കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ എക്‌സിറ്റ് പോളുകളിലെ പ്രവചനം പോലെയല്ല, എന്‍.ഡി.എ. ഇത്തവണ അക്കൗണ്ട് തുറക്കില്ലെന്ന് മനോരമ ന്യൂസ്-വി.എം.ആര്‍. എക്‌സിറ്റ് പോള്‍ ഫലം. എന്നാല്‍ തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപി രണ്ടാം സ്ഥാനത്ത് എത്തും. അതായത് പത്തനംതിട്ടയില്‍ തോമസ് ഐസകും തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനും മൂന്നാം സ്ഥാനത്തേക്ക് പോകും. തൃശ്ശൂരില്‍ രണ്ടാം സ്ഥാനത്ത് ഇടതു മുന്നണി സ്ഥാനാര്‍ഥിയായിരിക്കും. അവിടെ കെ.മുരളീധരനായിരിക്കും ജയിക്കുക.
ആലപ്പുഴയില്‍ കെ.സി.വേണുഗോപാല്‍ ആധികാരിക വിജയം നേടും. ഇതാണ് സിപിഎമ്മിന്റെ ഏക സിറ്റിങ് സീറ്റ്. സിറ്റിങ് എം.പി.യായ ആരിഫ് തന്നെയാണ് സ്ഥാനാര്‍ഥിയും.
യു.ഡി.എഫിന് 16 മുതല്‍ 18 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. ഇടതുമുന്നണിക്ക് രണ്ട് മുതല്‍ നാല് സീറ്റുകള്‍ വരെ കിട്ടും. പാലക്കാടും വടകരയിലുമായിരിക്കും ഇടതുമുന്നണി ജയിക്കുക. എന്നാല്‍ ആലത്തൂരിലും കണ്ണൂരിലും ഇടതു സ്ഥാനാര്‍ഥികള്‍ ഒരു ഫോട്ടോ ഫിനിഷില്‍ വിജയിച്ചേക്കാം. നിലവില്‍ രണ്ടിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും സിപിഎം സ്ഥാനാര്‍ഥികളും തുല്യമായ നിലയിലാണെന്ന് സര്‍വ്വേ ഫലം പറയുന്നു. മാവേലിക്കരയില്‍ അരുണ്‍കുമാര്‍ ചിലപ്പോള്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയെ ഫോട്ടോഫിനിഷില്‍ തോല്‍പിച്ചേക്കാമെന്നും അഭിപ്രായം ഉണ്ട്.