1998- ഇന്ത്യയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട എന്‍.ഡി.എ. സര്‍ക്കാരിനെയാണ് ഇപ്പോള്‍ നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ ഓര്‍മിപ്പിക്കുന്നത്. പ്രധാനമന്ത്രിയായി നരേന്ദ്രമോദി തുടരുമ്പോഴും ആര്‍.എസ്.എസ്. ഉദ്ദേശിച്ച അവരുടെ 100- ജന്മവര്‍ഷ പദ്ധതികള്‍ ഇപ്പോള്‍ തട്ടുമ്പുറത്ത് വെക്കുകയേ നിവൃത്തിയുള്ളൂ. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നാം തവണയും എൻഡിഎ സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പായെങ്കിലും ഇത്തവണ ബിജെപിക്ക് ഭൂരിപക്ഷത്തിന് 32 സീറ്റുകൾ കുറവാണ്. ഇത്തരമൊരു സാഹചര്യത്തിൽ അധികാരത്തിൻ്റെ താക്കോൽ ചന്ദ്രബാബു നായിഡുവിൻ്റെ ടിഡിപിയുടെയും നിതീഷ് കുമാറിൻ്റെ ജെഡിയുവിൻ്റെയും കൈകളിൽ എത്തിയിരിക്കുകയാണ്.
കാരണം 16 സീറ്റുള്ള തെലുഗു ദേശത്തിന്റെയും 12 സീറ്റുള്ള ജെ.ഡി.യു.വിന്റെയും അനുമതിയില്ലാതെ സംഘപരിവാറിന് സ്വയം കാര്യങ്ങള്‍ തീരുമാനിക്കാനാവില്ല. സംസ്ഥാനങ്ങളിലെ വോട്ടുബാങ്കുകള്‍ നഷ്ടപ്പെടുത്തുന്ന ഒരു കളിക്കും തെലുഗുദേശവും ജെ.ഡി.യു.വും നില്‍ക്കാന്‍ സാധ്യതയില്ല.
അടുത്ത ദിവസം ഇന്ത്യയില്‍ അധികാരത്തില്‍ വരാന്‍ പോകുന്നത് ബിജെപിയുടെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ സാധിക്കുന്ന സര്‍ക്കാരല്ല എന്നത് ഏറ്റവും അധികം ഗുണം ചെയ്യുക പ്രതിപക്ഷത്തിനായിരിക്കും. ഇനി പഴയതു പോലെ 146 എം.എല്‍.എ.മാരെയൊക്കെ സസ്‌പെന്‍ഡ് ചെയ്ത് സ്വയം നിയമങ്ങള്‍ പാസ്സാക്കാന്‍ ബിജെപിക്ക് സാധിക്കില്ല.
ആഭ്യന്തരം, പ്രതിരോധം, ധനം, വിദേശകാര്യം, റെയിൽവേ, ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിംഗ്, വിദ്യാഭ്യാസം, കൃഷി, റോഡ് ഗതാഗതം, സിവിൽ ഏവിയേഷൻ എന്നിവയാണ് കേന്ദ്ര സർക്കാരിൻ്റെ ഏറ്റവും ശക്തവും സമ്പന്നവുമായ 10 മന്ത്രാലയങ്ങൾ. കേവല ഭൂരിപക്ഷം ഉള്ളതിനാൽ 2019ലും 2014ലും ബിജെപി എല്ലാ പ്രധാന വകുപ്പുകളും നിലനിർത്തി.
റെയിൽവെ-കൃഷി മന്ത്രാലയവുമായി ചേർന്ന് ബിഹാറിന് പ്രത്യേക പാക്കേജ് നൽകാനാണ് ജെഡിയു ഇത്തവണ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം ലോക്‌സഭാ സ്പീക്കർ സ്ഥാനവും മൂന്ന് വലിയ മന്ത്രാലയങ്ങളും പ്രത്യേക പദവിയും വേണമെന്നാണ് ടിഡിപിയുടെ ആവശ്യം.
പ്രതിപക്ഷകക്ഷികള്‍ ഇന്നലെ യോഗം ചേര്‍ന്ന് എടുത്ത തീരുമാനം വെയ്റ്റ് ആന്റ് സീ എന്ന മാതൃകയിലുള്ളതാണ്. ഇതാണ് ഏറ്റവും അപകടകരം. ഏത് നിമിഷവും തങ്ങള്‍ പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുമെന്ന നിശ്ശബ്ദ ഭീഷണി ബിജെപിക്കു നല്‍കാന്‍ തെലുഗു ദേശത്തിനും ജെഡിയുവിനും അവസരമിട്ടുള്ള ഈ പ്രതിപക്ഷതന്ത്രം നരേന്ദേമോദിയുടെ അവശേഷിക്കുന്ന ആര്‍ജ്ജവം കൂടി ഇല്ലാതാക്കിയേക്കാം.
രാമക്ഷേത്രം, ഏക സിവില്‍ കോഡ്, പൗരത്വനിയമം- ഈ മൂന്നെണ്ണം ചേര്‍ത്ത് കൃത്യമായ മുസ്ലീം ടാര്‍ജറ്റിങിലൂടെ ഹിന്ദു വോട്ട് ഏകീകരണം എളുപ്പം സാധ്യമാക്കി ചാര്‍ സൗ പാര്‍ നേടാമെന്നായിരുന്നു മോദിയുടെ കണക്കു കൂട്ടല്‍. ഇത് ആദ്യഘട്ട തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ തന്നെ പാളിയത് മോദി തിരിച്ചറിഞ്ഞപ്പോഴാണ് പരസ്യമായി മുസ്ലീം വിദ്വേഷം പ്രസംഗിച്ച് ഹിന്ദുവോട്ട് നേടാന്‍ ശ്രമിച്ചത്. പക്ഷേ എല്ലാ ഹിന്ദുത്വത്തിനെക്കാളും ഇന്ത്യയില്‍ ഇപ്പോഴുള്ള പ്രതിരോധ ആയുധമായിരുന്നു ദലിത്, പിന്നാക്ക,മുസ്ലീം ഏകീകരണ വോട്ടുകള്‍. ഇത് ലക്ഷ്യം വെച്ച് പ്രതിപക്ഷം പ്രവര്‍ത്തിച്ചതോടെ മോദിയുടെ സ്വപ്‌നം തകരുകയായിരുന്നു. ബി.എസ്.പി.യുടെ തകര്‍ന്നിടിയല്‍ ഇതിന്റെ നല്ലൊരു സൂചനയാണ്. ബിജെപിയുടെ ഇപ്പോഴത്തെ സഖ്യകക്ഷികളെല്ലാം ദലിത്, മുസ്ലീം, പിന്നാക്ക വോട്ടു ബാങ്കില്‍ വിശ്വാസമുള്ളവരാകയാല്‍ സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ട പുറത്തെടുത്താല്‍ അവര്‍ യോജിക്കില്ലെന്നുറപ്പാണ്. പൗരത്വ നിയമം നടപ്പാക്കുന്നു എന്ന് വരുത്താന്‍ ബംഗാള്‍ തിരഞ്ഞെടുപ്പിനിടയില്‍ ബംഗാളില്‍ ആറു പേര്‍ക്ക് പൗ രത്വം നല്‍കി മോദി കളിച്ച കളി പോലും ആ സംസ്ഥാനത്ത് ഏശിയില്ല എന്നത് വിളിച്ചു പറയുന്ന ഒരു സത്യമുണ്ട്- ആര്‍.എസ്.എസിന്റെ തീവ്ര ഹിന്ദുത്വയെ പ്രതിരോധിക്കാന്‍ തക്ക ജനമനസ്സ് ഇപ്പോഴും ഇന്ത്യയില്‍ സജീവമായിരിക്കുന്നു.
ബുധനാഴ്ച എൻഡിഎ ഏകകണ്ഠമായി നരേന്ദ്ര മോദിയെ നേതാവായി തിരഞ്ഞെടുത്തു. ‘മോദിയുടെ നേതൃത്വത്തിൽ എൻഡിഎ തെരഞ്ഞെടുപ്പിൽ പോരാടി വിജയിച്ചതിൽ അഭിമാനിക്കുന്നു’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ പാസാക്കിയ പ്രമേയം.
ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ എന്നിവരുൾപ്പെടെ 14 പാർട്ടികളുടെ 21 നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. നായിഡു, നിതീഷ് എന്നിവരുമായും മോദി പ്രത്യേകം കൂടിക്കാഴ്ച നടത്തി.