ഹിന്ദുത്വ ഏകീകരണത്തിലൂടെ അധികാരത്തുടര്‍ച്ചയില്‍ 400 സീറ്റെന്ന ലക്ഷ്യത്തിനായി പറഞ്ഞു കൂട്ടിയതെല്ലാം തുടക്കത്തിലേ വിഴുങ്ങേണ്ട ഗതികേടിലാണ് നരേന്ദ്രമോദി. സത്യപ്രതിജ്ഞയ്ക്കു മുമ്പേ സഖ്യകക്ഷിയായ തെലുഗുദേശം നല്‍കിയ ആപ്പ് അത്ര വലിയതാണ്. കോണ്‍ഗ്രസിനെ ഹിന്ദുക്കള്‍ക്കെതിരെ തിരിക്കാന്‍ മോദി കഴിഞ്ഞ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ എടുത്തു പയറ്റിയ ആയുധമായിരുന്നു മുസ്ലീംസംവരണം താന്‍ എടുത്തുകകളയും എന്നത്. കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് മതാടിസ്ഥാനത്തില്‍ സംവരണത്തിലൂടെ സ്വത്തെല്ലാം നല്‍കാന്‍ പോകുകയാണ് എന്ന ആരോപണമായിരുന്നു മോദി ഉയര്‍ത്തിയത്.
എന്നാല്‍ ഇപ്പോള്‍ സഖ്യകക്ഷിയായ തെലുഗുദേശ പാര്‍ടി അസന്നിഗ്ധമായി പ്രഖ്യാപിച്ചിരിക്കുന്നത്, മുസ്ലീം സംവരണം തുടരും എന്നും നിയമത്തില്‍ ഒരു മാറ്റവും വരുത്തില്ല എന്നുമാണ്. വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവേ, പാര്‍ടി നേതാവ് രവീന്ദ്രകുമാര്‍ ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു. ആന്ധ്രാപ്രദേശിലെ മുസ്ലീം ക്വാട്ട സംവരണം തന്റെ പാര്‍ടി തുടരുമെന്ന് തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് തെലുഗുദേശം മേധാവി ചന്ദ്രബാബു നായിഡു ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.
“ആരംഭം മുതൽ ഞങ്ങൾ മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണത്തെ പിന്തുണയ്ക്കുന്നു, അത് തുടരും,” മെയ് 5 ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു.
ദലിതുകളുടെയും ആദിവാസികളുടെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും (ഒബിസി) ക്വാട്ട മുസ്ലീങ്ങൾക്ക് മതത്തിൻ്റെ അടിസ്ഥാനത്തിൽ നൽകാൻ അനുവദിക്കില്ലെന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി മോദി പറഞ്ഞതിന് ദിവസങ്ങൾക്ക് ശേഷമാണ് ടിഡിപി മേധാവി ഇക്കാര്യം പറഞ്ഞത്.
ഇപ്പോൾ ഇതേ തെലുഗു ദേശം പാർട്ടിയുടെ പിന്തുണയോടെയാണ് മോദി അധികാരം നിലനിർത്താൻ പോകുന്നത് എന്നത് ഇപ്പോൾ ബിജെപി നേരിടുന്ന ഏറ്റവും വലിയ വൈരുദ്ധ്യമായി മാറുകയാണ്.