പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു എത്തിയപ്പോള്‍ ചെങ്കോലും എഴുന്നള്ളിച്ചു വെച്ചതില്‍ പ്രതിപക്ഷത്തെ സമാജ് വാദി പാര്‍ടി എം.പി. ആര്‍.കെ. ചൗധരിയും ആർ ജെ ഡി യിലെ മിസ ഭാരതിയും പരസ്യമായി പ്രതിഷേധിച്ചു. കഴിഞ്ഞ വർഷം പാർലമെൻ്റ് മന്ദിരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിപുലമായ ആചാരപ്രകാരം സ്ഥാപിച്ച സെൻഗോൾ, ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരാണെന്നാണ് സമാജ് വാദി പാർട്ടിയും ആർ ജെ ഡി യും പറയുന്നത്.
പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടന വേളയില്‍ തമിഴ്‌നാട്ടില്‍ നിന്നും സര്‍ക്കാര്‍ നേതൃത്വം കൊടുത്ത് വരുത്തിയ ചെങ്കോല്‍ സന്യാസിമാരുടെ ആചാരങ്ങളോടെ പാര്‍ലമെന്റില്‍ സ്പീക്കറുടെ ഡയസ്സിനു സമീപം സ്ഥാപിച്ചിരുന്നു. ഇന്ന് രാഷ്ട്രപതി പാര്‍ലമെന്റ് സമ്മേളനത്തെ അഭിസംബോധന ചെയ്യാനായി വന്നപ്പോള്‍ അവരെ സ്വീകരിച്ചതിനു പിറകെ ഈ ചെങ്കോലും ആനയിച്ചു കൊണ്ടുവന്ന് പ്രസംഗപീഠത്തിനു സമീപം വെക്കുകയായിരുന്നു.
രാഷ്ട്രപതിക്കൊപ്പം ചെങ്കോലും കൊണ്ടുവന്ന് സ്ഥാപിച്ചതിനെതിരെ സമാജ് വാദി പാര്‍ടി എം.പി. ആര്‍.കെ. ചൗധരി പരസ്യമായി രംഗത്ത് വന്നു.
“സെൻഗോൾ എന്നാൽ ‘രാജ് ദണ്ഡ്’ എന്നാണ് അർത്ഥമാക്കുന്നത്. ‘രാജ കാ ദണ്ഡ’ എന്നും അർത്ഥമുണ്ട്. നാട്ടുരാജ്യം അവസാനിപ്പിച്ച് രാജ്യം സ്വതന്ത്രമായി. ഇപ്പോൾ രാജ്യത്തിന്റെ അടിസ്ഥാനം ‘രാജാ കാ ദണ്ഡ’യാണോ ഭരണഘടനയാണോ? ഭരണഘടന സംരക്ഷിക്കാൻ പാർലമെൻ്റ് ആണോ ചെങ്കോൽ ആണോ വേണ്ടത് “– സമാജ്‌വാദി പാർട്ടി എംപി ആർകെ ചൗധരി പ്രോടേം സ്പീക്കർ ഭർതൃഹരി മഹ്താബിന് എഴുതി.
ചൗധരിയുടെ പാർട്ടി തലവൻ അഖിലേഷ് യാദവ് എംപിയുടെ നിലപാടിനെ ന്യായീകരിച്ചു.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായതിനാൽ പാർലമെൻ്റിൽ നിന്ന് സെൻഗോൾ നീക്കം ചെയ്യണമെന്ന് ആർജെഡി എംപിയും ലാലു പ്രസാദ് യാദവിൻ്റെ മകളുമായ മിസ ഭാരതിയും ആവശ്യപ്പെട്ടു. ആളുകൾക്ക് വന്ന് കാണാവുന്ന മ്യൂസിയത്തിൽ സെൻഗോൾ സൂക്ഷിക്കണം,” മിസ ഭാരതി പറഞ്ഞു.
ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ധി വേളയില്‍ ബ്രിട്ടീഷുകാരില്‍ നിന്നും എങ്ങിനെ പ്രതീകാത്മകമായി അധികാര കൈമാറ്റം ചിത്രീകരിക്കാമെന്ന ആലോചനയില്‍ നെഹ്‌റു തന്റെ സുഹൃത്തായ സി.രാജഗോപാലാചാരിയോട് അഭിപ്രായം തേടി. തമിഴ്‌നാട്ടുകാരനായ രാജാജി പണ്ട് ചോള രാജാക്കന്‍മാര്‍ അധികാരക്കൈമാറ്റത്തിനായി ഉപയോഗിച്ചിരുന്ന ഒരു ചെങ്കോല്‍ അധികാരക്കൈമാറ്റത്തിന്റെ പ്രതീകാത്മകമായ സമ്മാനമായി നെഹ്‌റുവിന് അയച്ചുകൊടുക്കുകയായിരുന്നു. ഒരു സമ്മാനം മാത്രമായിരുന്ന ഈ ചെങ്കോല്‍ നെഹ്‌റു അലഹാബാദിലെ മ്യൂസിയത്തിലേക്ക് നല്‍കുകയും ചെയ്തു.
എന്നാല്‍ പാര്‍ലമെന്റിന്റെ പുതിയ മന്ദിര ഉദ്ഘാടന വേളയില്‍ നരേന്ദ്രമോദി തമിഴ്‌നാട്ടിലെ ഒരു സംഘം സന്യാസിമാരെ പാര്‍ലമെന്റിലേക്ക് ക്ഷണിച്ചു വരുത്തി അവര്‍ കൊണ്ടുവന്ന ചെങ്കോല്‍ പാര്‍ലമെന്റില്‍ സ്ഥാപിക്കുകയായിരുന്നു. അതേസമയം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ആ ചടങ്ങില്‍ പങ്കെടുപ്പിച്ചുമില്ല.