മുതിർന്ന ബിജെപി നേതാവ് ലാൽ കൃഷ്ണ അദ്വാനിയെ ബുധനാഴ്ച രാത്രി ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രവേശിപ്പിച്ചു. 96 കാരനായ മുൻ ഉപപ്രധാനമന്ത്രിയെ എയിംസ് യൂറോളജി വിഭാഗത്തിലെ ഡോക്ടർമാരാണ് ചികിത്സിക്കുന്നത്. അദ്ദേഹത്തിൻ്റെ അസുഖത്തെക്കുറിച്ച് അറിയിപ്പൊന്നും ലഭ്യമായിട്ടില്ല.
ഈ മാസം ആദ്യം, സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച ശേഷം പ്രധാനമന്ത്രി മോദി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ആരോഗ്യ കാരണങ്ങളാൽ വസതിക്കു പുറത്തുള്ള പരിപാടികൾക്കൊന്നും അദ്വാനി ഏറെ കാലമായി പങ്കെടുത്തിരുന്നില്ല. ഈ വർഷം മാർച്ചിൽ രാഷ്ട്രപതി ദ്രൗപതി മുർമു അദ്വാനിക്ക് ഭാരതരത്‌ന നൽകി ആദരിക്കുകയുണ്ടായി. അദ്ദേഹത്തിൻ്റെ വസതിയിൽ വച്ചാണ് ബഹുമതി സമ്മാനിച്ചത്.