സിപിഐ ഇടതുമുന്നണി വിടണമെന്ന് പാര്‍ടിയുടെ ഇടുക്കി ജില്ലാക്കമ്മിറ്റി എക്‌സിക്യൂട്ടീവ് യോഗത്തില്‍ ആവശ്യമുയര്‍ന്നതായി റിപ്പോര്‍ട്ട്. അടുത്തിടെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പാര്‍ടിയുടെ വന്‍ തോല്‍വിയുടെ പശ്ചാത്തലത്തിലാണ് ജില്ലാ നേതാക്കള്‍ രോഷം പ്രകടിപ്പിച്ചത്. ദേശീയ തലത്തില്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി നില്‍ക്കുന്ന ഇടതു കക്ഷിക്ക് എന്തുകൊണ്ട് കേരളത്തില്‍ കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നുകൂടാ എന്നും യോഗത്തില്‍ ചോദ്യമുയര്‍ന്നതായി പറയുന്നു.
നേരത്തേ തിരുവനന്തപുരം സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതി രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി മാറണം എന്നായിരുന്നു ചില നേതാക്കളുടെ വാക്കുകള്‍ എന്ന് വാര്‍ത്ത പുറത്തു വന്നു. പിണറായി വിജയന്റെ ശരീരഭാഷയെ നേതാക്കള്‍ ശക്തിയായി വിമര്‍ശിച്ചുവെന്ന മാധ്യമവാര്‍ത്തകള്‍ വന്നതിനു പിറകെ അത്തരം സംഭവങ്ങള്‍ ഇല്ലാത്തതാണെന്ന് വ്യക്തമാക്കി ജില്ലാ കമ്മിറ്റിയുടെ നിഷേധക്കുറിപ്പും പുറത്തുവരികയുണ്ടായി. എങ്കിലും നേതാക്കള്‍ ഇപ്പോഴും ജില്ലയില്‍ പിണറായിയുടെ ഭരണശൈലിക്കെതിരെ ഒട്ടു പരസ്യമായിത്തന്നെ പാര്‍ടി വൃത്തങ്ങളില്‍ പ്രതികരിക്കുന്നുണ്ട്.
സിപിഐ കൊല്ലം ജില്ലാക്കമ്മിററി യോഗത്തിലും സമാനമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി പറയുന്നു. മുഖ്യമന്ത്രി മാറാതെ ഭരണത്തില്‍ തിരുത്തലാവില്ലെന്ന് തിരുവനന്തപുരത്തെ പപോലെ കൊല്ലത്തും അഭിപ്രായം ഉയര്‍ന്നുവത്രേ. വിഗ്രഹം ഉടച്ചു വാര്‍ത്ത് തല മാറ്റിവെക്കണം എന്ന ആലങ്കാരിക പ്രയോഗമാണ് ഉണ്ടായതെന്ന് പറയുന്നു. മുഖ്യമന്ത്രി മൈക്ക് തട്ടിയെറിയുന്നതിലെ അഹങ്കാരം മുതല്‍ അമേരിക്കന്‍ പ്രസിഡണ്ടിനെ അനുസ്മരിക്കുന്ന സെക്യൂരിറ്റിയുമായി യാത്ര ചെയ്യുന്നതു വരെ വിമര്‍ശന വിധേയമായി. എന്തിനാണ് മുഖ്യമന്ത്രിക്ക് ഇത്ര വലിയ കാര്‍ വ്യൂഹം എന്നും ചോദ്യങ്ങള്‍ ഉയര്‍ന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് ലക്ഷം രൂപയുടെ വേദി എന്തിനാണ് മുഖ്യമന്ത്രിക്ക് പ്രസംഗിക്കാന്‍ എന്ന് ഒരു നേതാവ് ചോദിച്ചുവത്രേ. കേരള കോണ്‍ഗ്രസിന് ലഭിക്കുന്ന അമിത പ്രാധാന്യവും ചോദ്യം ചെയ്യപ്പെട്ടു. ഈ വിമര്‍ശനം മുന്നണിയിലെ രണ്ടാമത്തെ വലിയ പാര്‍ടിയായ സിപിഐക്ക് കേരള കോണ്‍ഗ്രസ് മുന്നണിയിലേക്ക് വന്ന കാലത്തേ ഉള്ളതാണ്. കാനം രാജേന്ദ്രന്‍ ഈ വിമര്‍ശനം മുമ്പ് പരോക്ഷമായി ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ അടുത്ത കാലത്തായി സിപിഐ അച്ചടക്കമുള്ള കൊച്ചുപാര്‍ടിയായി മുന്നണിയില്‍ തുടരുന്ന കാഴ്ചയാണ് കേരളം കാണുന്നത്. പക്ഷേ തിരഞ്ഞെടുപ്പിലെ സമാനതകളില്ലാത്ത തോല്‍വി പാര്‍ടിയെ ഉലച്ചിട്ടുണ്ട്. സിപിഐക്ക് എവിടെയും ജയിക്കാനായില്ല. മികച്ച സാധ്യതയുണ്ടായിരുന്ന തൃശ്ശൂര്‍, മാവേലിക്കര, തിരുവനന്തപുരം എന്നീ മൂന്നിടത്തും വലിയ തിരിച്ചടിയായി. തിരുവനന്തപുരത്ത് ബിജെപിക്കും പിറകില്‍ മൂന്നാമതായിപ്പോയി പാര്‍ടിയുടെ ഏററവും മുതിര്‍ന്ന, ഒരിക്കല്‍ ദേശീയ നേതാവായിരുന്ന പന്ന്യന്‍ രവീന്ദ്രന്‍.