ജൂലായില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ആര്‍ക്കാണ് ഇടതു മുന്നണി നല്‍കുക എന്നത് കോട്ടയത്തെ കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വലിയ അസ്വസ്ഥത ഉള്ളില്‍ നിറച്ചിരിക്കയാണ്. കോട്ടയത്ത് കേരള കോണ്‍ഗ്രസ് മാണി വിഭാഗം സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ പരാജയപ്പെടുകയും ജോസ് കെ.മാണി രാജ്യസഭാംഗമല്ലാതാവുകയും ചെയ്യുമ്പോള്‍ പാര്‍ലമെന്റില്‍ ഇടതുമുന്നണി ഘടകകക്ഷിയായി മാറിയ കേരള കോണ്‍ഗ്രസിന് പ്രതിനിധി ഇല്ലാതാവുന്നു എന്നതിനപ്പുറം അത് കോട്ടയത്തെ കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ചില ആശങ്കള്‍ നിറയ്ക്കുകയും ചെയ്തു കഴിഞ്ഞതായി സൂചനയുണ്ട്.
ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് സിപിഐക്ക് നല്‍കാമെന്ന ധാരണ ലോക്‌സഭാ തിരഞ്ഞെടുപ്പു സ്ഥാനാര്‍ഥി നിര്‍ണയ സമയത്ത് ഉണ്ടായിരുന്നു. സിപിഐ സീറ്റില്‍ അവകാശവാദം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം മാണി വിഭാഗം കേരള കോണ്‍ഗ്രസിന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പു തോല്‍വി വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കോട്ടയത്തെ തോല്‍വിയില്‍ സിപിഎം അനുഭാവികള്‍ക്ക് പങ്കുണ്ടെന്നാണ് മാണി വിഭാഗം അനുയായികള്‍ സ്വകാര്യമായി പറയുന്നത്. ജോസഫ് വിഭാഗം സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജ്ജ് നേരത്തെ ഇടതുമുന്നണിയിലായിരുന്നതിനാല്‍ ധാരാളം ഇടതു വോട്ടുകള്‍ ഇത്തവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് എന്നാണ് കോട്ടയത്തെ സംസാരം.
ഇടതുമുന്നണിയില്‍ നിന്നും മാണി വിഭാഗത്തെ യു.ഡി.എഫിലേക്ക് എത്തിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വിഭാഗം ഇപ്പോള്‍ കൂടുതല്‍ ശക്തമായിട്ടുണ്ട്. കോട്ടയത്തെ പ്രബലനായ മന്ത്രി വി.എന്‍.വാസവന്‍ തിരഞ്ഞെടുപ്പു കൊട്ടിക്കലാശത്തില്‍ പങ്കെടുത്തില്ല എന്ന വിവാദത്തില്‍ തുടങ്ങിയ ഭിന്നതാ ചര്‍ച്ച ഇപ്പോഴും അടങ്ങിയിട്ടില്ല. ഒപ്പം തോമസ് ചാഴികാടന്‍ തോല്‍ക്കുകയും ചെയ്തതോടെ വിവാദം കൂടുതല്‍ മുറുകിയിരിക്കയാണ്. ജോസ്. കെ മാണിയുടെ യു.ഡി.എഫ്. പ്രവേശനം സംബന്ധിച്ച് യുഡിഎഫ് ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കണ്ണൂരിൽ പറഞ്ഞിരിക്കുന്നത്.
രാജ്യസഭാ സീറ്റ് മാണി വിഭാഗത്തിന് നല്‍കിയാല്‍ ഇടതു മുന്നണി മികച്ച രീതിയില്‍ പരിഗണിച്ചുവെന്ന ആശ്വാസം പാര്‍ടി നേതൃത്വത്തില്‍ ഉണ്ടാവുമെന്ന വിശ്വാസം പ്രബലമാണ്. എന്നാല്‍ സിപിഐ സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറായാലേ ഇത് സാധ്യമാകൂ. രാജ്യസഭാ സീറ്റിന് ഘടകകക്ഷിയായ തങ്ങള്‍ക്കും അവകാശമുണ്ടെന്ന് ആര്‍.ജെ.ഡി. സംസ്ഥാന നേതൃത്വം ഉന്നയിച്ചിട്ടുണ്ട്. ഇത് പക്ഷേ സിപഎം. നേതൃത്വം അംഗീകരിച്ചിട്ടില്ല.