സിപിഎം അതിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പു തിരിച്ചടി നേരിട്ട ഘട്ടം പിന്നിട്ടപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ മാത്രമല്ല, സിപിഎം നിയന്ത്രിത ഗ്രൂപ്പുകളും അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും എന്തിന് പോരാളി ഷാജി തുടങ്ങിയ ഗ്രൂപ്പുകള്‍ പോലും നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്.
എന്നാല്‍ സിപിഎം നേതാക്കള്‍ ഇതിനെ നേരിട്ടത് വളരെ നല്ല രീതിയില്‍ തോറ്റു എന്നും അതിന്റെ കാരണങ്ങള്‍ ഞങ്ങള്‍ ആഴത്തില്‍ പരിശോധിക്കുമെന്നും പറഞ്ഞുകൊണ്ടും അതിനായി അസാധാരണമായി അഞ്ചു ദിവസത്തെ യോഗം നിശ്ചയിച്ച് പ്രഖ്യാപിച്ചുമായിരുന്നു. സാധാരണ സിപിഎമ്മിന്റെ സംസ്ഥാന സമിതി പരമാവധി രണ്ടു ദിവസവും അതിനു തൊട്ടു മുന്‍ ദിവസം സെക്രട്ടറിയറ്റും ചേരുക എന്നതാണ് നയം. എന്നാല്‍ ആകെ അഞ്ച് ദിവസം യോഗം ചേരുമെന്നും അതിനു ശേഷം വീണ്ടും സംസ്ഥാന സെക്രട്ടറിയറ്റ് ചേര്‍ന്ന് തീരുമാനം പ്രഖ്യാപിക്കുമെന്നും ഉള്ള പ്രഖ്യാപനം പാര്‍ടി അണികളില്‍ ഉയര്‍ത്തിയത് കാര്യമായ തിരുത്തല്‍ നടപടികൡലേക്ക് പാര്‍ടി കടക്കാന്‍ ഒരുങ്ങുന്നു എന്ന ആശ്വാസമാണ്. ഇത് ഒരു പരിധി വരെ സിപിഎമ്മിന് പിടിവള്ളിയായി തീരുകയും ചെയ്തു.
ജൂണ്‍16-ന് സിപിഎം നേതൃ യോഗം തുടങ്ങിയിട്ട് ഇപ്പോള്‍ മൂന്നാം ദിവസം ആയെങ്കിലും പാര്‍ടിയുമായി ബന്ധപ്പെട്ട വാര്‍ത്തകളൊന്നും രഹസ്യ റിപ്പോര്‍ട്ടുകള്‍ എന്ന നിലയില്‍ മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നില്ല. സാധാരണ ഗതിയില്‍ പാര്‍ടി യോഗത്തിലെ ചര്‍ച്ചയും തീരുമാനവും വിമര്‍ശനവും എന്ന നിലയില്‍ വലിയ വാര്‍ത്തകള്‍ യോഗം നടക്കുമ്പോള്‍ തന്നെ ‘പുറത്തുവിടാറുള്ള’ ദൃശ്യമാധ്യമങ്ങളും അകത്തള ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ അച്ചടിക്കാറുള്ള പത്രങ്ങളും ഇത്തവണ മൗനത്തിലാണ്.

മൂന്നു ദിവസം യോഗം പിന്നിട്ടിട്ടും യോഗത്തിലെ ചര്‍ച്ചകളുടെ തുമ്പുകള്‍ പിടിക്കാന്‍ മാധ്യമങ്ങളിലെ സിപിഎം ബീറ്റ് ലേഖകര്‍ക്ക് സാധിച്ചിട്ടില്ല. അല്ലെങ്കില്‍ യോഗത്തിലെ വാര്‍ത്തകളുടെ തുമ്പുകള്‍ ലേഖകര്‍ക്കായി ആരും നീട്ടിയിട്ടില്ല.
ഇതു കാരണം കഴിഞ്ഞ കുറേ ദിവസമായി എ.കെ.ജി.സെന്ററില്‍ നിന്നുള്ള സിപിഎം വാര്‍ത്തകളൊന്നുമില്ലാതെയുള്ള വാര്‍ത്താദിനങ്ങളാണ് കടന്നു പോകുന്നത്. തോമസ് ഐസക്, ജി.സുധാകരന്‍ തുടങ്ങിയ നേതാക്കള്‍ നേരത്തെ പറഞ്ഞ ചില പ്രതികരണങ്ങള്‍ നല്‍കിയതിനപ്പുറം ചൂടുള്ള അകത്തള വാര്‍ത്തകള്‍ കിട്ടാത്ത സിപിഎം ലേഖകരും മൗനത്തിലാണ്.
സിപിഎം നേതൃയോഗത്തിന്റെ ചര്‍ച്ചകള്‍ പുറത്തുവരാത്ത വിധമുള്ള അച്ചടക്ക നിബദ്ധമായ, കർക്കശമായ യോഗ നടപടികളാണ് ഇത്തവണയുള്ളത് എന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
മാത്രമല്ല, അതിദയനീയമായ പരാജയം ഏറ്റുവാങ്ങിയതില്‍ പൂര്‍ണമായും പങ്കുള്ള സംസ്ഥാന നേതൃത്വത്തിലെ എല്ലാവരും വാര്‍ത്താ മാധ്യമ സ്രോതസ്സുകളോട് അക്ഷരാര്‍ഥത്തില്‍ പൂര്‍ണമായ നിരോധനം പാലിക്കുന്നു എന്നതാണ് ദിവസങ്ങളായി സിപിഎം വാര്‍ത്തകളുടെ വരള്‍ച്ചയിലേക്ക് നയിച്ചിരിക്കുന്നത് എന്നാണ് അനുമാനിക്കാവുന്നത്.