചെയ്തു. യുജിസി നെറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ ഉൾപ്പെട്ട ചില പ്രതികളുടെ സെൽഫോണുകളുടെ ലൊക്കേഷൻ അടിസ്ഥാനമാക്കി സിബിഐ സംഘം ഗ്രാമത്തിൽ എത്തിയതായിരുന്നു.
സംഭവത്തിൽ പോലീസ് കേസെടുത്ത് നാല് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

യുജിസി നെറ്റ് പരീക്ഷാ ചോദ്യ ചോർച്ച കേസിൻ്റെ അന്വേഷണത്തിനായി ഡൽഹിയിൽ നിന്നുള്ള ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലുള്ള നാലംഗ സിബിഐ സംഘം ശനിയാഴ്ച നവാഡ ജില്ലയിലെ രജൗലിയിൽ എത്തിയിരുന്നു. സെൽഫോൺ നമ്പറുകളുടെ ലൊക്കേഷൻ അടിസ്ഥാനമാക്കി കേസിൽ ഉൾപ്പെട്ട ചില പ്രതികളെ തേടി സിബിഐ സംഘം ഗ്രാമത്തിൽ എത്തി. ലോക്കൽ പോലീസിനെ അറിയിക്കാതെയാണ് അവർ ഗ്രാമത്തിലെത്തിയത്. വ്യാജ സി.ബി.ഐ ഉദ്യോഗസ്ഥരെന്ന് കരുതിയാണത്രെ ഗ്രാമവാസികൾ സിബിഐ സംഘത്തെ ആക്രമിച്ചത് . സി.ബി.ഐ ഉദ്യോഗസ്ഥരെ ആക്രമിച്ച വിവരം ലഭിച്ചപ്പോൾ രജൗലി പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ രാജേഷ് കുമാർ സ്ഥലത്തെത്തി ഗ്രാമവാസികളെ സമാധാനിപ്പിച്ചു. തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായി .