ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് തുടർച്ചയായ മൂന്നാം തവണയും വിജയിച്ച തെലുങ്കുദേശം പാർട്ടിയുടെ കിഞ്ജരപ്പു റാം മോഹൻ നായിഡുവിനെ തിങ്കളാഴ്ച കേന്ദ്ര വ്യോമയാന മന്ത്രിയായി നിയമിച്ചു. 36 വയസ്സുള്ള റാം മോഹൻ നായിഡു കേന്ദ്രമന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണ്. ബിജെപി വീണ്ടും അധികാരത്തിലെത്തുന്നതിൽ ടിഡിപി പ്രധാന പങ്കുവഹിച്ചതിനുള്ള അംഗീകാരം കൂടിയാണ് ഇത് വഴി മോദി സമ്മാനിച്ചത്.
മുൻപ് കോൺഗ്രസ് ഭരണത്തിൽ മാധവ് റാവു സിന്ധ്യയും കഴിഞ്ഞ മോദി ക്യാബിനറ്റിൽ ജ്യോതിരാദിത്യ സിന്ധ്യയും കൈകാര്യം ചെയ്ത സുപ്രധാന വകുപ്പ് ആണ് ക്യാബിനെറ്റിലെ “ബേബി”ക്ക് നൽകിയിരിക്കുന്നത്.
മുൻ കേന്ദ്രമന്ത്രി കെ യേരൻ നായിഡുവിൻ്റെ മകനായ അദ്ദേഹം പർഡ്യൂ യൂണിവേഴ്‌സിറ്റിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് പഠിക്കുകയും ലോംഗ് ഐലൻഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു. തുടക്കത്തിൽ സിംഗപ്പൂരിൽ കരിയർ പരിഗണിച്ചിരുന്ന റാം മോഹൻ 2012 ൽ ഒരു റോഡപകടത്തിൽ പിതാവിൻ്റെ മരണത്തെ തുടർന്ന് ജന്മനാട്ടിലേക്ക് മടങ്ങുകയായിരുന്നു.
2014-ൽ 26 വയസ്സിൽ അദ്ദേഹം തൻ്റെ ആദ്യ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചു . അക്കാലത്ത് ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ പാർലമെൻ്റ് അംഗമായിരുന്നു ഇദ്ദേഹം . 2019-ൽ അദ്ദേഹം വീണ്ടും വിജയിച്ചു. യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടിയുടെ തിലക് പേരടയ്‌ക്കെതിരെ 3,27,901 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണത്തെ വിജയം.













