തിരുവനന്തപുരം ജില്ലയില്‍ ബിജെപിയുടെ വളര്‍ച്ചയാണ് തിരഞ്ഞെടുപ്പു പരാജയത്തേക്കാള്‍ ശ്രദ്ധിക്കേണ്ടതെന്നും ജില്ലയിലെ രണ്ടു നിയമസഭാ നിയോജക മണ്ഡലങ്ങളില്‍ നിലവില്‍ ഇടതുമുന്നണിക്കുള്ള ഭൂരിപക്ഷം നഷ്ടമായതിനു കാരണം ഗൗരവത്തില്‍ തേടണമെന്നും തിരുവനന്തപുരം ജില്ലാ സിപിഎം നേതൃയോഗത്തില്‍ നേതാക്കളുടെ ഭാഗത്തു നിന്നും മുന്നറിയിപ്പുയര്‍ന്നതായി വാര്‍ത്ത. ബിജെപി വോട്ടിലെ വര്‍ധനയെക്കുറിച്ച് പഠന നടത്തണമെന്നും ആവശ്യമുയര്‍ന്നു. തിരുവനന്തപുരം സീറ്റ് തുടര്‍ച്ചയായി തോല്‍ക്കുക മാത്രമല്ല, മൂന്നാം സ്ഥാനത്തേക്ക് ഇടതുമുന്നണി പോവുകയാണ്. ഈ സീറ്റ് സിപിഎം ഏറ്റെടുക്കണം. ബിജെപി സ്ഥാനാര്‍ഥി വൈകിയാണ് രംഗപ്രവേശം ചെയ്തത്. എന്നിട്ടും വന്‍ മുന്നേറ്റം നടത്തിയതെങ്ങിനെയെന്ന് പരിശോധിക്കണം. ശശി തരൂര്‍ അല്ലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥിയെങ്കില്‍ ഇത്തവണ തിരുവനന്തുപരവു ബിജെപി കൊണ്ടുപോയേനെ- നേതാക്കള്‍ അവലോകനം ചെയ്തു. ആറ്റിങ്ങലിൽ പാർട്ടി ജില്ലാ സെക്രട്ടറി വി.ജോയി മത്സരിച്ചിട്ടും ബി.ജെ.പി സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ട് ഗൗരവമായി കണ്ടില്ലെങ്കിൽ ഭാവിയിൽ മണ്ഡലം അവർക്കനുകൂലമായി മാറുമെന്നു സെക്രട്ടറി അവതരിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
“ക്ഷേമ പെൻഷൻ കുടിശിക തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. മൂന്നു മാസത്തെ കുടിശികയെങ്കിലും നൽകണമായിരുന്നു. പൊലീസിന്റെ സമീപനം സാധാരണക്കാരെ പാർട്ടിയിൽ നിന്ന് അകറ്റാൻ കാരണമായി. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ നേതൃത്വത്തിനെതിരെ ഉയർന്ന ആക്ഷേപം തിരിച്ചടിയായി.”
“എൽ.ഡി.എഫ് കൺവീനറുമായ ഇ.പി.ജയരാജനും ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച തിരഞ്ഞെടുപ്പ് ദിനത്തിൽ പാർട്ടിക്ക് നാണക്കേടുണ്ടാക്കി. ഇ.പി നിരന്തരം പാർട്ടിയെ സമ്മർദത്തിലാക്കുന്നുണ്ട്.” തിരുത്തലുകൾ വരുത്തിയാലേ തദ്ദേശതിരഞ്ഞെടുപ്പിൽ വിജയിക്കാനാകൂവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടിയതായാണ് പുറത്തു വന്ന വിവരം.