പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന തരത്തിലുളള പ്രചാരണം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കിടയില്‍ ദുസ്വാധീനമുണ്ടാക്കിയെന്നും അത് പലരിലും തെറ്റിദ്ധാരണയുണ്ടാക്കിയത് വോട്ടിങില്‍ പ്രതിഫലിച്ചുവെന്നും സിപിഎം വിലയിരുത്തുന്നതായി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രി ശൈലി മാറ്റുമോ എന്ന ചോദ്യത്തിന് എന്ത് ശൈലിയാണ് മുഖ്യമന്ത്രി മാറ്റേണ്ടത് എന്ന് ഗോവിന്ദന്‍ മറുചോദ്യം ഉയര്‍ത്തി. ആദ്യത്തെ അഞ്ചു വര്‍ഷം ഭരിച്ച ശൈലിക്കു കിട്ടിയ അംഗീകാരമായിട്ടല്ലേ ചരിത്രത്തിലാദ്യമായി തുടര്‍ഭരണം കേരളത്തില്‍ ഒരു മുന്നണിക്ക് കിട്ടിയത് എന്നും ഗോവിന്ദന്‍ ചോദിച്ചു. നാളെ തലക്കെട്ട് നിരത്താനാണ് ഈ ചോദ്യമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശിച്ചു.
നേതാക്കളുടെ പെരുമാറ്റരീതിയായാലും പ്രവര്‍ത്തനമായാലും അതിലെ എല്ലാ പോരായ്മകളും സമഗ്രമായി വിലയിരുത്തി തിരുത്തല്‍ നടത്താനുള്ള എല്ലാ കാര്യങ്ങളും സ്വീകരിച്ചു കഴിഞ്ഞുവെന്ന് ഗോവിന്ദന്‍ പറഞ്ഞു. നേതാക്കളായാലും ശരി, സാധാരണ സഖാക്കളായാലും ശരി തിരുത്തേണ്ടതെല്ലാം തിരുത്തും. അതിനാവശ്യമായ തീരുമാനങ്ങളെല്ലാം പാര്‍ടി എടുത്തതായും സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു.