മുപ്പത് വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായി പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ.ക്ക് വലിയ പരാജയം. ഇവിടെ കെ.എസ്.യു-എം.എസ്.എഫ്. മുന്നണി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ആദ്യമായാണ് എസ്.എഫ്.ഐ.ക്ക് യൂണിയന്‍ നഷ്ടമാകുന്നത്. 12 സീറ്റുകള്‍ യു.ഡി.എസ്.എഫ്.സഖ്യം നേടിയപ്പോള്‍ മൂന്ന് സീറ്റുകളില്‍ എസ്.എഫ്.ഐ. എതിരില്ലാതെ ജയിച്ചിരുന്നു എന്നത് മാത്രമാണ് ആ സംഘടനയ്ക്കുള്ള ഏക ആശ്വാസം. സ്‌പോര്‍ട്‌സ് ഗെയിംസ് സെക്രട്ടറിയായി എം.ആര്‍.ആദിത്യ കൃഷ്ണന്‍, 2020 ബാച്ച് പ്രതിനിധിയായി അതുല്‍ പി.അരുണ്‍, പിജി ബാച്ച് പ്രതിനിധിയായി ജി.അഖില്‍ എന്നിവരാണ് എസ്.എഫ്.ഐ. പാനലില്‍ എതിരില്ലാതെ ജയിച്ചത്. 1996ലെ ആദ്യ തിരഞ്ഞെടുപ്പ് മുതൽ എല്ലാ തെരഞ്ഞെടുപ്പുകളിലും എസ്എഫ്ഐ വിജയിച്ചുവന്ന കോളേജ് ആണ് ഇത്.
1993-ല്‍ പരിയാരത്ത് സഹകരണമേഖലയില്‍ തുടങ്ങിയ മെഡിക്കല്‍ കോളേജില്‍ എസ്.എഫ്.ഐ. ആണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഇവിടെ തിരഞ്ഞെടുപ്പു തന്നെ ഉണ്ടാവുന്ന സാഹചര്യം ഇല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണത്തെ അട്ടിമറി വിജയം ഇടതു വിദ്യാര്‍ഥി യൂണിയനും അതിന്റെ നിലപാടുകള്‍ക്കും വലിയ തിരിച്ചടിയായിത്തീരുന്നത്.
ചെയര്‍മാന്‍ ആയി മുഹമ്മദ് ഹിഷാം മുനീര്‍, വൈസ്.ചെയര്‍മാനായി ഇ.അമീന്‍, ലേഡ് വൈസ് ചെയര്‍മാനായി സജിത.എസ്, ജനറല്‍ സെക്രട്ടറിയായി ഹുസ്‌നുല്‍ മുനീര്‍, ജോയിന്റ് സെക്രട്ടറിയായി ഫറാസ് ഷരീഫ്, മാഗസിന്‍ എഡിറ്ററായി ഷിബിന്‍ ഫവാസ്, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയായി മൊഹമ്മദ് ജാസിം, യുയുസിമാരായി കെ.വാജിദ് മൊഹമ്മദ് റസല്‍, ബാച്ച് പ്രതിനിധികളായി മൊഹമ്മദ് നവാസ്, മൊഹമ്മദ് ഫവാസ് എന്നിവരാണ് യു.ഡി.എസ്.എഫ്.സഖ്യത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്.
യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യു നേതൃത്വത്തിലുള്ള യുഡിഎസ്എഫ് വിജയിച്ചതിൽ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.മുഹമ്മദ് ഷമ്മാസ് സന്തോഷം പ്രകടിപ്പിച്ചു. കാമ്പസുകളിലുടനീളമുള്ള ഇടതുപക്ഷ തോൽവികളുടെ പ്രവണതയാണ് ഇത്. ഇടതുപക്ഷത്തിൻ്റെ സർവ്വാധിപത്യ കോട്ടകൾ തകരുകയാണ്- മുഹമ്മദ് ഷമ്മാസ് അവകാശപ്പെട്ടു.