ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാർഖണ്ഡ്ഹൈക്കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു. സോറൻ മെയ് 27 ന് ജാമ്യം തേടി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. രാഷ്ട്രീയ പകപോക്കലിൻ്റെ ഭാഗമായി ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തനിക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് ചുമത്തിയതാണെന്നും ഭൂമി കൈയേറ്റ ആരോപണങ്ങൾ കള്ളമാണെന്നും സോറൻ ശക്തമായി വാദിച്ചു.
ജാർഖണ്ഡ് മുക്തി മോർച്ച നേതാവ് ഹേമന്ത് സോറൻ, ഐഎഎസ് ഉദ്യോഗസ്ഥനും റാഞ്ചി മുൻ ഡെപ്യൂട്ടി കമ്മീഷണറുമായ ഛവി രഞ്ജൻ, ഭാനു പ്രതാപ് പ്രസാദ് എന്നിവരടക്കം 25 ലധികം പേരെ ഈ അന്വേഷണത്തിൻ്റെ ഭാഗമായി ഇഡി അറസ്റ്റ് ചെയ്തു. റാഞ്ചിയിലെയും കൊൽക്കത്തയിലെയും ഭൂമിയുടെ രേഖകൾ തിരുത്തുന്നതിൽ ഉൾപ്പെട്ട ഭൂമാഫിയയുടെ ഒരു റാക്കറ്റ് ജാർഖണ്ഡിൽ സജീവമാണ്.
സോറൻ ഈ കേസിലെ മുഖ്യപ്രതിയുമായും റവന്യൂ വകുപ്പ് മുൻ സബ് ഇൻസ്‌പെക്ടർ ഭാനു പ്രതാപ് പ്രസാദുമായും ചേർന്ന് റാഞ്ചിയിൽ 22.61 കോടി രൂപ വില വരുന്ന 4.83 ഏക്കർ ഭൂമി സ്വന്തമാക്കാൻ വ്യാജ രേഖ തയ്യാറാക്കി സർക്കാർ രേഖകളിൽ കൃത്രിമം കാട്ടിയെന്നാണ് ആരോപണം. റാഞ്ചിയിലെ ബാർഗെയ്ൻ ഏരിയയിൽ സോറൻ അനധികൃതമായി സമ്പാദിച്ച 8.86 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പ്ലോട്ടുകൾ ഉൾപ്പെടെ 266 കോടി രൂപ വിലമതിക്കുന്ന ഭൂമി, ഏജൻസി അറ്റാച്ച് ചെയ്യുകയും നാല് കുറ്റപത്രങ്ങൾ സമർപ്പിക്കുകയും ചെയ്തു.