ബിജെപി കൊട്ടിഗ്‌ഘോഷിച്ചു പടുത്തുയര്‍ത്തിയ ക്ഷേത്രനഗരം അയോധ്യ ഇന്ന് വികലമായ നിര്‍മാണ പ്രവര്‍ത്തനത്താല്‍ അടിസ്ഥാന സൗകര്യങ്ങളുടെ ദയനീയതയില്‍ വിലപിക്കുന്നു. അയോധ്യയില്‍ പെയ്ത മഴയാണ് എല്ലാം വെളിപ്പെടാന്‍ കാരണമായത്. ശ്രീരാമ ജന്മഭൂമിയില്‍ പടുത്തുയര്‍ത്തിയ ക്ഷേത്രസമുച്ചയം രാജ്യത്തിന്റെ അഭിമാനമായി ഉയര്‍ത്തിക്കാട്ടി വോട്ട് പിടിക്കാന്‍ തിടുക്കത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തപ്പോള്‍ മറന്നു പോയത് നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ എങ്ങിനെയുണ്ട് എന്ന കാര്യമായിരുന്നു. മഴവെള്ളം ആര്‍ത്തലച്ചെത്തിയപ്പോള്‍ ജനജീവിതം ക്ഷേത്രനഗരത്തില്‍ ദുരിതമയമാണെന്ന് റിപ്പോര്‍ട്ടുകള്‍ പതുക്കം പുറത്തു വരുന്നു. ക്ഷേത്രം തന്നെ ചോരുന്നുവെന്ന വാര്‍ത്ത പുറത്തുവന്നെങ്കിലും ക്ഷേത്രനഗരത്തിലെ ദയനീയതകള്‍ ഇപ്പോഴും മാധ്യമങ്ങളുടെ പ്രധാന ഫോക്കസില്‍ എത്തിയിട്ടില്ല.
അയോധ്യയിൽ ഒരുക്കിയ സജ്ജീകരണങ്ങളുടെ യഥാർത്ഥ മുഖം മൺസൂണിന്റെ വരവ് അറിയിച്ച് ബുധനാഴ്ച പെയ്ത മഴ തുറന്നുകാട്ടി. പുതുതായി നിർമ്മിച്ച അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയ്ക്കും റോഡുകളുടെ തകർച്ചയ്ക്കും തെരുവുകളിലെ വെള്ളപ്പൊക്കത്തിനും മഴ കാരണമായി. തിടുക്കത്തിലുള്ളതും യാഥാര്‍ഥ്യബോധമില്ലാത്തതുമായ നിര്‍മാണങ്ങളാണ് മഴയോടെ തകര്‍ന്നു പോയത്. ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡായ 13 കിലോമീറ്റർ നീളമുള്ള “രാംപഥി”ന്റെ
ൻ്റെ യാഥാർഥ്യം മഴ വെളിപ്പെടുത്തി. തിടുക്കത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിയതാണ് റോഡുകൾ തകരാൻ കാരണമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു.
വെള്ളിയാഴ്ച വൈകി ഉത്തർപ്രദേശ് സർക്കാർ പൊതുമരാമത്ത് വകുപ്പിലെയും ജൽ നിഗത്തിലെയും മൂന്ന് എഞ്ചിനീയർമാരെ വീതം സസ്പെൻഡ് ചെയ്തിരിക്കയാണ്. റോഡിൻ്റെ തകർച്ചയുമായി ബന്ധപ്പെട്ട് എക്‌സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റൻ്റ് എൻജിനീയർ, ജൂനിയർ എൻജിനീയർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
കനത്ത മഴയെത്തുടർന്ന് ക്ഷേത്രനഗരത്തിൻ്റെ ചില ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടായി, നാട്ടുകാരും വിനോദസഞ്ചാരികളും നഗരത്തിലൂടെ കടന്നുപോകാൻ കണങ്കാൽ ആഴത്തിലുള്ള വെള്ളത്തിൽ നടക്കേണ്ടി വന്നു. അയോധ്യയിലെ പ്രദേശവാസികൾക്ക് ഈ വെള്ളക്കെട്ട് ഒരു വാർഷിക പ്രതിഭാസമാണ്. മുനിസിപ്പൽ കോർപ്പറേഷൻ്റെ വികലമായ ആസൂത്രണത്തിന്റെ ഉദാഹരണം ആണ് ഇവിടുത്തെ ശോച്യാവസ്ഥ. പക്ഷേ, ഏറെ ഘോഷിച്ച് അയോധ്യയുടെ വികസനം പ്രഖ്യാപിച്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എല്ലാം വാക്കുകളില്‍ മാത്രം ഒതുക്കിയെന്നതിന്റെ സൂചന കൂടിയാണ് രാമക്ഷേത്രം തുറന്നതിനു ശേഷവും തുടരുന്ന വെള്ളപ്പൊക്കവും റോഡുകളുടെ തകര്‍ച്ചയും ഓടകളുടെ ഇല്ലായ്മകളും.
“മെറ്റാലിക് റോഡിന് താഴെയുള്ള മണ്ണിൻ്റെ പാളികൾ ശരിയായി അമരാനും സ്വാഭാവികമായി ദൃഢമാകാനും കുറച്ച് സമയമെടുക്കും. എന്നാൽ ഉദ്‌ഘാടന സമയത്ത് നിർമ്മാണ പ്രവർത്തനങ്ങൾ തിടുക്കത്തിൽ നടന്നതിനാൽ, താഴെയുള്ള മണ്ണ് ഉറപ്പിക്കാൻ സമയമുണ്ടായില്ല . ”–പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മുതിർന്ന പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. അതേസമയം, റോഡ് നിർമിച്ച സ്ഥാപനവുമായി അഞ്ചുവർഷത്തെ കരാർ പ്രകാരമാണ് രാംപാതയുടെ നിർമാണം നടന്നതെന്നതിനാൽ, റോഡിൻ്റെ തകരാർ നിർമാണ സ്ഥാപനം തന്നെ അറ്റകുറ്റപ്പണി നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ വ്യക്തമാക്കി.
ക്ഷേത്രത്തിൻ്റെ ശ്രീകോവിലിലെ ചോർച്ച വാർത്തകളിൽ ഇടംപിടിച്ചെങ്കിലും പിന്നീട് ഈ വാദം ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് നിഷേധിച്ചു. ശ്രീകോവില്‍ ചോരുന്നുവെന്നും അഴുക്കുചാല്‍ സംവിധാനമില്ലെന്നും ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ തന്നെയാണ് പുറത്തു പറഞ്ഞത്.
ഈ വർഷം ജനുവരിയിൽ രാം ലല്ലയുടെ പ്രതിഷ്ഠാ ചടങ്ങിന് ശേഷം കൂണുപോലെ മുളച്ചുപൊങ്ങിയ വീടുകളിലും നിരവധി അതിഥി മന്ദിരങ്ങളിലും ഹോം സ്‌റ്റേകളിലും വെള്ളം കയറിയതായി ക്ഷേത്രപരിസരത്തോട് ചേർന്നുള്ള പ്രദേശങ്ങളിലെ നാട്ടുകാർ പറയുന്നു. തെരുവുകൾ വെള്ളത്തിനടിയിലാണ്. ഇത്തവണ വെള്ളക്കെട്ട് വൻതോതിൽ എത്തുന്ന വിനോദസഞ്ചാരികളുടെയും ഭക്തരുടെയും താമസം ദുഷ്കരമാക്കുന്നു. ഗസ്റ്റ് ഹൗസുകളിലും ഹോംസ്‌റ്റേകളിലും പ്രതിദിനം 2,000-2,500 അതിഥികൾ എത്തുന്നുണ്ടെന്ന് ഹോംസ്റ്റേ ഉടമയായ നിരങ്കർ തിവാരി മാധ്യമത്തോട് പറഞ്ഞു . വെള്ളക്കെട്ടുള്ള പാതകളിലൂടെ സഞ്ചരിക്കാൻ ഫോർ വീലറുകൾ ക്കോ ഇ-റിക്ഷകൾ ക്കോ പറ്റാത്തതിനാൽ പുറത്തുനിന്നുള്ളവർക്ക് യാത്ര ദുഷ്‌കരമാണ്. രാമപാതയിൽ വെള്ളം കെട്ടിക്കിടക്കുന്നതിൻ്റെയും, പുതുതായി പുനഃസ്ഥാപിച്ച അയോധ്യ ധാം റെയിൽവേ സ്റ്റേഷൻ്റെ തകർന്ന മതിലിൻ്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുകയാണ്. മതിൽ തകർന്ന സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ സമാജ്‌വാദി പാർട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിൻ്റെ രൂക്ഷ വിമർശനമാണ് ഉയർന്നത്. കഴിഞ്ഞ വർഷം രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നോടിയായി നവീകരിച്ച അയോധ്യ റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത് . ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, ഫുഡ് പ്ലാസകൾ, പൂജാ സാധനങ്ങൾക്കുള്ള കടകൾ, ക്ലോക്ക്റൂമുകൾ, ശിശു സംരക്ഷണ മുറികൾ തുടങ്ങിയ സൗകര്യങ്ങളുള്ള ബഹുനില കെട്ടിടമാണ് സ്റ്റേഷൻ. സ്‌റ്റേഷന്‍ മതില്‍ തകര്‍ന്നത് പുതിയ ക്ഷേത്രനഗര വികസനത്തിലെ അപാകത കൊണ്ടല്ലെന്ന് വ്യാഖ്യാനിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. റെയില്‍വേ വകുപ്പിന്റെ പഴയ സ്റ്റേഷന്‍ ഏരിയയിലാണ് മതിലെന്നും സ്വകാര്യവ്യക്തിയുടെ കുഴിയെടുപ്പു മൂലം വെള്ളം കയറിയതാണ് മതില്‍ തകര്‍ച്ചയ്ക്ക് കാരണമെന്നുമുള്ള വാദം കേന്ദ്രസര്‍ക്കാരിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വിശദീകരിക്കുന്നു.