നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷ പേപ്പർ ചോർച്ചയിൽ ആശങ്ക ഉയർത്തി പ്രതിപക്ഷ ഇന്ത്യ ബ്ലോക്ക് വെള്ളിയാഴ്ച പാർലമെൻ്റിൻ്റെ ഇരുസഭകളിലും പ്രതിഷേധിച്ചു. നീറ്റ് വിഷയം ഉന്നയിച്ചപ്പോൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൈക്ക് ഓഫാക്കിയെന്നു കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. “നീറ്റ് പരീക്ഷ പേപ്പർ ചോർന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുകയാണ്. ഞങ്ങൾ ഇത് സഭയിൽ ഉയർത്തിയപ്പോൾ മൈക്ക് സ്വിച്ച് ഓഫ് ചെയ്തു.”– ദീപേന്ദർ സിംഗ് ഹൂഡ പറഞ്ഞു
വിദ്യാർത്ഥികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പ്രതിപക്ഷ എംപിമാരോട് അഭ്യർത്ഥിച്ചു. സർക്കാർ ചർച്ചകൾക്ക് തയ്യാറാണെങ്കിലും പാർലമെൻ്ററി പാരമ്പര്യവും മര്യാദയും നിലനിർത്തേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

“ഞങ്ങൾ ആരെയും വെറുതെ വിടാൻ പോകുന്നില്ല, എൻടിഎയുടെ ചുമതലയുള്ളവരെ ഒഴിവാക്കി, മുതിർന്ന ഉദ്യോഗസ്ഥർക്ക് ചുമതല നൽകി. ഇതെല്ലാം സർക്കാരിൻ്റെ പ്രതിബദ്ധതയുടെ തെളിവാണ്. വിദ്യാർത്ഥികളെ ആശയക്കുഴപ്പത്തിലാക്കരുത്.” –പ്രധാൻ പറഞ്ഞു.
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ച ആദ്യം പരിഗണിക്കണമെന്ന് സ്പീക്കർ ഓം ബിർള ആവശ്യപ്പെട്ടു. എന്നാൽ, വിഷയത്തിൽ ചർച്ചയില്ലാതെ ലോക്‌സഭ ജൂലൈ 1 തിങ്കളാഴ്ച വരെ പിരിഞ്ഞു.