അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് (അമ്മ) പ്രസിഡൻ്റായി തുടർച്ചയായി മൂന്നാം തവണയും മോഹൻലാൽ തുടരും. ട്രഷററായി നടൻ ഉണ്ണി മുകുന്ദൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഭരണസമിതിയിൽ കമ്മിറ്റി അംഗമായിരുന്നു ഉണ്ണി മുകുന്ദൻ. സിദ്ദിഖിന്റെ പിൻഗാമിയായിട്ടാണ് ഉണ്ണി മുകുന്ദൻ ട്രഷറർ സ്ഥാനത്തേക്ക് എത്തുന്നത്. 2024 മുതൽ 2027 വരെ മൂന്ന് വർഷമാണ് കാലാവധി.
കുക്കു പരമേശ്വരൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല എന്നിവർ മോഹൻലാലിനെതിരെ മത്സരിക്കാൻ തയ്യാറായിരുന്നു എന്നാണ് വിവരം. എന്നാൽ , സംഘടനയിൽ നിന്നുതന്നെ കടുത്ത എതിർപ്പ് ഉയർന്നതിനെ തുടർന്ന് മൂവരും പിന്മാറുകയായിരുന്നത്രേ.

വൈസ് പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി എന്നീ തസ്തികകളിലേക്ക് മത്സരം ഉണ്ട്. ജൂൺ 30 ന് കൊച്ചിയിലാണ് തിരഞ്ഞെടുപ്പ്. സിദ്ദിക്ക്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികൾ.രണ്ട് പതിറ്റാണ്ടിലധികമായി ജനറൽ സെക്രട്ടറി സ്ഥാനത്തുള്ള ഇടവേള ബാബു ഇത്തവണ ഭാരവാഹിയാകാൻ ഇല്ലെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.