സിപിഎമ്മിന് ലഭിക്കേണ്ടിയിരുന്ന വോട്ടുകള്‍ ഈ ലോക്‌സഭാ തിരഞ്ഞെുടുപ്പില്‍ ബിജെപിക്ക് ലഭിച്ചെന്ന നിഗമനത്തില്‍ ഈ വോട്ടുകള്‍ സ്ഥിരമായി ബിജെപി പാളയത്തിലേക്ക് ചേര്‍ക്കാന്‍ ആഗ്രഹിച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ബിജെപി സംസ്ഥാന ഘടകം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളില്‍ 11 ഇടത്ത് ഒന്നാം സ്ഥാനത്ത് എൻഡിഎ എത്തി. ഒൻപതിടങ്ങളില്‍ രണ്ടാമതും എത്തി.
ഇതാണ് പാര്‍ടിക്ക് കൂടുതല്‍ മോഹങ്ങള്‍ നല്‍കിയിരിക്കുന്നത്. ഇടതുപക്ഷത്തിന് കിട്ടാവുന്ന ഹിന്ദുവോട്ടുകള്‍ ബിജെപിക്ക് കിട്ടിയതായും എന്നാല്‍ സിപിഎം ലക്ഷ്യമിട്ട ന്യൂനപക്ഷ വോട്ടുകള്‍ അവര്‍ക്ക് കിട്ടാതിരുന്നതായും ബിജെപി കേന്ദ്രങ്ങള്‍ വിലയിരുത്തുന്നുണ്ട്.
തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ ഈ അനുകൂല വോട്ടുകള്‍ തുടര്‍ന്നും ലഭ്യമാക്കാനുള്ള പ്രവര്‍ത്തനം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇത് ശ്രമകരമെങ്കിലും അടിസ്ഥാനതലത്തില്‍ പാര്‍ടി ശക്തികേന്ദ്രങ്ങളില്‍ സ്വാധീനം ചെലുത്തുന്നത് തുടര്‍ന്നാല്‍ ഒറ്റത്തവണ കിട്ടിയ വോട്ടുകള്‍ തുടര്‍വോട്ടുകളാക്കി മാറ്റാനാവുമെന്ന് ബിജെപിയുടെ ഒരു സംസ്ഥാന ഭാരവാഹി ‘പൊളിറ്റിക്കല്‍ എഡിറ്റര്‍ ഓണ്‍ലൈനി’നോട് പറഞ്ഞു. സിപിഎമ്മില്‍ നിന്നും ചോര്‍ന്നു കിട്ടിയ വോട്ടുകള്‍ പുറമേ സിപിഎം നേതൃത്വത്തിന് വിസിബിള്‍ അല്ല. ഇത് ഇനിയും തുടരാന്‍ പ്രേരിപ്പിക്കുകയും സ്വാധീനം വലുതാക്കിയ ശേഷം രംഗത്തു വരികയും ചെയ്യുക എന്നതാണ് തന്ത്രം.
വടക്കെ മലബാറില്‍ ഇക്കാര്യത്തിന് മുതിർന്ന നേതാവ് പി കെ കൃഷ്ണദാസിന് ചുമതല നല്‍കി. കണ്ണൂരും കാസർഗോഡും മണ്ഡലങ്ങൾ കൃഷ്ണദാസ് ശ്രദ്ധിക്കണം എന്നാണ് ധാരണ. ഇദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശേരിയില്‍ മത്സരിച്ചേക്കാനാണ് സാധ്യത. എം ടി രമേശിന് നല്‍കിയിരിക്കുന്നത് വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ചുമതലയാണ്. ചേലക്കരയില്‍ കെ കെ അനീഷ് കുമാറിനും, പാലക്കാട് പി രഘുനാഥിനും ചുമതല നല്‍കിയിട്ടുണ്ട്.
നേതാക്കള്‍ നേരിട്ട് പാർട്ടി ഗ്രാമങ്ങളില്‍ ഇറങ്ങണമെന്നാണ് ഉയർന്ന നിർദേശം. ഉദുമ മുതല്‍ തലശേരി വരെയുള്ള പ്രദേശങ്ങളില്‍ വോട്ട് വർധനവുണ്ടായതായും, ആദിവാസി മേഖലകളില്‍ മുന്നേറ്റമുണ്ടായതായും സംസ്ഥാന നേതൃയോഗം വിലയിരുത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അടിസ്ഥാന ഹിന്ദുവിഭാഗത്തിൻ്റെ വോട്ട് ലഭിച്ചെന്നാണ് ബിജെപി പറയുന്നത്.