പത്തനം തിട്ടയില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി മല്‍സരിച്ച അനില്‍ ആന്റണിക്കെതിരെ തിരഞ്ഞെടുപ്പിനു ശേഷവും പരസ്യമായി പ്രതികരിച്ച് ബിജെപി നേതാവ് പി.സി.ജോര്‍ജ്ജ്. മര്യാദയ്ക്ക് മലയാളം പോലും സംസാരിക്കാനാവാത്ത സാഹചര്യമായിരുന്നു അനില്‍ ആന്റണിക്കെന്നാണ് ജോര്‍ജ്ജ് പറഞ്ഞത്. ഒരാളുമായും ബന്ധമില്ലാത്ത ആളായിരുന്നു അനില്‍ എന്നും ജോര്‍ജ്ജ് പൂഞ്ഞാറില്‍ പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ ബിജെപിയില്‍ ചേര്‍ന്ന ജോര്‍ജ്ജ് തന്നെ പത്തനംതിട്ടയില്‍ എന്‍.ഡി.എ. മല്‍സരിപ്പിക്കുമെന്ന് വിചാരിച്ചിരുന്നതായി സൂചനയുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി അനില്‍ ആന്റണി വന്നു. ഇതില്‍ പ്രകോപിതനായ ജോര്‍ജ്ജ് അനിലിനെതിരെ പരസ്യമായി രംഗത്തു വരികയുണ്ടായി. പക്ഷേ ബിജെപി നേതൃത്വം കണ്ണുരുട്ടി അടങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടതോടെ ജോര്‍ജ്ജ് ‘പൂച്ചക്കുട്ടി’യായി. തുടര്‍ന്ന് അനിലിന്റെ വാഴ്ത്തു പാട്ടുകള്‍ പാടുകയും ചെയ്തു. എങ്കിലും അടക്കിപ്പിടിച്ച അസ്വസ്ഥത ജോര്‍ജ്ജിന്റെ പെരുമാററത്തിലെല്ലാം നിഴലിച്ചിരുന്നു എന്ന് രഹസ്യവിമര്‍ശനം ഉണ്ടായിരുന്നു.
“തൃശൂരിലെ ക്രിസ്ത്യൻ സമുദായം മുഴുവൻ ബിജെപി സ്ഥാനാർത്ഥിയായ സുരേഷ് ഗോപിക്ക് വോട്ട് ചെയ്തു. തിരുവനന്തപുരത്ത ലാറ്റിൻ ക്രിസ്ത്യൻ സമൂഹം ഒഴിച്ച് ബാക്കി എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്തു. ക്രിസ്ത്യൻ സമൂഹത്തിനിടയിൽ ബിജെപിക്ക് അനുകൂല തരംഗമുണ്ടായി. എന്നാൽ ആ തരംഗം പൂർണമായും മുതലാക്കാൻ പത്തനംതിട്ടയ്ക്ക് കഴിഞ്ഞില്ല. കാരണം, നമ്മുടെ സ്ഥാനാർത്ഥിയ്ക്ക് വന്ന ഒരു അപാകതയാണ്. ഇനി അതേക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. സംഭവിച്ചുപോയി”.–ജോർജ് പറഞ്ഞു.
പിസി ജോർജ് ബിജെപിയിൽ ചേർന്നിട്ടും പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിൽ എൻഡിഎയ്ക്ക് വോട്ടു കുറഞ്ഞത് ബിജെപിയിൽ ചർച്ചയായിട്ടുണ്ട് എന്നാണ് വാർത്ത . കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ പതിനാലായിരത്തിലേറെ വോട്ടുകളാണ് ഇത്തവണ എൻഡിഎയ്ക്ക് നഷ്ടമായത്. ഇത്തവണ പൂഞ്ഞാറിൽ നിന്ന് എൻഡിഎയ്ക്ക് ലഭിച്ചത് 27,053 വോട്ടാണ്. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പിസി ജോർജിന് 41851 വോട്ടുകൾ ലഭിച്ചിരുന്നു. അതേസമയം മറ്റ് നിയോജക മണ്ഡലങ്ങളിൽ എൻഡിഎയ്ക്ക് വോട്ടുകൾ വർദ്ധിക്കുകയും ചെയ്തു.