ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ 39 സീറ്റുകളിലും വിജയിച്ച് ദ്രാവിഡ മുന്നേറ്റ കഴകം നയിക്കുന്ന ഇന്ത്യ സഖ്യം തൂത്തു വാരി. ഡിഎംകെയും അതിൻ്റെ സഖ്യകക്ഷികളായ കോൺഗ്രസ്, സിപിഐ, സിപിഎം എന്നിവയും സീറ്റുകൾ നേടി. ബിജെപി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുന്നതിൽ പരാജയപ്പെട്ടു.
പുതുച്ചേരിയിലും കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ ബ്ലോക്ക് മുന്നിലാണ്. പുതുച്ചേരിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി വി ഇ വൈത്തിലിംഗം 98,846 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് മുന്നേറുന്നത്. ബിജെപി സ്ഥാനാർത്ഥി എ നമശ്ശിവായമാണ് പിന്നിലുള്ളത്.

തമിഴ്‌നാട്ടിൽ 39 ലോക്‌സഭാ സീറ്റുകളിലേക്കാണ് ഏപ്രിൽ 19ന് വോട്ടെടുപ്പ് നടന്നത്. തമിഴ്‌നാട്ടിൽ 69.46 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.
ഡിഎംകെയുടെ വിജയം അന്തരിച്ച ഡിഎംകെ കുലപതി കലൈഞ്ജർ കരുണാനിധിക്ക് സമർപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു.