Categories
latest news

ബംഗാള്‍ സിപിഎം ഇപ്പോഴും നല്‍കുന്നൊരു പാഠം കേരളം പഠിക്കാനുണ്ട്

പശ്ചിമബംഗാളില്‍ നിന്നുള്ള സിപിഎം സമൂഹമാധ്യമ ഹാന്‍ഡിലുകളില്‍ നിന്നും പുറത്തു പ്രചരിച്ച പ്രധാനപ്പെട്ടൊരു പ്രചാരണമുണ്ടായിരുന്നു- സിപിഎം അവിടെ ശക്തമായി തിരിച്ചു വരികയാണ്. ദീപ്തസിത ധര്‍, സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം തുടങ്ങിയവരുടെ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടികളുടെ വീഡിയോകള്‍ വ്യാപകമായി പ്രചരിപ്പിച്ച് ഇതിനുള്ള തെളിവുകള്‍ സിപിഎം നിരത്തി. നേരത്തെ തൃണമൂലിനെതിരെ രാഷ്ട്രീയമായി നേരിടാനായി ബിജെപിയെ സഹായിച്ച വോട്ടുകള്‍ ഇത്തവണ പൂര്‍ണമായി തിരികെയെത്തി എന്ന നിലയിലായിരുന്നു പാര്‍ടിയുടെ വിശ്വാസവും അവകാശവാദവും.

ദശാബ്ദങ്ങള്‍ക്കു മുമ്പ്, സിപിഎമ്മിനെതിരെ കൊടുങ്കാറ്റായി മമത വന്നപ്പോള്‍, ഗ്രാമഗ്രാമാന്തരങ്ങളില്‍ സിപിഎം കാഡര്‍മാരെ, പാര്‍ടി ഓഫീസുകളെ, അനുഭാവികളെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വേട്ടയാടിയപ്പോള്‍, മമതയ്‌ക്കെതിരെ ആഞ്ഞടിക്കാന്‍ പാര്‍ടിക്ക് ശക്തിയില്ലാത്ത അവസ്ഥ അനുഭവിച്ച സിപിഎം പ്രവര്‍ത്തകര്‍ അതിന് പ്രബല ശക്തിയായി കണ്ടത് ബിജെപിയെ ആയിരുന്നു. അതോടെ അതുവരെ സംസ്ഥാനത്ത് വലിയൊരു ശക്തിയല്ലാത്ത, പാര്‍ലമെന്ററി തലത്തില്‍ കാര്യമായി നേട്ടമുണ്ടാക്കാത്ത ബിജെപി അപ്രതീക്ഷിതമായി ബംഗാളിലെ മുഖ്യ പ്രതിപക്ഷകക്ഷിയായി മാറി. സിപിഎം പ്രവര്‍ത്തകരുടെ വോട്ട് സിപിഎം സ്ഥാനാര്‍ഥിക്ക് കിട്ടുന്നതിനു പകരം ബിജെപിയിലേക്ക് പോയി.

thepoliticaleditor

നേരത്തെ നന്ദിഗ്രാം-സിംഗൂര്‍ പ്രക്ഷോഭത്തിലൂടെ തൃണമൂല്‍ വളര്‍ന്നപ്പോള്‍ ധാരാളം സിപിഎം ഘടകങ്ങളും പ്രവര്‍ത്തകരും പാര്‍ടി ഓഫീസുകള്‍ അപ്പാടെയും തൃണമൂലിലേക്ക് ഒഴുകിയിരുന്നു. ഇതിനു പുറമേ മമതയെയ എതിര്‍ക്കാനുള്ള തിണ്ണബലത്തിനായി വോട്ടുകള്‍ ബിജെപിയിലേക്കും പോയതോടെ സിപിഎം സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവെച്ച പണം പോലും കിട്ടാതെ 2016ലെയും 2021-ലെയും തിരഞ്ഞെടുപ്പില്‍ മാറി. ഒറ്റ സിപിഎം എം.എല്‍.എ.യോ ബംഗാള്‍ സിപിഎം എം.പിയോ ഇല്ലാത്ത നിയമസഭയും പാര്‍ലമെന്റും ഉണ്ടായി.
2019-മുതല്‍ കോണ്‍ഗ്രസുമായി സ്ഥിരം തിരഞ്ഞെടുപ്പു സഖ്യം തന്നെയുണ്ടാക്കി, ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സഖ്യത്തിന് സ്വീകാര്യതയുണ്ടാക്കി ബംഗാള്‍ സിപിഎം മുന്നോട്ടു പോയെങ്കിലും 2019-ലും ഒരു സീറ്റും നേടാന്‍ കഴിഞ്ഞില്ല.

മുഹമ്മദ് സലിം

2024-ല്‍ ചിത്രം മാറുമെന്ന് സിപിഎം കണക്കു കൂട്ടി. കോണ്‍ഗ്രസ് ശക്തികേന്ദ്രമായ മൂര്‍ഷിദാബാദില്‍ കോണ്‍ഗ്രസ് ഇഷ്ടത്തോടെ നല്‍കിയ സീറ്റില്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം മല്‍സരിച്ചു. ജയിക്കുമെന്ന അവകാശവാദവും ഉണ്ടായി. കഴിഞ്ഞ തവണ വെവ്വേറെ മല്‍സരിച്ച സമയത്ത് സിപിഎമ്മിന് കിട്ടിയതിന്റെ ഇരട്ടി വോട്ട് അവിടെ കോണ്‍ഗ്രസിന് ഉണ്ടായിരുന്നു. എന്നിട്ടും കോണ്‍ഗ്രസ് സീറ്റ സിപിഎമ്മിന് നല്‍കി. പക്ഷേ ഫലം വന്നപ്പോഴോ സലിം തോറ്റത് 1.6 ലക്ഷം വോട്ടിനായിരുന്നു.
ജെഎന്‍യു എസ്എഫ്‌ഐ നേതാവ് ദീപ്‌സിത ധര്‍ മല്‍സരിച്ച സെറാംപൂരില്‍ മാത്രമാണ് സിപിഎം 16.2 ശതമാനം വോട്ട് നേടിയത്.

ദീപ്‌സിത ധര്‍

കൊല്‍ക്കത്ത സൗത്തില്‍ മല്‍സരിച്ച സിപിഎം സ്ഥാനാര്‍ഥി, പ്രശസ്ത നടന്‍ നസിറുദ്ദീന്‍ ഷായുടെ സഹോദര പുത്രിയായ സൈറ ഷാ ഹാലിം 13.55 ശതമാനം വോട്ടും നേടി. ജാദവ് പൂരില്‍ മല്‍സരിച്ച ശ്രീജന്‍ ഭട്ടാചാര്യക്കും 16.5 ശതമാനം വോട്ട് നേടാന്‍ കഴിഞ്ഞത് ആശ്വാസമായി.
എന്നാല്‍ ഞെട്ടിക്കുന്ന യാഥാര്‍ഥ്യം ഇതല്ല. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍-ഇടത് സഖ്യം നേടിയതിനെക്കാളും വോട്ടുകള്‍ ഇത്തവണ നേടാനായില്ല എന്നതാണ്. 23 സീറ്റില്‍ സിപിഎമ്മും 12 സീറ്റില്‍ കോണ്‍ഗ്രസും ചേര്‍ന്ന് മല്‍സരിച്ച ബംഗാളില്‍ ഇത്തവണ സഖ്യത്തിന് കിട്ടിയത് 6.14 ശതമാനം വോട്ടാണ് കിട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തവണ ഇത് 7.51 ശതമാനമായിരുന്നുവത്രേ. മൂര്‍ഷിദാബാദില്‍ മുഹമ്മദ് സലിം രണ്ടാം സ്ഥാനത്ത് എത്തി എന്നതാണ് ബംഗാളില്‍ സിപിഎമ്മിന് ആശ്വാസം നല്‍കുന്ന ഏക മല്‍സരം.

വോട്ടുകള്‍ കുറയുന്നതിന് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്ന കാരണം, ഇപ്പോഴും സിപിഎം അനുഭാവികളുടെ വോട്ട് ബിജെപിക്ക് പോകുന്നു എന്നതാണ്. റാലികളിലും പ്രകടനത്തിലും വന്‍ ആള്‍ക്കൂട്ടം ഉണ്ടാകും. പക്ഷേ വോട്ട് കിട്ടില്ല. മമതയുടെ പാര്‍ടിയുടെ ആക്രമണോല്‍സുകതയെ എതിര്‍ക്കാന്‍ സ്വന്തം പാര്‍ടിക്ക് കെല്‍പില്ലാതാകുന്നു എന്ന വിചാരത്തില്‍ മമതയ്ക്ക് പണി കൊടുക്കാന്‍ കെല്‍പുള്ള, നേര്‍ക്കു നേര്‍ എതിര്‍ക്കാന്‍ ശേഷിയുള്ള ബിജെപിയിലേക്ക് ഇടതുപക്ഷം വോട്ട് നല്‍കുന്നു എന്ന രാഷ്ട്രീയ വൈചിത്ര്യം ബംഗാളില്‍ ആവര്‍ത്തിക്കുന്നു എന്ന് സംശയിക്കപ്പെടുന്നു. വോട്ടു ചോര്‍ച്ച തടയാന്‍ സിപിഎമ്മിന് മൂന്ന് തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞിട്ടും സാധിക്കുന്നില്ല.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick