ബീഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിൽ ഞായറാഴ്ച നിർമ്മാണത്തിലിരിക്കുന്ന മറ്റൊരു പാലം കൂടി തകർന്നു. ചൊവ്വാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്ത് ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണിത്. മോത്തിഹാരിയിൽ നടന്ന സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല.
“ഗൗരവമുള്ള വിഷയമാണ്, വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാരായി കണ്ടെത്തുന്നവർക്കെതിരെ ഞങ്ങൾ കർശന നടപടിയെടുക്കും. ”–ബീഹാറിലെ റൂറൽ വർക്ക്സ് ഡിപ്പാർട്ട്‌മെൻ്റ് അഡീഷണൽ ചീഫ് സെക്രട്ടറി ദീപക് കുമാർ സിംഗ് പിടിഐയോട് പറഞ്ഞു. ജില്ലാ ഭരണകൂടം ഇതിനകം തന്നെ മുതിർന്ന ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ട്. അവർ സ്ഥലത്തെത്തിയിട്ടുണ്ട്. വിശദമായ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.”– സിംഗ് കൂട്ടിച്ചേർത്തു.
സംഭവത്തിൻ്റെ കൃത്യമായ കാരണം കണ്ടെത്തി വരികയാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് സൗരഭ് ജോർവാളും പറഞ്ഞു. പാലത്തിൻ്റെ ചില തൂണുകൾ നിർമിക്കുന്നതിനോട് ഒരു വിഭാഗം നാട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചതായി ഞങ്ങൾക്ക് റിപ്പോർട്ടുണ്ട്. ഇക്കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.”– ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.
1.5 കോടി രൂപ ചെലവിൽ നിർമിക്കുന്ന 16 മീറ്റർ നീളമുള്ള പാലം മോത്തിഹാരിയുടെ ഘോരസഹൻ ബ്ലോക്കിലെ അംവ ഗ്രാമത്തെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതായിരുന്നു .ഒരു കനാലിന് മുകളിലൂടെയാണ് പാലം നിർമിക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ ആർഡബ്ല്യുഡി ആണ് നിർമാണം.
കഴിഞ്ഞ ദിവസം സിവാൻ ജില്ലയിൽ കനാലിന് മുകളിൽ പുതുതായി നിർമിച്ച പാലം തകർന്നിരുന്നു. സമീപ മാസങ്ങളിൽ, നദികൾക്കും മറ്റ് ജലാശയങ്ങൾക്കും മുകളിൽ നിർമ്മിച്ച ചെറുതും വലുതുമായ പാലങ്ങൾ തകർന്ന നിരവധി അപകടങ്ങൾ ബീഹാറിൽ ഉണ്ടായിട്ടുണ്ട്. അത്തരത്തിലുള്ള ഒരു സംഭവവും ആളപായത്തിന് ഇടയാക്കിയില്ലെങ്കിലും പൊതുമരാമത്തിൻ്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയരാൻ ഇത് ഇടയാക്കിയിട്ടുണ്ട് .