കോൺഗ്രസ് സംസ്ഥാന ഘടകവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ചൗധരി പറഞ്ഞു, “ഞാൻ ഒരു താൽക്കാലിക സംസ്ഥാന കോൺഗ്രസ് പ്രസിഡൻ്റാണ്. മുഴുവൻ സമയ പ്രസിഡൻ്റിനെ ഉടൻ തിരഞ്ഞെടുക്കും.” എന്നാൽ അദ്ദേഹത്തിൻ്റെ രാജി സ്വീകരിച്ചോ എന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിൻ്റെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. അദ്ദേഹത്തിൻ്റെ പിൻഗാമി ആരാകുമെന്ന ഊഹാപോഹങ്ങൾ ഇതിനോടകം ഉയർന്നിട്ടുണ്ട്.
മുർഷിദാബാദിലെ ബെർഹാംപൂർ മണ്ഡലത്തിൽ നിന്ന് അഞ്ച് തവണ ലോക്‌സഭാ എംപിയായ അധീർ ചൗധരിയെ തൃണമൂൽ കോൺഗ്രസിൻ്റെ സെലിബ്രിറ്റി സ്ഥാനാർത്ഥിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസഫ് പത്താൻ പരാജയപ്പെടുത്തിയിരുന്നു .
തൃണമൂലുമായുള്ള കോൺഗ്രസ് ബന്ധത്തെച്ചൊല്ലി പാർട്ടിയുടെ ഹൈക്കമാൻഡുമായുള്ള ചൗധരിയുടെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള വാർത്തകൾ കുറച്ച് കാലമായി പ്രചരിക്കുന്നുണ്ട്. കോൺഗ്രസിൻ്റെ രാജ്യസഭാംഗവും മുൻ കേന്ദ്ര ധനമന്ത്രിയുമായ പി ചിദംബരം മുഖ്യമന്ത്രി മമത ബാനർജിയുമായി 35 മിനിറ്റ് കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ചൗധരി തന്റെ രാജിക്കാര്യം പ്രഖ്യാപിച്ചത്.