സിപിഎമ്മില്‍ നിന്നും ഒഴിവാക്കപ്പെട്ട മുന്‍ ഡിവൈഎഫ്‌ഐ നേതാവ് മനു തോമസിന് ഭീഷണിസ്വരത്തില്‍ മറുപടി നല്‍കി ആകാശ് തില്ലങ്കേരി രംഗത്തു വന്നു. പാര്‍ടിക്കെതിരെ എന്തും വിളിച്ചു പറയാന്‍ പറ്റില്ലെന്നും അത് ബോധ്യപ്പെടാന്‍ വലിയ സമയം വേണ്ടെന്നും കൂടെ നില്‍ക്കുന്നവര്‍ക്കും മാധ്യമങ്ങള്‍ക്കും രക്ഷിക്കാന്‍ സാധിച്ചെന്നു വരില്ലെന്നും ആണ് മനുവിന് ആകാശ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. പാര്‍ടിയുടെ കാവലാള്‍ എന്ന രീതിയിലാണ് ഈ പ്രതിരോധം എങ്കിലും അതില്‍ ശാരീരിക ആക്രമണത്തിന്റെ ഒരു ധ്വനിയുള്ളതിനാല്‍ ് ഇതിന് മറുപടിയുമായി മനു തോമസും ഫേസ് ബുക്കില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചു. സിപിഎമ്മിനെ വിവാദക്കുരുക്കിലാക്കിയ ഷുഹൈബ് വധക്കേസിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി.
മനു തോമസും സിപിഎം നേതാവ് പി.ജയരാജനും കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പരസ്പരം ഏറ്റുമുട്ടിയിരുന്നു. പി.ജയരാജനെതിരെ മനുതോമസ് ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്. ഇതിന് ഉടന്‍ തന്നെ മനു തോമസും പ്രതികരിച്ചതോടെ കണ്ണൂര്‍ ജില്ലയില്‍ ഒരിടവേളയ്ക്കു ശേഷം ക്വട്ടേഷന്‍ സംഘ ബന്ധം വീണ്ടും സജീവ ചര്‍ച്ചയായി മാറിയിരിക്കയാണ്. ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് ഭീഷണിക്കെതിരെ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജ്ജ് മനുതോമസിനെ പിന്തുണച്ച് രംഗത്തു വന്നു.
ആകാശിനു മറുപടിയായി മനു തോമസിന്റെ ഫേസ്ബുക് പോസ്റ്റ്:
ശ്രി. പി.ജയരാജനെ അദ്ദേഹത്തിൻ്റെ തന്നെ എനിക്കെതിരായ തെറ്റിദ്ധാരണജനകമായ FB പോസ്റ്റിനെ ആധാരമാക്കി ഒരു സംവാദത്തിന് ക്ഷണിച്ചപ്പോൾ കൊലവിളി- ഭീഷണിയുമായി വന്നത് ക്വട്ടേഷൻ സ്വർണ്ണം പൊട്ടിക്കൽ മാഫിയ സംഘത്തിൻ്റെ തലവൻമാർ ആണെന്നത് ആശ്ചര്യപ്പെടുത്തുന്നില്ല.
കണ്ണൂരിലെ സംഘടനെയെ സംരക്ഷിക്കാൻ അധികം സമയം വേണ്ട എന്ന ഭീഷണിയിൽ നിന്നും…അക്കാര്യം നിങ്ങളെ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന്- പറയണ്ട ബാധ്യത CPIMൻ്റെ നേതൃത്വത്തിനാണ് അതവർ പറയട്ടെ.
കൊലവിളി നടത്തിയ സംഘതലവൻമാരോട്
നിങ്ങൾ പറയുന്ന ഈ പ്രതിരോധമുണ്ടല്ലോ.. അത് ആർക്ക് വേണ്ടി എന്തിനൊക്കെ നടത്തിയതാണെന്ന് കൃത്യമായ ബോധ്യമുണ്ട് ‘
കൂടുതൽ പറയിപ്പിക്കരുത് ..
ഒഞ്ചിയവും – എടയന്നൂരും ഉൾപ്പെടെ നടന്നത്- വിപ്ലവമായിരുന്നില്ല
വൈകൃതമായിരുന്നു.
ജനിച്ചാൽ ഒരിക്കൽ മരിക്കണം അത്
നട്ടെല്ല് നിവർത്തി നിന്ന് സമരം ചെയ്യുന്നതിനിടെ ആയിരിക്കണം ഒറ്റക്കായാലും സംഘടനയിൽ നിന്ന് ആയാലും
ആരാൻ്റെ കണ്ണീരും സ്വപ്നവും
തകർത്ത് കിട്ടുന്ന സന്തോഷത്ത്തിലൊ ക്വട്ടേഷൻ മാഫിയ സ്വർണ്ണപ്പണത്തിൻ്റെ തിളക്കത്തിലൊ..ഡിവൈൻ കമ്മ്യൂണിസ്റ്റ് ഫാൻസ് പരിവേഷത്തിലോ അഭിരമിക്കുന്നവർക്ക് അത് അറിയണമെന്നില്ല ..
കൊല്ലാനാവും.. പക്ഷെ നാളെയുടെ
നാവുകൾ
നിശബ്ദമായിരിക്കില്ല
അതുകൊണ്ട് തെല്ലും ഭയവുമില്ല.. വ്യാജ സൈന്യങ്ങളെ….