രാഷ്ട്രീയ സ്വയംസേവക് സംഘ് അപ്രസക്തമായെന്നും ഭരണഘടനയ്ക്കും ജനാധിപത്യത്തിനും സമൂഹത്തിനും സംഘത്തെയോ അതിൻ്റെ തലവൻ മോഹൻ ഭഗവതിനെയോ ആവശ്യമില്ലെന്നും ജനങ്ങൾക്ക് സ്വയം സംരക്ഷിക്കാൻ കഴിയുമെന്നും പ്രതികരിച്ച് കോൺഗ്രസ്.
മണിപ്പൂർ അക്രമവും ലോക്‌സഭാ തെരഞ്ഞെടുപ്പും ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ മോഹൻ ഭാഗവതിൻ്റെ പരാമർശത്തിന് പിന്നാലെയാണ് കോൺഗ്രസിൻ്റെ മീഡിയ ആൻഡ് പബ്ലിസിറ്റി മേധാവി പവൻ ഖേര നിശിത പരാമർശവുമായി രംഗത്ത് വന്നത്. “മോഹൻ ഭഗവത് ജി നിങ്ങൾ വിതയ്ക്കുന്നത് നിങ്ങൾ കൊയ്യുന്നു. തെറ്റ് മണ്ണിൻ്റെതല്ല, തെറ്റ് തോട്ടക്കാരൻ്റെതാണ്.”– പവൻ ഖേര പ്രതികരിച്ചു.
“തലസ്ഥാനത്തിന് പുറത്ത് കർഷകർ കാലാവസ്ഥയുടെയും പോലീസിൻ്റെയും രോഷം നേരിട്ടപ്പോൾ നിങ്ങൾ നിശബ്ദരായിരുന്നു. ഹത്രാസിൽ ഒരു ദളിത് പെൺകുട്ടി ബലാത്സംഗം ചെയ്ത് കൊലചെയ്യപ്പെട്ടപ്പോൾ നിങ്ങൾ നിശബ്ദരായിരുന്നു. ബിൽക്കിസ് ബാനോയെ ബലാത്സംഗം ചെയ്തവരെ മോചിപ്പിച്ചപ്പോൾ നിങ്ങളുടെ പ്രത്യയശാസ്ത്ര സഹോദരങ്ങൾ അവരെ സ്വാഗതം ചെയ്തു. ദലിതരെ മൂത്രം കുടിപ്പിച്ചപ്പോൾ നിങ്ങൾ നിശബ്ദരായിരുന്നു. പെഹ്‌ലു ഖാനും അഖ്‌ലാഖും കൊല്ലപ്പെട്ടപ്പോൾ, നിങ്ങൾ മിണ്ടാതിരുന്നു. നിങ്ങളുടെ മൗനവും നരേന്ദ്ര മോദിയും നിങ്ങളെയും സംഘത്തെയും അപ്രസക്തരാക്കി. അമിത് ഷായും ബിജെപിയും നിങ്ങളെ അപ്രസക്തനാക്കി. ഭരണഘടന മാറ്റുന്നതിനെക്കുറിച്ച് ബിജെപി നേതാക്കൾ സംസാരിക്കുമ്പോൾ നിങ്ങൾ സംസാരിക്കേണ്ടതായിരുന്നു. ഇനി സംസാരിച്ചിട്ട് എന്ത് പ്രയോജനം?”– ഖേര കൂട്ടിച്ചേർത്തു.
ഭരണഘടനയ്ക്കും ജനാധിപത്യത്തിനും ഈ സമൂഹത്തിനും ആർഎസ്എസിനെയോ ഭഗവതിനെയോ ആവശ്യമില്ല. കാരണം അവർക്ക് സ്വയം “സംരക്ഷിക്കാനും പുനർ നവീകരിക്കാനും കഴിയും .”– പവൻ ഖേര സമൂഹ മാധ്യമത്തിൽ പറഞ്ഞു.