ബാബറി മസ്‌ജിദ് പൊളിച്ചുനീക്കൽ, ഗുജറാത്ത് കലാപം എന്നിവ ഒഴിവാക്കിയതിന് പിന്നാലെ പുതിയമാറ്റങ്ങളുമായി എൻസിഇആർടി പന്ത്രണ്ടാം ക്ലാസ് പാഠപുസ്‌തകം. ആസാദ് കാശ്‌മീർ എന്ന പരാമർശം ഒഴിവാക്കിയും ചൈനീസ് ആക്രമണം ഉൾപ്പെടുത്തിയുമാണ് പന്ത്രണ്ടാം ക്ളാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്‌തകത്തിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ‘സമകാലിക ലോക രാഷ്‌ട്രീയം’ എന്ന പുസ്തകത്തിലാണ് ഈ മാറ്റം വരുത്തിയിരിക്കുന്നത്.
പുസ്‌തകത്തിലെ രണ്ടാം അദ്ധ്യായത്തിലുള്ള “എന്നിരുന്നാലും, ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കത്തെ ചൊല്ലിയുള്ള സൈനിക സംഘർഷം ആ പ്രതീക്ഷയെ തകർത്തു” എന്നുള്ള ഭാഗം ഒഴിവാക്കി ‘എന്നിരുന്നാലും, ഇന്ത്യൻ അതിർത്തിയിലെ ചൈനയുടെ ആക്രമണം ആ പ്രതീക്ഷയെ തകർത്തു’- എന്നാണ് മാറ്റിയിരിക്കുന്നത്.
പന്ത്രണ്ടാം ക്ലാസിന്റെ ‘സ്വാതന്ത്ര്യം മുതലുള്ള ഇന്ത്യൻ രാഷ്ട്രീയം’ എന്ന പാഠപുസ്തകത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുസ്‌കത്തിലെ ആസാദ് പാകിസ്ഥാൻ എന്ന പദത്തിനുപകരം പാകിസ്ഥാൻ പിടിച്ചടക്കിയ ജമ്മു കാശ്‌മീർ എന്നാണ് പരാമർശിച്ചിരിക്കുന്നത്.
പാകിസ്ഥാന്‍ അധിനിവേശ ജമ്മു കാശ്മീര്‍ എന്നാണ് ഈ പ്രദേശത്തെ വിളിക്കുന്നത് എന്നാണ് പുതിയ പുസ്തകത്തില്‍ ആഖ്യാനം. ഈ പ്രദേശം ‘നിയമവിരുദ്ധമായി കയ്യേറിയതാണെന്ന് ഇന്ത്യ അവകാശപ്പെടുന്നു’ എന്ന ഭാഗത്തിനു പകരം പാകിസ്ഥാന്റെ ‘അനധികൃതമായ കയ്യേറ്റത്തിനു കീഴെയായ ഇന്ത്യന്‍ പ്രദേശം’ എന്നാണ് പുതിയ ആഖ്യാനം.