ധാര്‍ഷ്ട്യവും ധൂര്‍ത്തുമാണ് കേരളത്തില്‍ ഭരണവിരുദ്ധവികാരം സൃഷ്ടിച്ച് ഇടതു പക്ഷത്തിന്റെ പരാജയത്തിന് കാരണമായതെന്നും ഇത് തുടര്‍ന്നാല്‍ ഇതിലും വലിയ തിരിച്ചടികളാണ് കാത്തിരിക്കുന്നതെന്നും ഓര്‍ത്തഡോക്‌സ് സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് സമൂഹമാധ്യമക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
മുന്‍ മെത്രാപ്പോലീത്തയുടെ കുറിപ്പില്‍ നിന്ന്:
“കേരളത്തില്‍ ഇടതുപക്ഷത്തിന് ഉണ്ടായ തകര്‍ച്ചയുടെ പ്രധാന കാരണങ്ങളില്‍ ഒന്ന് നിലവിലുള്ള അതിശക്തമായ ഭരണവിരുദ്ധ വികാരമാണ്. സിപിഎം എത്ര നിഷേധിക്കുവാന്‍ ശ്രമിച്ചാലും അത് ഒരു യാഥാര്‍ത്ഥ്യമാണ്. സാമ്പത്തിക നയങ്ങളിലെ പരാജയം, അച്ചടക്കം ഇല്ലായ്മ, ധൂര്‍ത്ത്, മോശമായ പൊലിസ് നയങ്ങള്‍, മാധ്യമ വേട്ട, സഹകരണ ബാങ്കുകളില്‍ ഉള്‍പ്പെടെ നടന്ന അഴിമതികള്‍, പെന്‍ഷന്‍ മുടങ്ങിയത് അടക്കം പാവപ്പെട്ടവരെ അവഗണിച്ചുള്ള നീക്കങ്ങള്‍, വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത, മത -സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങള്‍, വലതു വല്‍ക്കരണ നയങ്ങള്‍, തുടങ്ങിയ നിരവധി കാരണങ്ങള്‍ ഈ തോല്‍വിക്ക് നിദാനം ആണ്”.













