പ്ലസ് വണ്‍ പ്രവേശനത്തില്‍ മലബാറില്‍ സീറ്റ് ക്ഷാമം ഉണ്ടെന്ന് ഒടുവില്‍ എസ്.എഫ്.ഐ.യും മനസ്സിലാക്കുന്നു. സീറ്റ് ക്ഷാമമില്ലെന്ന് ആവര്‍ത്തിക്കുന്ന വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയെ തളളിക്കൊണ്ട് സമരരംഗത്തേക്ക് സംഘടന കടന്നു വന്നിരിക്കുന്നു. കെ.എസ്.യു.വും സമരരംഗത്തുണ്ട്.
ഇപ്പോള്‍ കോഴിക്കോട്ടും മലപ്പുറത്തും എസ്.എഫ്.ഐ.യും പ്രതിഷേധം നടത്തിക്കഴിഞ്ഞു. അധിക ബാച്ചുകൾ അനുവദിച്ച് പ്രശ്നം പരിഹരിക്കണമെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനുവും ആവശ്യപ്പെട്ടു.

വിദ്യാർത്ഥികൾക്ക് ആവശ്യമായ സീറ്റുകളില്ല എന്നത് യാഥാർത്ഥ്യമാണെന്ന് സാനു വ്യക്തമാക്കി. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നിവേദനം നൽകിയിട്ടുണ്ട്. പരിഹാരമുണ്ടാക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി വി പി സാനു പറഞ്ഞു. ഇഷ്ടമുള്ള കോഴ്സുകൾ പഠിക്കുന്നതിനും മലപ്പുറത്ത് അടക്കം പ്രതിസന്ധി നേരിടുന്നുണ്ടെന്ന് സാനു വ്യക്തമാക്കി.
കോഴിക്കോട്ട് കമ്മീഷണർ ഓഫീസിന് മുന്നിലേക്ക് നടന്ന കെഎസ്‍യു മാർച്ചിൽ വൻ സംഘർഷമുണ്ടായി. എംഎസ്എഫ് മലപ്പുറത്തുനടത്തിയ പ്രതിഷേധ സമരത്തിലും പൊലീസുമായി വാക്കേറ്റം നടന്നു. മലപ്പുറത്തേയും കോഴിക്കോട്ടെയും വിദ്യാഭ്യാസ വകുപ്പ് ഓഫീസുകൾക്ക് മുന്നിലാണ് പ്രതിഷേധ പരിപാടികൾ നടന്നത്.