ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയുടെ ക്ലാസിക്കല്‍ മുദ്രാവാക്യമായിരുന്നു ചാര്‍ സൗ പാര്‍…അഥവാ 400ലധികം സീറ്റുകള്‍ എന്നത്. ബിജെപി ഈ മുദ്രാവാക്യം രാജ്യത്തുടനീളം പ്രചരിപ്പിച്ചു. പക്ഷേ ഒന്നാം ഘട്ട തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ തന്നെ ഈ മുദ്രാവാക്യം പാഴാകുമെന്ന് ബിജെപി തിരിച്ചറിഞ്ഞതു പോലെയായിരുന്നു പിന്നീടുള്ള പ്രതികരണങ്ങള്‍. 400 സീറ്റുകള്‍ എന്ന ലക്ഷ്യം പ്രഖ്യാപിച്ചത് ചില രീതിയില്‍ തിരിച്ചടിയായി മാറിയെന്ന തിരിച്ചറിവില്‍ ആ മുദ്രാവാക്യം ബിജെപിയും മോദിയും വിഴുങ്ങി.
എക്‌സിറ്റ് പോള്‍ ഫലം മുഴുവന്‍ ശരിയാണെങ്കില്‍ പോലും അത് തെളിയിക്കുന്നത്, ഈ തിരഞ്ഞെടുപ്പില്‍ ബിജെപി സ്വപ്‌നം കണ്ട 400 സീറ്റുകള്‍ ബാലികേറാ മലയായി അവശേഷിക്കുന്നു എന്നതാണ്. പരമാവധി കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷം മാത്രമേ എന്‍.ഡി.എ.ക്ക് കിട്ടൂ എന്നാണ് എല്ലാ സര്‍വ്വേകളുടെയും പൊതു സൂചന.
അതേസമയം, ദക്ഷിണേന്ത്യയില്‍ കൂടുതല്‍ ചുവടുറപ്പിക്കാനുള്ള ബിജെപിയുടെ വിയര്‍പ്പൊഴുക്കലിന് ഫലം ലഭിച്ചേക്കും എന്ന സൂചനയും എക്‌സിറ്റ് പോള്‍ ഫലം നല്‍കുന്നു. സര്‍വ്വേ ശരിയാവുകയാണെങ്കില്‍ ബിജെപിയുടെ സര്‍വ്വകാല ബാലികേറാ മലയായ കേരളത്തില്‍ ഒന്നോ രണ്ടോ സീറ്റുകള്‍ ബിജെപി നേടും. ഇത് അവരുടെ ആത്മവിശ്വാസം വാനോളമായിരിക്കും ഉയര്‍ത്തുക. അതു പോലെ കര്‍ണാടകയില്‍ നേരത്തെ ബിജെപി ശക്തി തെളിയിച്ചതാണെങ്കിലും ഇത്തവണ കോണ്‍ഗ്രസ് ഭരണം ഉള്ള സമയത്ത് ലോക്‌സഭയിലേക്ക് കൂടുതല്‍ സീറ്റ് നേടുന്നുവെങ്കില്‍ അത് വലിയ അട്ടിമറിയായി പാര്‍ടി കരുതും.
തമിഴ്‌നാട്ടില്‍ ബിജെപി കളം പിടിക്കാന്‍ ശ്രമം തുടങ്ങിയിട്ട് കാലമേറെയായി. മോദിയും അമിത്ഷായും ആര്‍.എസ്.എസ്. തലവന്‍ മോഹന്‍ ഭാഗവതും ഉള്‍പ്പെടെ പല സംഘപരിവാര്‍ നേതാക്കളും നിത്യ സന്ദര്‍ശകരായ സംസ്ഥാനമാണ് തമിഴ്‌നാട്. തമിഴ്‌നാട്ടില്‍ കോയമ്പത്തൂരില്‍ ബിജെപിയുടെ സ്വാധീന മേഖലയായതിനാല്‍ സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയെ തന്നെയാണ് അവിടെ മല്‍സരിപ്പിച്ചത്. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫല സൂചന പ്രകാരം കോയമ്പത്തൂരില്‍ ബിജെപി ജയിക്കും എന്ന് ഉറപ്പില്ല. പക്ഷേ ഒന്നോ രണ്ടോ സീറ്റുകളില്‍ വിജയം ഉറപ്പിക്കാന്‍ ബിജെപി ആഗ്രഹിക്കുന്നു.
ആന്ധ്രപ്രദേശില്‍ ടിഡിപിയുമായി സഖ്യമായ ബിജെപി, കോണ്‍ഗ്രസ്, വൈ.എസ്.ആര്‍.കോണ്‍ഗ്രസ് എന്നിവയുള്‍പ്പെട്ട ത്രികോണ മല്‍സരത്തിലൂടെ നല്ല നേട്ടമുണ്ടാക്കുമെന്നാണ് സൂചന. അതു പോലെ തെലങ്കാനയിലും ബിജെപിക്ക് നേട്ടമുണ്ടാകുമെന്ന് എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. ഗോവയിലാവട്ടെ 1-1 എന്ന അനുപാതത്തില്‍ രണ്ട് സീറ്റുകള്‍ പങ്കിടുമെന്നാണ് പറയുന്നത്. പോണ്ടിച്ചേരി നേരത്തെ കോണ്‍ഗ്രസിന്റെ സീറ്റാണ്. ഇത് അവര്‍ നിലനിര്‍ത്തുമോ എന്നത് ഉറപ്പില്ലാത്ത കാര്യമാണ്.