സംസ്ഥാനത്തിന് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജും വിഴിഞ്ഞം ഇൻ്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന് കേന്ദ്രത്തിൽ നിന്ന് പ്രത്യേക സഹായവും ഉൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമനെ ഡൽഹിയിൽ സന്ദർശിച്ചു നിവേദനം നൽകി.
ദേശീയ പാതകൾക്കായുള്ള സ്ഥലമെടുപ്പിന് ചെലവാകുന്ന തുക അധികമായി കണക്കാക്കി കടമെടുപ്പ് പരിധിയിൽ മുൻകാല പ്രാബല്യം ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളും കേരള സർക്കാർ ആവശ്യപ്പെട്ടു.
എൻഎച്ച് വീതി കൂട്ടുന്നതിനുള്ള ഭൂമി ഏറ്റെടുക്കൽ ചെലവിൻ്റെ 25 ശതമാനം ചെലവഴിച്ച ഏക സംസ്ഥാനം കേരളമായിരിക്കാമെന്നും മെമ്മോറാണ്ടത്തിൽ പറയുന്നു. 6,769 കോടി രൂപയാണ് ഇതിനായി അനുവദിച്ച തുക. സംസ്ഥാനം കിഫ്ബി വഴി ഇതിനകം 5,580 കോടി രൂപ ചെലവഴിച്ചു. വാർഷിക കടമെടുക്കൽ പരിധിയിൽ നിന്ന് വെട്ടിക്കുറയ്ക്കുന്നതിനാണ് ഈ തുക കണക്കാക്കിയിരിക്കുന്നത്. അതിനാൽ വൻകിട മൂലധന പദ്ധതികളെ പിന്തുണയ്ക്കുന്നതിന് സംസ്ഥാനത്തിന് ഇത് ഒരു തടസമായി മാറുന്നു.- മെമ്മോറാണ്ടത്തിൽ പറയുന്നു.