കേരളത്തിന്റെ മുൻ ഫുട്‌ബോൾ താരവും ടീമിന്റെ പരിശീലകനുമായിരുന്ന ടി കെ ചാത്തുണ്ണി അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധിതനായിരുന്നു.
തൃശൂർ ജില്ലയിലെ ചാലക്കുടി സ്വദേശിയായ ചാത്തുണ്ണി നാല് പതിറ്റാണ്ടോളം കളിക്കളത്തിൽ സജീവമായിരുന്നു. മോഹൻ ബഗാൻ, എഫ് സി കൊച്ചിൻ, ഡെംപോ ഗോവ തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. സന്തോഷ് ട്രോഫിയിൽ കേരളത്തിനായും ഗോവയ്ക്കായും കളിച്ചിട്ടുണ്ട്. ഐ എം വിജയൻ, ജോ പോൾ അഞ്ചേരി അടക്കം നിരവധി പ്രശസ്തരെ പരിശീലിപ്പിച്ചുണ്ട്.
കളിക്കാരൻ എന്ന നിലയിൽ ഒന്നര പതിറ്റാണ്ട് കാലം കളത്തിലുണ്ടായിരുന്നു. ‘ഫുട്‌ബോൾ മൈ സോൾ’ എന്ന പേരിൽ ആത്മകഥ എഴുതിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം മൃതദേഹം ചാലക്കുടിയിലെ വീട്ടിലേയ്ക്ക് കൊണ്ട് വരും. സംസ്കാരം നാളെ.