ദേവസ്വം വകുപ്പ് നിയുക്ത മന്ത്രി ഒ.ആര്‍.കേളുവില്‍ നിന്നും എടുത്തു മാറ്റിയതില്‍ ജാതി വ്യാഖ്യാനവുമായി ബിജെപി. പട്ടിക ജാതി വര്‍ഗ വികസന വകുപ്പുമന്ത്രിയായി ചുമതലയേല്‍ക്കാനിരിക്കുന്ന കേളുവില്‍ നിന്നും നേരത്തെ കെ.രാധാകൃഷ്ണന്‍ വഹിച്ചിരുന്ന വകുപ്പുകളില്‍ ദേവസ്വം വകുപ്പിന്റെ ചുമതല മന്ത്രി വി.എന്‍.വാസവന് നല്‍കിയതാണ് വിവാദമാക്കുന്നത്. സിപിഎമ്മിന്റെ തമ്പ്രാന്‍ നയമാണ് ഇതിനു കാരണമെന്ന ആരോപണവുമായി ബിജെപി പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ രംഗത്തു വന്നു.
താഴ്ന്ന ജാതിക്കാരനായതിനാലാണ് ദേവസ്വം വകുപ്പ് കേളുവിന് നല്‍കാതിരുന്നതെന്നാണ് സുരേന്ദ്രന്റെ വ്യാഖ്യാനം. എന്നാല്‍ നേരത്തെ കെ.രാധാകൃഷ്ണന് ഈ വകുപ്പ് നല്‍കിയിരുന്നു എന്ന വസ്തുതയുമായി സുരേന്ദ്രന്റെ ആരോപണം യോജിച്ചു പോകുന്നുമില്ല. മന്ത്രിയുടെ പരിചയക്കുറവിന്റെ അടിസ്ഥാനത്തിലാവാം പാര്‍ലമെന്ററി വകുപ്പ് എം.ബി.രാജേഷിനും ദേവസ്വം വകുപ്പ് വാസവനും നല്‍കിയത് എന്നാണ് പൊതുവേ കരുതപ്പെടുന്നത്. ഇതില്‍ സംശയമുനകളുയര്‍ത്തുകയാണ് സുരേന്ദ്രന്‍.
നേരത്തെ വയനാട് ലോക്‌സഭാ സ്ഥാനാര്‍ഥിയായ വേളയില്‍ സുല്‍ത്താന്‍ ബത്തേരി എന്ന പേര് ഗണപതിവട്ടം ആണെന്നും പേര് മാറ്റുമെന്നും പ്രഖ്യാപിച്ച് സുരേന്ദ്രന്‍ അനാവശ്യമായി വര്‍ഗീയ മുതലെടുപ്പിനും ശ്രമിച്ചിരുന്നു. അന്ന് അദ്ദേഹം ഒടുവില്‍ പരിഹാസ്യനായിത്തീരുകയാണുണ്ടായത്.
“കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്ത എല്ലാ വകുപ്പുകളും കേളുവിന് നൽകണം. പട്ടിക വർഗക്കാരോടുള്ള നീതിനിഷേധമാണിത്.”– സുരേന്ദ്രൻ പറഞ്ഞു. സിപിഎമ്മിന്റെ തമ്പ്രാന്‍ മനോഭാവമാണ് ഇതിനു പിന്നിലെന്നാണ് സുരേന്ദ്രന്‍ മാധ്യമങ്ങളുടെ മുന്നില്‍ ആരോപിച്ചത്. എന്നാല്‍ ഇക്കാര്യം ആരും ഏറ്റുപിടിക്കാന്‍ തയ്യാറായില്ല.