ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പാർട്ടി കേരള ഘടകം നിരത്തിയ കാരണങ്ങളിൽ ന്യൂഡൽഹിയിൽ നടക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ അതൃപ്തി രേഖപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . കോൺഗ്രസിൻ്റെ നേതൃത്വത്തിൽ യുഡിഎഫ് നടത്തിയ വർഗീയ ധ്രുവീകരണവും പരമ്പരാഗത ഈഴവ വോട്ടുകൾ നഷ്ടമായതും എൽഡിഎഫിൻ്റെ പ്രതീക്ഷകൾക്ക് വിരുദ്ധമാണെന്ന സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് കേന്ദ്രകമ്മിറ്റി തള്ളിഎന്നും പറയുന്നു. സംസ്ഥാന ഘടകം വീണ്ടും ആത്മപരിശോധന നടത്തണമെന്ന് സിസി ആവശ്യപ്പെട്ടു.
സി.പി.എം. പൊതുജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരെ കേൾക്കാനാണ് കേന്ദ്രകമ്മിറ്റി തീരുമാനം. ജനങ്ങൾക്കിടയിൽ പാർട്ടിയോടുള്ള വിരോധം ഇല്ലാതാക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.

മതസാമുദായിക സംഘടനകൾ സി.പിഎമ്മിനെതിരെ പ്രവർത്തിക്കുന്നുവെന്ന് കേന്ദ്രകമ്മിറ്റിയിൽ വിലയിരുത്തൽ ഉണ്ടായി. എന്നാൽ അടിസ്ഥാന ജനവിഭാഗങ്ങൾക്കിടയിലെ വോട്ടിൽ ചോർച്ച ഉണ്ടായി. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ തിരികെ പിടിച്ചാൽ ജനങ്ങൾ തിരിച്ചുവരുമെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തിയതായി പറയുന്നു.
വർഗാധിഷ്‌ഠിത മാർക്‌സിയൻ വീക്ഷണകോണിലൂടെയല്ല പാർട്ടി തിരഞ്ഞെടുപ്പിനെ സമീപിച്ചതെന്ന് തിരഞ്ഞെടുപ്പ് തോൽവിക്ക് സംസ്ഥാന നേതൃത്വം ഉന്നയിക്കുന്ന കാരണങ്ങൾ തെളിയിക്കുന്നതായി സിസി നിരീക്ഷിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷനുകളും പാവപ്പെട്ടവർക്കുള്ള ക്ഷേമ നടപടികളും വിതരണം ചെയ്യാത്തത് കേരളത്തിൽ സിപിഎമ്മിൻ്റെ തകർച്ചയ്ക്ക് കാര്യമായ സംഭാവന നൽകിയതായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
വലിയൊരു വിഭാഗം വോട്ടർമാരുടെ വിശ്വാസം പാർട്ടിക്ക് നഷ്‌ടമായതിൻ്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിന് എല്ലാ സംസ്ഥാന ഘടകങ്ങളും, പ്രത്യേകിച്ച് കേരളം, ഗൗരവമായ ആത്മപരിശോധനയിൽ ഏർപ്പെടണമെന്ന് സിസി യോഗം ആവശ്യപ്പെട്ടതായും കേരളത്തിലെ വോട്ടർമാർക്കിടയിൽ ബി.ജെ.പിക്ക് പൊതുവെ സ്വീകാര്യത വർദ്ധിക്കുന്നതിലും തൃശ്ശൂരിലെ ബി.ജെ.പി സ്ഥാനാർഥിയുടെ വിജയത്തിലും സിസി അംഗങ്ങൾ കടുത്ത ആശങ്ക രേഖപ്പെടുത്തിയതായും റിപ്പോർട്ട് പറയുന്നു.