ഇന്ന് പെയ്ത കനത്ത മഴയിൽ തൃശ്ശൂർ നഗരത്തിൽ അപ്രതീക്ഷിതമായി വലിയ വെള്ളപ്പൊക്കം. വടക്കേ സ്റ്റാൻഡിന് സമീപം റോഡുകൾ വെള്ളത്തിലായതോടെ വലിയ രീതിയിലുള്ള ഗതാഗത കുരുക്കാണ് നഗരത്തിൽ ഉണ്ടായത്. വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളിൽ വീടുകളിലേക്കും വെള്ളം കയറിയിട്ടുണ്ട്.
വരും മണിക്കൂറുകളിലും തൃശ്ശൂരിൽ അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ തുടരുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.
യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളിൽ ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. കേരള തീരത്തിന് അരികെയായിനിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ ഫലമായാണ് മഴ തുടരുന്നത്.