വിവരാവകാശപ്രകാരം ആവശ്യപ്പെട്ടാല്‍ സിസി ടിവി ദൃശ്യവും നല്‍കാന്‍ ബാധ്യതയുണ്ടെന്ന് ഉത്തരാഖണ്ഡ് സംസ്ഥാന വിവരാകാശ കമ്മീഷണറുടെ ഉത്തരവ്. സിസിടിവി ദൃശ്യങ്ങൾ ലഭിക്കുന്നത് വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽ വരുന്നതിനാൽ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയാകുന്നില്ലെങ്കിൽ ഒരു വകുപ്പിനും അത് നിഷേധിക്കാനാവില്ലെന്ന് ഉത്തരാഖണ്ഡ് സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർ യോഗേഷ് ഭട്ട് ഉത്തരവിൽ വ്യക്തമാക്കി.
ഒരു കേസിൽ ഉത്തരവ് നൽകുന്നതിനിടെ, സിസിടിവി ദൃശ്യങ്ങൾ നൽകാത്തതിന് ഹരിദ്വാറിലെ ജില്ലാ സപ്ലൈ ഓഫീസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് ഭട്ട് 25,000 രൂപ പിഴയും ചുമത്തി.
“സി.സി.ടി.വി ദൃശ്യങ്ങൾ ഡിജിറ്റൽ ഫോർമാറ്റിൽ ആക്‌സസ് ചെയ്യാവുന്ന ഒരു ഇലക്ട്രോണിക് റെക്കോർഡാണ്, അതിനാൽ, അത് സംസ്ഥാനത്തിൻ്റെ പരമാധികാരത്തിനോ സുരക്ഷയ്‌ക്കോ വ്യക്തിഗത സുരക്ഷയ്‌ക്കോ ഭീഷണി ഉയർത്തുന്നില്ലെങ്കിൽ അഭ്യർത്ഥന നിരസിക്കാൻ കഴിയില്ല.”– അദ്ദേഹം പറഞ്ഞു.
മെയ് 25 ന് രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ ഹരിദ്വാർ ഓഫീസിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയുടെ റെക്കോർഡിംഗ് റൂർക്കി സ്വദേശി ഉദയ വീർ സിംഗ് ആവശ്യപ്പെട്ടിരുന്നു. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ പൂനം സൈനി വിവരാവകാശ നിയമത്തിലെ സെക്ഷൻ 8(1)(ജി) ഉദ്ധരിച്ച് വിവരം നൽകണമെന്ന് നിർബന്ധമില്ല എന്ന് മറുപടി നൽകി. ഇതിന്മേലുള്ള അപ്പീലിൽ ഉത്തരവ് നൽകിയാണ് സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർ വിശദീകരണം നൽകിയത്.