ക്വട്ടേഷന്‍ സംഘങ്ങളുമായി സിപിഎം യുവനേതൃത്വത്തിനുള്ള ബന്ധം സംബന്ധിച്ച് പരാതിയുയര്‍ത്തിയിട്ടും അവഗണിച്ചതില്‍ മനം മടുത്തുവെന്ന് പ്രതികരിച്ച് സിപിഎം പ്രവര്‍ത്തനം അവസാനിപ്പിച്ച മുന്‍ നേതാവ് മനുതോമസുമായി ഏറ്റുമുട്ടലിന് മുതിര്‍ന്ന നേതാവ് പി.ജയരാജന്‍ തയ്യാറായത് പുതിയ ചര്‍ച്ചയായി. ഫേസ്ബുക്കില്‍ മനുതോമസിനെതിരെ രൂക്ഷമായി പ്രതികരിച്ച പി.ജെ.യ്ക്ക് ടണ്‍കണക്കിന് ഊക്കുള്ള മറുപടിയുമായാണ് മനു എത്തിയത്. ഇത് കൂടുതല്‍ രഹസ്യങ്ങളിലേക്ക് തുറക്കുന്ന വാതിലുകളായി മാറുകയാണോ എന്ന ഉല്‍കണ്ഠ സിപിഎം അണികളിലും ഉയര്‍ന്നിരിക്കുന്നു.

പാര്‍ടിയല്ല, മനു തോമസാണ് തിരുത്തേണ്ടതെന്ന് പി.ജയരാജന്‍ ഫേസ്ബുക്കില്‍ എഴുതിയതിനാണ് മനുവിന്റെ ഊക്കന്‍ പ്രതികരണം പി.ജയരാജന് ലഭിച്ചത്. പരസ്യ സംവാദത്തിനും തയ്യാറാണെന്ന് മനു സമൂഹമാധ്യമത്തിലൂടെ തന്നെ മറുപടി നല്‍കി. സിപിഎമ്മില്‍ പുതിയ ഗ്രൂപ്പുണ്ടാക്കാന്‍ നോക്കിയെന്നും മകന്‍ നാട്ടിലും മറുനാട്ടിലും ബിസിനസ് കെട്ടിപ്പടുക്കാന്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായം തേടിയെന്നും ക്വാറി മുതലാളിക്കു പിന്തുണ നല്‍കാന്‍ വേണ്ടി മലയോരത്ത് പാര്‍ടിയുടെ ഏരിയ സെക്രട്ടറിയെ വരെ ഉണ്ടാക്കിയെടുത്തു എന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് മനുതോമസ് ഉന്നയിച്ചിരിക്കുന്നത്.

മനു തോമസിന്റെ കുറിപ്പ് :
പണിയെടുത്ത് തിന്നുന്നതാണ് എനിക്കിഷ്ടം മനു തോമസ്
ശ്രി. പി.ജയരാജൻ ..
താങ്കൾ തന്നെ സോഷ്യൽ മീഡിയയിലൂടെ ഒരു സംവാദത്തിന് തുടക്കമിട്ട സ്ഥിതിക്ക്
മാധ്യമങ്ങളിലൂടെ പാർട്ടിയെ കൊത്തി വലിക്കാൻ അവസരമൊരുക്കുകയാണ് താങ്കൾ’ ചെയ്യുന്നത്.
ഉന്നത പദവിയിലിരുന്ന് പാർട്ടിയെ പലവട്ടം ഇതുപോലെ പ്രതിസന്ധിയിൽ ആക്കിയ’ ആളാണ് താങ്കൾ..ഓർമ്മയുണ്ടാകുമല്ലോ പലതും.
താങ്കളുടെ’ ഇന്നത്തെ അവസ്ഥ പരമദയനീയവുമാണ്
താങ്കൾ’ സ്വന്തം’ ഫാൻസുകാർക്ക് വേണ്ട കണ്ടൻ്റ് പാർട്ടിയുടെത് എന്ന് തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയതുകൊണ്ട്’ എന്തായാലുംനമ്മുക്കൊരു സംവാദം തുടങ്ങാം ”
ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാർട്ടി ഏരിയ സെക്രട്ടറിമാരെ വരെ സൃഷ്ടിക്കാൻ കഴിയുന്ന താങ്കളുടെ പാടവവും
വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് കെട്ടിപൊക്കിയ ‘കോപ്പി’കച്ചവടങ്ങളും എല്ലാം നമ്മുക്ക്’ പറയാം
ഈയടുത്ത് പാർട്ടിയിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാൻ ചർച്ച നടത്തിയതടക്കം
എല്ലാം ജനങ്ങൾ അറിയട്ടെ
പാർട്ടിക്കറിയാത്ത ജനങ്ങൾക്കറിയാത്ത
ഒന്നും എനിക്ക് മറച്ചുവയ്ക്കാനില്ല താങ്കൾക്ക് എന്തെങ്കിലും എന്നെ കുറിച്ച് പറയാനുണ്ടെങ്കിൽ പറഞ്ഞോ….”
പണിയെടുത്ത് തിന്നുന്നതാണ് എനിക്കിഷ്ട്ം😀
സ്വാഗതം….”
(ആർമിക്കാർക്ക് കമൻ്റ് ബോക്സ് തുറന്നു കൊടുത്തിട്ടില്ല.
സംവാദത്തിന്’ ഫാൻസുകാരെ അല്ല ക്ഷണിച്ചത്. വെറുതെ സമയംകളയണ്ട )
മനു തോമസിന്റെ പരാതി സംസ്ഥാന സെക്രട്ടറിക്കെതിരെയും
മനു തോമസ് തന്റെ പരാതികള്‍ അവഗണിച്ചുവെന്ന ആരോപണം ഉന്നയിച്ചത് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ കൂടിയായിരുന്നു. എന്നാല്‍ ഗോവിന്ദന്‍ ഇക്കാര്യത്തില്‍ ഒന്നും പ്രതികരിച്ചിട്ടില്ല. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജനാണ് ഇതു സംബന്ധിച്ച് പ്രതികരിച്ചത്. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങളുമായി പാര്‍ടിക്ക് ഒരു തരത്തിലും ബന്ധമില്ലെന്ന് ജയരാജന്‍ പ്രസ്താവിച്ചു. സ്വര്‍ണ്ണക്കടത്ത് സംഘങ്ങളെ ആക്രമിച്ച് സ്വര്‍ണവും പണവും കവരുന്ന പൊട്ടിക്കല്‍ സംഘത്തിന് നേതൃത്വം കൊടുത്തുവെന്ന് ആരോപിക്കപ്പെടുന്ന അര്‍ജുന്‍ ആയങ്കിയെ തള്ളിപ്പറഞ്ഞു കൊണ്ടും ജയരാജന്‍ നേരത്തെ രംഗത്തു വന്നിരുന്നു. അര്‍ജുന്‍ ഉള്‍പ്പെട്ട ഒരു സ്വര്‍ണ ക്വട്ടേഷന്‍ ആക്രമണം പിടിക്കപ്പെട്ടപ്പോഴാണ് അര്‍ജുനെ തള്ളിപ്പറഞ്ഞ് വര്‍ഷങ്ങള്‍ക്കു മുമ്പേ ജയരാജന്‍ പത്രസമ്മേളനം നടത്തിയത്. അപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ അര്‍ജ്ജുന്‍ ആയങ്കിയുടെ പാര്‍ടി ബന്ധങ്ങള്‍ പ്രകടമാക്കുന്ന ഫോട്ടോകളും കുറിപ്പുകളും പ്രവഹിച്ചു കൊണ്ടിരുന്നു. അര്‍ജുനുമായി കണ്ണൂര്‍ ജില്ലയിലെ ഒരു യുവനേതാവിന് അവിഹിതമായി ചില ബന്ധങ്ങള്‍ ഉണ്ട് എന്ന് അക്കാലത്തും ആരോപണം ഉയര്‍ന്നിരുന്നെങ്കിലും പിന്നീട് അത് ഒതുങ്ങി. ഈ നേതാവ് പിന്നീട് ജില്ലയില്‍ നിന്നും പ്രവര്‍ത്തനം മാറ്റുകയും ചെയ്തു.

പാര്‍ടി ജില്ലാ സെക്രട്ടറി പറഞ്ഞവസാനിപ്പിച്ച ക്വട്ടേഷന്‍ ബന്ധ ആരോപണത്തില്‍ മനുതോമസ് തൃപ്തനല്ല എന്നതിന് പ്രകടമായ സൂചനയാണ് പിന്നീടുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍. കൂടുതല്‍ പ്രകോപനത്തിനു നില്‍ക്കാതെ നിശ്ശബ്ദത പാലിക്കുകയാണ് സിപിഎം ജില്ലാ നേതൃത്വം. അപ്പോഴാണ് സംസ്ഥാന സമിതി അംഗമായ പി.ജയരാജന്‍ മനുതോമസിനെതിരെ വിമര്‍ശനം കടുപ്പിച്ച് രംഗത്തു വന്നത്. ഇതോടെ മനു തോമസ് തിരിച്ച് ഉന്നയിച്ച കാര്യങ്ങള്‍ സിപിഎമ്മില്‍ അടിത്തട്ടില്‍ വ്യാപകമായ ചര്‍ച്ചയ്ക്ക് വഴിതെളിച്ചിട്ടുണ്ട്. മനു തോമസ് പറഞ്ഞതിലെ വസ്തുതയും വസ്തുതാ വിരുദ്ധതയുണ്ടെങ്കില്‍ അക്കാര്യങ്ങളും ഇനി നേതൃത്വം അണികളോട് വിശദീകരിക്കേണ്ടി വരും എന്നത് അടുത്ത ഉത്തരവാദിത്തമായി വന്നിരിക്കയാണ്- തിരഞ്ഞെടുപ്പു തോല്‍വിയിലെ തെറ്റു തിരുത്തല്‍ ചര്‍ച്ചയ്ക്കിടെ ഇതും സജീവ ചര്‍ച്ചയായി മാറുകയാണ്.

തിരഞ്ഞെടുപ്പു തോല്‍വിയുടെ ആഘാതത്തില്‍ സിപിഎമ്മിന്റെ അടിസ്ഥാന തലങ്ങളില്‍ പ്രവര്‍ത്തകര്‍ ഏറെ നിരാശരും മാസങ്ങളായി ലോക്‌സഭാ തിരഞ്ഞെടുപ്പു ലാക്കാക്കി നടത്തിയ പ്രവര്‍ത്തനത്തിന് ഫലശൂന്യത ഉണ്ടായതില്‍ വളരെ ഖിന്നരുമാണ്. ആ സാഹചര്യത്തിലാണ് വീണ്ടും കൂടുതല്‍ ആരോപണങ്ങള്‍ക്ക് കണ്ണൂര്‍ ജില്ലയിലെ നേതൃത്വം മറുപടി പറയേണ്ടി വന്നിരിക്കുന്നത്.