വലിയ മാധ്യമ ഏജന്‍സികളുടെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ബിജെപിയുടെ അധികാരത്തുടര്‍ച്ചയുടെ കണക്കുകള്‍ അവതരിപ്പിക്കുമ്പോള്‍ ഇന്ത്യയിലെ അധികാര നിര്‍ണയത്തിന്റെ പ്രധാന സീറ്റെണ്ണങ്ങള്‍ നിശ്ചയിക്കുന്ന, 2019-ല്‍ ബിജെപിയുടെ സീറ്റ് കൂട്ടാന്‍ വലിയ തോതില്‍ കാരണമായ ഒരു ഡസനോളം സംസ്ഥാനങ്ങളില്‍ ഇത്തവണ മറ്റൊരു ചിത്രമാണുണ്ടാവുക എന്ന് അതാത് സംസ്ഥാനങ്ങളിലെ ആക്ടീവിസ്റ്റുകളും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെട്ട സംഘത്തിന്റെ വിലയിരുത്തലില്‍ പറയുന്നു.
ഉത്തര്‍ പ്രദേശ് ആണ് ഏറ്റവും വലിയ രാഷ്ട്രീയമാറ്റത്തിന്റെ കേന്ദ്രമായി കണക്കാക്കുന്നത്. കഴിഞ്ഞ തവണ ഇവിടുത്തെ 80 സീറ്റുകളില്‍ 64 എണ്ണവും ബിജെപിസഖ്യത്തിനായിരുന്നു. കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രം. മറ്റ് പാര്‍ടികള്‍ക്കെല്ലാം കൂടി 15 സീറ്റുകള്‍. എന്നാല്‍ ഇത്തവണ വലിയൊരു മാറ്റം ഉണ്ടാവാനിടയുണ്ടെന്നും ഇന്ത്യ സഖ്യം 30 സീറ്റെങ്കിലും നേടുമെന്നുമാണ് വിശ്വാസം. അപ്പോഴും 50 സീറ്റുമായി ബിജെപി സഖ്യം മുന്നില്‍ത്തന്നെയുണ്ടാവും.

കര്‍ണാടകമാണ് വേറൊരു പ്രധാന സംസ്ഥാനം. ഇവിടെ 28 സീറ്റാണ് ഉള്ളത്. ഇതില്‍ 27 എണ്ണവും നിലവില്‍ ബിജെപിയുടെ കയ്യിലാണ്. കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമാണുള്ളത്. ഇതില്‍ മാറ്റം വരുമോ എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ഇത്തവണ 15 സീറ്റ് ഇന്ത്യ സഖ്യം നേടുമെന്ന് അവിടുത്തെ സാമൂഹിക പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. ബിജെപി സഖ്യത്തിന് 13 സീറ്റും കിട്ടും.
കേരളത്തിലെ 20 സീറ്റുകളില്‍ 20-ഉം ഇന്ത്യ സഖ്യത്തിന് കിട്ടുമെന്ന പ്രതീക്ഷയാണ് ഇടതു-വലതു മുന്നണികള്‍ പങ്കുവെക്കുന്നത്. എന്നാല്‍ ഒരു സീറ്റ് ബിജെപി ആദ്യമായി നേടാനിടയുണ്ടെന്നും അഭ്യൂഹമുണ്ട്.
പശ്ചിമ ബംഗാളിലെ 42 സീറ്റുകളില്‍ എന്തു സംഭവിക്കുമെന്ന ചോദ്യം വളരെ പ്രധാനമാണ്. കഴിഞ്ഞ തവണ 18 സീറ്റുകളും ബിജെപിക്കായിരുന്നു. തൃണമൂല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 22 സീറ്റ് ഉണ്ടായിരുന്നു. കോണ്‍ഗ്രസിന് 2 സീറ്റുകള്‍. എന്നാല്‍ ഇത്തവണ ഇന്ത്യസഖ്യകക്ഷികള്‍ക്ക്, തൃണമൂല്‍ ഉള്‍പ്പെടെ ചേരുമ്പോള്‍ 30 സീറ്റുകള്‍ ബിജെപിക്കെതിരെ നേടുമെന്നാണ് പ്രാദേശികമായ നിഗമനം. ബിജെപി സഖ്യത്തിന് 12 സീറ്റ് മാത്രമേ കിട്ടുകയുള്ളൂ എന്നും വിശ്വസിക്കപ്പെടുന്നു. പക്ഷേ ഇവിടെ ഇന്ത്യ സഖ്യകക്ഷികളുടെ കൂട്ടായ മല്‍സരമില്ല എന്നതാണ് വലിയ ആശങ്ക ഉണ്ടാക്കുന്നത്. തൃണമൂല്‍-ബിജെപി-കോണ്‍ഗ്രസ് സഖ്യം എന്ന ത്രികോണ മല്‍സരം വരികയാണെങ്കില്‍ അതില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നു. മുമ്പും തൃണമൂലിനെ തോല്‍പിക്കാന്‍ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിടെ ബിജെപിക്ക് വോട്ടു ചെയ്തിട്ടുണ്ട്. അതിനാലാണ് കഴിഞ്ഞ 2019 തിരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് 18 സീറ്റുകള്‍ വാരിക്കൂട്ടിയത്.
മധ്യപ്രദേശില്‍ 29 സീറ്റുകളാണ്. ഇതില്‍ കഴിഞ്ഞ തവണ 28-ഉം നേടിയത് ബിജെപിയായിരുന്നു. കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രം. ഇത്തവണയും മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയില്ലാത്ത സംസ്ഥാനമാണിത്. 24 സീറ്റെങ്കിലും ബിജെപി തന്നെ നേടുമെന്നാണ് പ്രതീക്ഷ. അഞ്ച് സീറ്റ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.
ഛത്തീസ്ഗഢ് 11 സീറ്റ് ഉള്ള സംസ്ഥാനമാണ്. ഇവിടെ 2019-ല്‍ ബിജെപി സഖ്യമാണ് 9 സീറ്റ് നേടിയത്. ഇത്തവണ അതില്‍ കുറവ് വരുമെന്നാണ് നിഗമനം. 4-5 സീറ്റുകള്‍ ബിജെപി പിടിക്കും. എന്നാല്‍ ഇന്ത്യ സഖ്യം 6-7 സീറ്റുകള്‍ നേടുമെന്നാണ് അനുമാനം.
48 സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ കേന്ദ്രഭരണത്തിനെ സ്വാധീനിക്കുന്ന ഘടകമാണെന്നുറപ്പാണ്. കഴിഞ്ഞ തവണ ബിജെപി സഖ്യം 41 സീറ്റുകളും നേടിയ സംസ്ഥാനമാണിത്. ഇന്ത്യസഖ്യകക്ഷികള്‍ക്ക് വെറും ആറ് സീറ്റ് മാത്രമാണ് ലഭിച്ചത്. എന്നാല്‍ അതിനു ശേഷം ഇന്ത്യ സഖ്യത്തിലെ രണ്ട് കക്ഷികളെ ബിജെപി പിളര്‍ത്തി ഭരണം അട്ടിമറിച്ച ഇടം കൂടിയാണിത്. ശിവസേനയും എന്‍സിപിയും പിളര്‍ന്നു. അതു കൊണ്ടു തന്നെ ഇത്തവണത്തെ പ്രവചനം അസാധ്യമാണ്. പക്ഷേ അന്തരീക്ഷം വെച്ച് ഇന്ത്യ സഖ്യത്തിനാണ് വലിയ സാധ്യത. 30-35 സീറ്റുകള്‍ കിട്ടുമെന്നാണ് പ്രതീക്ഷ. ബിജെപി സഖ്യത്തിന് 13-18 സീറ്റുകള്‍ക്കു മാത്രമാണ് സാധ്യതയുള്ളത്.
സുപ്രധാനമായ സംസ്ഥാനങ്ങളില്‍ മറ്റൊന്ന് ബിഹാര്‍ ആണ്. ഇവിടെ 40 സീറ്റുകള്‍ ഉണ്ട്. കഴിഞ്ഞ തവണ ബിജെപി സഖ്യം ഇതില്‍ 39 സീറ്റും നേടി. എന്നാല്‍ ഇപ്പോള്‍ സാഹചര്യം ആകെ മാറി. ആര്‍.ജെ.ഡി.യുടെ തേജസ്വി യാദവിന്റെ തിരഞ്ഞെടുപ്പു പര്യടനം തരുന്ന ചിത്രം ഇതാണ്. അപ്പോഴും ഇന്ത്യ സഖ്യം ഇവിടെ അമിത പ്രതീക്ഷ വെച്ചിട്ടില്ല. ഇന്ത്യ സഖ്യം 12-14 സീറ്റുകള്‍ നേടും എന്നേ പ്രതീക്ഷിക്കുന്നുള്ളൂ. ബിജെപി സഖ്യം 26-28 സീറ്റുകള്‍ ബിഹാറില്‍ നേടിയേക്കാം.
മാറാനിടയുള്ള മറ്റൊരു സംസ്ഥാനം പഞ്ചാബാണ്. ഇവിടെ 13 സീററുകളാണുള്ളത്. കഴിഞ്ഞ തവണ ഇന്ത്യ സഖ്യകക്ഷികള്‍ തന്നെയാണ് 8 സീറ്റ് നേടിയത്. ഇത്തവണ അത് ഉയര്‍ത്തി 11 ആക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണ 4 സീറ്റ് നേടിയ ബിജെപിക്ക് ഇത്തവണ സീറ്റ് കിട്ടില്ലെന്നാണ് പ്രാദേശികമായ വിലയിരുത്തല്‍.
ഡല്‍ഹിയില്‍ ഏഴ് സീറ്റുകളില്‍ ഏഴും 2019-ല്‍ ബിജെപി നേടിയതാണ്. എന്നാല്‍ ഇത്തവണ ത്രികോണ മല്‍സരത്തിന് സാധ്യത ഇന്ത്യ സഖ്യം ഇല്ലാതാക്കി ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ കളമൊരുക്കിയതോടെ പ്രതീക്ഷ പുലര്‍ത്തുന്ന ഇടമായി ഡല്‍ഹി മാറി. പക്ഷേ കോണ്‍ഗ്രസ്-ആം ആദ്മി പ്രവര്‍ത്തകര്‍ താഴെത്തട്ടില്‍ ഒട്ടും ലയിച്ചു ചേര്‍ന്നിട്ടില്ലാത്തതിനാല്‍ ഡെല്‍ഹിയില്‍ ഒന്നോ രണ്ടോ സീറ്റ് മാത്രമാണ് സഖ്യം ശരിക്കും പ്രതീക്ഷിക്കുന്നത്.
മാറ്റം പ്രതീക്ഷിക്കുന്ന മറ്റൊരു സംസ്ഥാനം ഉത്തരാഖണ്ഡ് ആണ്. ഇവിടെ കഴിഞ്ഞ തവണ ബിജെപി മുഴുവന്‍ സീറ്റും അതായത് അഞ്ചില്‍ അഞ്ചും നേടിയതാണ്. എന്നാല്‍ ഇത്തവണ മൂന്ന് സീറ്റ് ഇന്ത്യസഖ്യത്തിന് ലഭിക്കുമെന്നാണ് പ്രാദേശിക നിരീക്ഷകരുടെ പ്രതീക്ഷ. രണ്ട് സീറ്റ് ബിജെപിക്കായിരിക്കും.
ഇത്തവണ അത്ഭുതം ഉണ്ടാക്കുമെന്ന് പ്രാദേശികമായി പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ബിജെപിയുടെ കോട്ടയായ ഇവിടെ ആകെയുള്ള 26 സീറ്റുകളില്‍ 26-ഉം ബിജെപിയുടെതാണ്. എന്നാല്‍ ഇത്തവണ അതില്‍ വിള്ളല്‍ വീഴുമെന്നും 6-7 സീറ്റുകള്‍ കോണ്‍ഗ്രസ് സഖ്യം നേടുമെന്നുമാണ് കണക്കുകൂട്ടല്‍. അങ്ങനെ വന്നാല്‍ അതൊരു വലിയ മാറ്റത്തിന്റെ തുടക്കമായിരിക്കും.
ഇതേപോലെ തന്നെയാണ് രാജസ്ഥാനിലെയും സ്ഥിതി. ഇവിടുത്തെ 25 സീറ്റുകളും ഇപ്പോള്‍ ബിജെപിയുടെതാണ്. എന്നാല്‍ ഇത്തവണ പത്ത് സീറ്റെങ്കിലും ഇന്ത്യസഖ്യം നേടുമെന്നാണ് പ്രാദേശിക സാമൂഹിക പ്രവര്‍ത്തകരുടെ പ്രതീക്ഷ. 15 സീറ്റ് ബിജെപിക്കും ഒന്നു മുതല്‍ പത്ത്- പന്ത്രണ്ട് സീറ്റ് വരെ കോണ്‍ഗ്രസ് സഖ്യത്തിനും എന്ന രീതിയില്‍ വരുമെന്ന് ശക്തമായ അഭ്യൂഹം ഉണ്ട്.
മാറ്റം വരാനിടയുള്ള സംസ്ഥാനങ്ങളിലെ പുതിയ ട്രെന്‍ഡ് അനുസരിച്ച് ഇന്ത്യ സഖ്യം 250 മുതല്‍ 260 വരെ സീറ്റുകള്‍ നേടുമെന്നാണ് വിവിധ സംസ്ഥാനങ്ങളിലെ ആക്ടീവിസ്റ്റുകളും ജേര്‍ണലിസ്റ്റുകളും ചേര്‍ന്ന കൂട്ടായ്മ വിലയിരുത്തുന്നത്. ബിജെപി സഖ്യം 220 മുതല്‍ 230 വരെ സീറ്റാണ് നേടുകയെന്നും 30 സീറ്റുകള്‍ മറ്റ സ്വതന്ത്ര പാര്‍ടികള്‍ നേടുമെന്നും പ്രതീക്ഷയാണ് ഈ കൂട്ടായ്മ പ്രതീക്ഷ വെക്കുന്നത്.