കോഴിക്കോട് പന്തീരാങ്കാവിലെ പ്രമാദമായ സ്ത്രീധന പീഡനക്കേസിൽ ഇരയായ യുവതിയുടെ അവിശ്വസനീയമായ തിരിച്ചു പോക്ക്. പരാതി വ്യാജമാണെന്നും തന്നെ ആരും തല്ലിയിട്ടില്ലെന്നും ആരോപണങ്ങളിൽ കുറ്റബോധമുണ്ടെന്നും യുവതിയുടെ വെളിപ്പെടുത്തൽ സംഭവത്തെ ആകെ പുകമറയിലാക്കിയിരിക്കുന്നു. പീഡനം ഉള്ളതോ ഇല്ലാത്തതോ എന്ന കാര്യത്തിൽ ഒരു പിടിയും കിട്ടാത്ത അവസ്ഥയാണ് ഇതോടെ ഉണ്ടാകുന്നത്. പുതിയ വെളിപ്പെടുത്തലിനു പിന്നിൽ ഗൂഢ ലക്‌ഷ്യം ഉണ്ടോ അതോ നിർബന്ധിച്ചു ചെയ്യിച്ചതാണോ എന്നതും അജ്ഞാതമാണ്.

പരാതിക്കാരി രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ക്ഷമാപണം നടത്തി. നീമ ഹരിദാസ് എന്ന യൂട്യൂബ് പ്രൊഫൈൽ വഴി പങ്കുവെച്ച വീഡിയോയിലൂടെയാണ് യുവതി മൊഴി മാറ്റിയത്. കേസിലെ പ്രതിയും യുവതിയുടെ ഭർത്താവുമായ രാഹുലിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാൾ ഇന്ത്യ വിട്ടിരുന്നു. രാഹുലിനെ നാട്ടിലെത്തിക്കാൻ സിബിഐ ശ്രമിക്കുന്നതിനിടയിലാണ് തീർത്തും എതിർ ദിശയിലുള്ള ഈ വീഡിയോ വെളിപ്പെടുത്തൽ.

“പൊലീസിന് മുൻപിലും മാധ്യമങ്ങളോടും നുണ പറയേണ്ടി വന്നു. എന്നെ അത്രയേറെ സ്നേഹിച്ച രാഹുലേട്ടനെ കുറിച്ച് മോശമായി പറഞ്ഞത് ചെയ്യാൻ പാടില്ലാത്ത തെറ്റായിരുന്നു. കുടുംബത്തോട് ഇതിനൊന്നും താത്പര്യമില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ അവരുടെ ഭാഗത്ത് നിന്ന് പിന്തുണ കിട്ടിയില്ല. അതുകൊണ്ട് തെറ്റായ ആരോപണങ്ങൾ രാഹുലേട്ടന്റെ തലയിൽ വച്ചുകൊടുത്തു. സ്ത്രീധനത്തിന്റെ പേരിലാണ് മര്‍ദ്ദിച്ചതെന്നും ബെൽറ്റ് കൊണ്ടടക്കം മര്‍ദ്ദിച്ചുവെന്നും ചാര്‍ജര്‍ കേബിൾ വച്ച് കഴുത്ത് മുറുക്കിയതുമെല്ലാം തെറ്റായ ആരോപണങ്ങളാണ്. അന്ന് ആരും എന്നെ സപ്പോര്‍ട്ട് ചെയ്തില്ല. ആരുടെ കൂടെ നിൽക്കണം, എന്ത് പറയണം എന്നൊന്നും എനിക്ക് മനസിലായില്ല. അന്ന് എന്നെ കുടുംബം ഒരുപാട് ബ്രെയ്ൻ വാഷ് ചെയ്തു. വീട്ടുകാര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോഴാണ് മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് ആവശ്യമില്ലാത്ത നുണകൾ പറഞ്ഞത്. ഞാനിന്ന് രാഹുലേട്ടനെ മിസ്സ് ചെയ്യുന്നുണ്ട്. കല്യാണത്തിന് മുൻപ് തന്നെ നേരത്തെ രജിസ്റ്റര്‍ വിവാഹം ചെയ്ത കാര്യം രാഹുലേട്ടൻ പറഞ്ഞിരുന്നു. ഞാനാണ് വീട്ടുകാരോട് ഇക്കാര്യം പറയേണ്ടെന്ന് പറഞ്ഞത്.”– യുവതി പറയുന്നു.
എന്നാൽ മകൾ മൊഴി മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി അച്ഛൻ രംഗത്തെത്തി. പുതിയ വീഡിയോയിലുള്ളത് മകളെ ഭീഷണിപ്പെടുത്തി പറയിച്ചതാണ്. മകളെ കാണാനില്ല. പൊലീസിൽ പരാതി നൽകും. മകളെ ഇന്നലെ മുതൽ ഫോണിൽ കിട്ടുന്നില്ല. തിങ്കളാഴ്ച മുതൽ ജോലിക്ക് പോയെന്ന് അറിയിച്ചെങ്കിലും അവിടെ എത്തിയിരുന്നില്ല. മകളെ രാഹുൽ അടിച്ചത് വാസ്തവമാണ്. അതിനു തെളിവുകൾ ഉണ്ട്. ബെൽറ്റ് കൊണ്ട് അടിച്ചത് ഡോക്ടർ സാക്ഷ്യപ്പെടുത്തിയതാണ്. ഇതിന് ഫോറെൻസിക് തെളിവുകളും ഉണ്ടെന്നും അച്ഛൻ പറയുന്നു.