അസംബ്ലി, ലോക്സഭാ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടന്ന നാല് സംസ്ഥാനങ്ങളിൽ രണ്ടെണ്ണം അരുണാചൽ പ്രദേശും സിക്കിമും (ആന്ധ്രപ്രദേശും ഒഡീഷയും മറ്റ് രണ്ട് സംസ്ഥാനങ്ങൾ ) തങ്ങളുടെ നിലവിലുള്ള സർക്കാരുകളെ വീണ്ടും തിരഞ്ഞെടുത്തു. അരുണാചൽ പ്രദേശിൽ തുടർച്ചയായ മൂന്നാം തവണയും ബിജെപി അധികാരത്തിൽ തിരിച്ചെത്തി, സിക്കിമിലും നിലവിലെ സർക്കാർ അധികാരത്തിൽ തുടരാൻ ആണ് ജനവിധി ഉണ്ടായത്.

അരുണാചൽ പ്രദേശിൽ ആകെയുള്ള 60ൽ 44 സീറ്റുകളും നേടിയാണ് പേമ ഖണ്ടുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തുടർച്ച നേടിയത്. 2019-നെ അപേക്ഷിച്ച് അഞ്ച് സീറ്റ് കൂടുതല്‍ നേടിയാണ് വിജയം. മുഖ്യമന്ത്രി പേമ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചൗന മേയും ഉൾപ്പെടെ 10 പാർട്ടി സ്ഥാനാർത്ഥികൾ മാർച്ചിൽ തന്നെ എതിരില്ലാതെ വിജയിച്ചിരുന്നു.

2019 ലെ പൊതുതിരഞ്ഞെടുപ്പിൽ എസ്.കെ.എം. 17 സീറ്റുകൾ നേടി 25 വർഷത്തിനു ശേഷം സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് പാർട്ടിയെ അധികാരത്തിൽ നിന്ന് താഴെയിറക്കിയിരുന്നു..
അരുണാചലിലെ പ്രധാനപ്പെട്ട പാര്‍ടിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ടിക്ക് അഞ്ച് സീറ്റും, എന്‍.സി.പി.ക്ക് മൂന്ന് സീറ്റും പീപ്പിള്‍സ് പാര്‍ടി ഓഫ് അരുണാചല്‍-ന് രണ്ടു സീറ്റും നേടിയപ്പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമാണ് കിട്ടിയത്.

സിക്കിമിൽ 32 അംഗ നിയമസഭയിൽ 2019ൽ 17 സീറ്റുകളുമായി നേരിയ വിജയം നേടിയ സിക്കിം ക്രാന്തികാരി മോർച്ച (എസ്കെഎം) 31 സീറ്റുകളോടെ ഇത്തവണ മികച്ച വിജയം നേടി. പാർട്ടി വൻ വിജയം നേടിയതിൽ സിക്കിം ക്രാന്തികാരി മോർച്ച മേധാവി പ്രേം സിംഗ് തമാംഗ്, എസ്കെഎം പ്രവർത്തകർക്കും സംസ്ഥാനത്തെ ജനങ്ങൾക്കും നന്ദി പറഞ്ഞു. കഠിനാധ്വാനവും തൻ്റെ സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസവുമാണ് വിജയം സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.