എക്സൈസ് നയ കേസിൽ അഴിമതി ആരോപണത്തിൽ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് മൂന്ന് മാസത്തിന് ശേഷം ഡൽഹി കോടതി വ്യാഴാഴ്ച പതിവ് ജാമ്യം അനുവദിച്ചു. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി റൂസ് അവന്യൂ കോടതി അവധിക്കാല ജഡ്ജി നിയയ് ബിന്ദുവിൻ്റെ തീരുമാനം ഇ.ഡി. ക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നിയമയുദ്ധത്തിൻ്റെ സ്വഭാവത്തെ ഇത് മാറ്റിമറിച്ചേക്കാം. വിശദമായ ഉത്തരവ് വെള്ളിയാഴ്ച രാവിലെ പുറത്തുവിടുമെന്ന് ജഡ്ജ് പറഞ്ഞു.
ജാമ്യാപേക്ഷ സ്വീകരിക്കുന്നത് 48 മണിക്കൂർ വൈകിപ്പിക്കണമെന്ന ഇഡി- യുടെ അഭ്യർത്ഥന ജഡ്ജ് നിരസിച്ചു. ഇഡി ഊഹാപോഹങ്ങൾ ആരോപണങ്ങളായി ഉന്നയിക്കുകയാണെന്ന് കേജ്‌രിവാളിന്റെ അഭിഭാഷകൻ വാദിച്ചു . മുഖ്യമന്ത്രിയെന്ന നിലയിൽ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ ജാമ്യം നൽകണമെന്നും കേജ്‌രിവാളിന്റെ അഭിഭാഷകൻ വാദിച്ചു.

കെജ്‌രിവാളിൻ്റെ അഭിഭാഷകന് ബന്ധപ്പെട്ട ജഡ്ജിക്ക് മുമ്പാകെ വെള്ളിയാഴ്ച ജാമ്യത്തിന് അപേക്ഷിക്കാമെന്ന് വ്യക്തമാക്കി. ജാമ്യം അനുവദിച്ച ഉത്തരവിന് സ്റ്റേ ഇല്ലെന്നും ജഡ്ജി കൂട്ടിച്ചേർത്തു.
മാർച്ച് 21ന് രാത്രി ഒമ്പത് മണിയോടെയാണ് ഇഡി അരവിന്ദ് കേജ്‍രിവാളിനെ അറസ്റ്റ് ചെയ്തത്. രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. ഡൽഹി മദ്യനയക്കേസിൽ അറസ്റ്റ് തടയണമെന്ന ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഇഡി സംഘം വാറണ്ടുമായി കേജ്‍രിവാളിന്റെ വീട്ടിലെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധമാണ് ആംആദ്മി സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേജ്‌രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.